29 September, 2019 04:56:47 PM


ക്ഷേത്രോപദേശക സമിതിയുടെ പരാതിയില്‍ പരിഷ്കാരം പിന്‍വലിപ്പിച്ചു; ഏറ്റുമാനൂര്‍ വീണ്ടും കുരുക്കില്‍



ഏറ്റുമാനൂര്‍: മാസങ്ങള്‍ക്ക് മുമ്പ് ഏറ്റുമാനൂര്‍ നഗരത്തില്‍ പോലീസ് നടപ്പാക്കിയ ഗതാഗതപരിഷ്കാരം പിന്‍വലിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പട്ടണം എന്ന പേര് വീണ ഏറ്റുമാനൂരില്‍ വണ്‍വേ ട്രാഫിക്കോടുകൂടി പുതിയ പരിഷ്കാരം നടപ്പാക്കിയത് കഴിഞ്ഞ നവംബറിലാണ്. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ പരിഷ്കാരം പിന്‍വലിച്ചതെന്ന് ഏറ്റുമാനൂര്‍ പോലീസ് എസ്എച്ച്ഓ എ.ജെ.തോമസ് അറിയിച്ചു.


നഗരത്തില്‍ നിന്നും പാലാ, പേരൂര്‍ ഭാഗങ്ങളിലേക്കുള്ള ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ എം.സി.റോഡില്‍ പടിഞ്ഞാറെനടയില്‍ നിന്നും ടെമ്പിള്‍ റോഡിലൂടെ തിരിച്ചുവിട്ടായിരുന്നു പുതിയ പരിഷ്കാരം. പാലാ റോഡിലും പേരൂര്‍ റോഡിലുമുള്ള ബസ് സ്റ്റോപ്പുകളും ഇതിന്‍റെ ഭാഗമായി പുനക്രമീകരിച്ചിരുന്നു. എം.സി.റോഡിലൂടെ മൂവാറ്റുപുഴ ഭാഗത്തുനിന്നും വന്ന് പാലാ, പേരൂര്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ തവളക്കുഴിയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പോകുന്നതിനും നിര്‍ദ്ദേശിച്ചിരുന്നു. ടെമ്പിള്‍ റോഡിലൂടെ വണ്‍വേ സിസ്റ്റം ഏര്‍പ്പെടുത്തിയതോടെ നഗരത്തില്‍ അനുഭവപ്പെട്ടിരുന്ന കുരുക്ക് പകുതിയിലേറെയും കുറയുകയും ചെയ്തു. 


ദേവസ്വം ബോര്‍ഡിനെ അറിയിക്കാതെയാണ് ടെമ്പിള്‍ റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടതെന്നും പുതിയ പരിഷ്കാരം ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നുമായിരുന്നു ഉപദേശകസമിതിയുടെ പരാതി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉപദേശകസമിതി സെക്രട്ടറി കെ.എന്‍.ശ്രീകുമാര്‍ ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മീഷണര്‍ എ.എസ്.പി.കുറുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നല്‍കിയ  കേസിലാണ് ഗതാഗതസംവിധാനം പഴയപടിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.


ശബരിമല ഇടത്താവളവളത്തിലെ പ്രശ്നങ്ങളും മറ്റും ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ഏറ്റുമാനൂരില്‍ നടന്ന അവലോകന യോഗത്തില്‍ ഗതാഗതക്കുരുക്ക് ചര്‍ച്ചയായിരുന്നു. യോഗത്തിനു ശേഷം അന്നത്തെ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ചാണ് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തിയത്. മന്ത്രി വിളിച്ചുകൂട്ടിയ യോഗത്തില്‍ ദേവസ്വം പ്രതിനിധികളും ഉപദേശകസമിതി ഭാരവാഹികളും പങ്കെടുത്തിരുന്നു.


ക്ഷേത്രദര്‍ശനത്തിന് ശേഷം വാഹനങ്ങളില്‍ എം.സി.റോഡിലേക്ക് പ്രവേശിക്കേണ്ട ഭക്തര്‍ പേരൂര്‍ കവല, സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി ചുറ്റികറങ്ങുന്നതിലുള്ള ബുദ്ധിമുട്ടാണ് ഉപദേശക സമിതി ചൂണ്ടികാട്ടിയത്. എന്നാല്‍ ക്ഷേത്രമൈതാനത്തിന്‍റെ സ്ഥിരമായി പൂട്ടിയിട്ടിരിക്കുന്ന വടക്കേ ഗേറ്റ് തുറന്നുകൊടുത്താല്‍ വാഹനങ്ങള്‍ക്ക് അതുവഴി ഏറ്റവും എളുപ്പം എം.സി.റോഡില്‍ പ്രവേശിക്കാനാവും. അതിന് തയ്യാറാവാതെയാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ് നടത്തിയ ശ്രമത്തിനെതിരെ ഉപദേശകസമിതി നീങ്ങിയതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. 


ക്ഷേത്രമൈതാനത്തിന്‍റെ കവാടം മുതല്‍ പേരൂര്‍ കവല വരെയുള്ള ടെമ്പിള്‍ റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റേതാണ്. എം.സി.റോഡില്‍നിന്നും ക്ഷേത്രമൈതാനത്തിന്‍റെ കവാടം വരെയുള്ള 90 മീറ്റര്‍ നീളത്തില്‍ വീതി കുറഞ്ഞ റോഡ് മാത്രമാണ് ദേവസ്വത്തിന്‍റേതായി ഉള്ളത്. എന്നാല്‍ ഈ റോഡിന്‍റെ അറ്റകുറ്റപണികളും ടാറിംഗും കാലാകാലങ്ങളായി നടത്തിവരുന്നത് പൊതുമരാമത്ത് വകുപ്പാണ്. ഏറ്റവും ഒടുവില്‍ അ‍‍ഡ്വ.കെ.സുരേഷ് കുറുപ്പിന്‍റെ ഫണ്ടില്‍നിന്നുള്ള തുക ഉപയോഗിച്ചാണ് റോഡ് ആധുനികരീതിയില്‍ ടാര്‍ ചെയ്തത്.


ഈ സാഹചര്യം നിലനില്‍ക്കെയാണ് ഗതാഗതപരിഷ്കാരം തങ്ങളെ അറിയിച്ചില്ലെന്ന നിലപാടുമായി ദേവസ്വം രംഗത്തെത്തിയതും ഹൈക്കോടതിയില്‍നിന്നും അനുകൂലവിധി സമ്പാദിച്ചതും. ഹൈക്കോടതി വിധിയെ തുടര്‍ന്ന് പേരൂര്‍കവലയില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ പോലീസ് നീക്കം ചെയ്തു. ഭാരവണ്ടികള്‍ ഉള്‍പ്പെടെ പാലാ റോഡിലൂടെ തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങുകയും ബസ് സ്റ്റോപ്പുകള്‍ വീതി കുറഞ്ഞ റോഡുകളിലേക്ക് പഴയപടി മാറ്റുകയും ചെയ്തതോടെ നഗരം വീണ്ടും വന്‍ഗതാഗതക്കുരുക്കിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K