26 September, 2019 06:19:31 AM
നാടോടികളെ ഒഴിപ്പിക്കണമെന്ന് പോലീസിനോട് നഗരസഭ; അത് നഗരസഭയുടെ ജോലിയെന്ന് പോലീസ്

ഏറ്റുമാനൂര്‍: നഗരത്തില്‍ തമ്പടിച്ചിരിക്കുന്ന നാടോടികളെ ഒഴിപ്പിക്കണമെന്നും പുനരധിവാസത്തിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നഗരസഭ പോലീസിനോട്. എന്നാല്‍ ഇതൊന്നും തങ്ങളുടെ ജോലിയല്ലെന്നും നഗരസഭയുടെ ചുമതലകളാണ് ഇവയോക്കെയെന്നും പോലീസ്. ഏറ്റുമാനൂരിലാണ് ഇരു ഓഫീസുകളും തമ്മിലുള്ള തര്‍ക്കം എഴുത്തുകുത്തുകളായി മാറിയത്. നഗരസഭാ കാര്യാലയത്തിനോട് ചേര്‍ന്ന് ചിറക്കുളത്തിന് ചുറ്റും തമ്പടിച്ചിരിക്കുന്ന നാടോടികൂട്ടങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ 24നാണ് സെക്രട്ടറി എന്‍.കെ.വൃജ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എന്ന വിലാസത്തില്‍ കത്ത് നല്‍കിയത്.

ഇതിനുള്ള മറുപടിയായി എസ്എച്ച്ഓ എ.ജെ.തോമസ് ബുധനാഴ്ച നല്‍കിയ കത്ത് നഗരസഭയ്ക്ക് തിരിച്ചടിയായി. സെക്രട്ടറി സൂചിപ്പിച്ച 'സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എന്ന പദവി 1-1-2018 മുതല്‍ നിര്‍ത്തലാക്കിയിട്ടുള്ളതാണെന്നുള്ള വിവരം അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു' എന്നായിരുന്നു സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ എ.ജെ.തോമസ് നല്‍കിയ കത്തിന്‍റെ തുടക്കം. മാത്രമല്ല കുടിയേറ്റം ഒഴിപ്പിക്കുന്നതും മറ്റും നഗരസഭാ സെക്രട്ടറിയുടെ ജോലിയാണെന്ന് കേരളാ മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷനുകള്‍ നിരത്തി കൊണ്ടാണ് എസ്എച്ച്ഓ മറുപടി നല്‍കിയത്. ഇരുവരുടെയും കത്തുകള്‍ ബുധനാഴ്ച ആ രാത്രി തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.


സെപ്തംബര്‍ 23ന് ചിറക്കുളത്തിന് സമീപം തമ്പടിച്ചിരിക്കുന്ന നാടോടികുടുംബത്തിലെ യുവതിയെ ഭര്‍ത്താവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇവിടെ മദ്യം- മയക്കുമരുന്ന് ഉപയോഗങ്ങളും കഞ്ചാവ് വില്‍പ്പനയും അനാശാസ്യപ്രവര്‍ത്തനങ്ങളും അതിക്രമിച്ചതിനാല്‍ ഇവരെ കുടിയൊഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു 24-ാം തീയതിയിലെ സെക്രട്ടറിയുടെ കത്ത്. ക്രമസമാധാനനില കാത്തു സൂക്ഷിക്കുന്നതിനും നഗരവാസികളുടെ സ്വൈര്യജീവിതം സംരക്ഷിക്കുന്നതിനും ഇവിടെ താമസിക്കുന്ന ആളുകളെ നഗരസഭാപരിധിയില്‍ നിന്നും മാറ്റണമെന്നായിരുന്നു സെക്രട്ടറിയുടെ ആവശ്യം. അഗതികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ നഗരസഭയില്‍ ലഭ്യമല്ലാത്തതിനാല്‍ ആയതിനുള്ള നടപടി സ്വീകരിക്കണമെന്നും സെക്രട്ടറി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
25ന് എസ്എച്ച്ഓ നല്‍കിയ മറുപടി കത്തില്‍ കേരളാ മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 22 (ഡി) പ്രകാരവും കേരളാ മുനിസിപ്പാലിറ്റി ആക്ട് ഫസ്റ്റ് ഷെഡ്യൂള്‍ സെക്ഷന്‍ 30 (എ) പ്രകാരവും അഗതികള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കേണ്ട ചുമതല താങ്കള്‍ക്കാണെന്ന് സെക്രട്ടറിയെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം ഓരോ ചുമതലയും സെക്ഷന്‍ തിരിച്ച് വിവരിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃതകുടിയേറ്റക്കാരെ ഒഴിപ്പിക്കേണ്ട ചുമതലയും സെക്രട്ടറിയ്ക്കാണെന്ന് ചൂണ്ടികാട്ടിയ എസ്എച്ച്ഓ ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിന് പോലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ ആവശ്യാനുസരണം നല്‍കാമെന്നും വ്യക്തമാക്കുന്നുണ്ട്.