26 September, 2019 05:14:44 AM
ഔദ്യോഗിക കത്തിടപാടുകള്‍ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമത്തില്‍; വിവരാവകാശത്തിന് മറുപടിയുമില്ല
ഏറ്റുമാനൂര്‍: നഗരസഭയുടെ രഹസ്യസ്വഭാവമുള്ള കത്തിടപാടുകള്‍ നിമിഷങ്ങള്‍ക്കകം വാട്സ് ആപ്പ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍. കഴിഞ്ഞ ദിവസം നഗരത്തിലെ നാടോടികൂട്ടങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ കത്തും അതിന് മറുപടിയായി എസ്എച്ച്ഓ സെക്രട്ടറിയ്ക്ക് നല്‍കിയ കത്തുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചാല്‍ പോലും വിവരങ്ങള്‍ നല്‍കാന്‍ മടി കാണിക്കുന്ന ഏറ്റുമാനൂരിലെ രണ്ട് കാര്യാലയങ്ങളാണ് പോലീസ് സ്റ്റേഷനും നഗരസഭയും. ഈ രണ്ട് ഓഫീസുകള്‍ തമ്മില്‍ കൈമാറിയ രണ്ട് കത്തുകളാണ് മണിക്കൂറുകള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
സെപ്തംബര്‍ 24നാണ് സെക്രട്ടറി എന്‍.കെ.വൃജ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എന്ന വിലാസത്തില്‍ കത്ത് നല്‍കിയത്. ഇതിനുള്ള മറുപടി എസ്എച്ച്ഓ എ.ജെ.തോമസ് നല്‍കിയത് ബുധനാഴ്ച. ആ രാത്രി തന്നെ ഇരുകത്തുകളും വാട്സ് ആപ്പിലെത്തുകയും ചെയ്തു. നഗരസഭയില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുവാനായി അന്വേഷണം നടത്തിയാല്‍ വിവരാവകാശനിയമപ്രകാരം കത്ത് നല്‍കിയാല്‍ ലഭ്യമാക്കാമെന്നാണ് സാധാരണ മറുപടി ലഭിക്കുക. ഇങ്ങനെ അപേക്ഷ സമര്‍പ്പിച്ചാല്‍ തന്നെയും കൃത്യം 30 ദിവസം കഴിഞ്ഞേ മറുപടി ലഭ്യമാക്കൂ. അതും തെറ്റായ ഉത്തരങ്ങള്‍ നല്‍കി വഴി തെറ്റിക്കും. അപ്പീലുമായി ചെന്നാല്‍ വീണ്ടും 30 ദിവസം. ഈ സാഹചര്യം നിലനില്‍ക്കെയാണ് നഗരസഭാ ഫയലില്‍ സൂക്ഷിക്കേണ്ട രണ്ട് കത്തുകളും മണിക്കൂറുകള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ എത്തിയത്.
സെപ്തംബര്‍ 23ന് ചിറക്കുളത്തിന് സമീപം തമ്പടിച്ചിരിക്കുന്ന നാടോടികുടുംബത്തിലെ യുവതിയെയാണ് ഭര്‍ത്താവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇവിടെ മദ്യം- മയക്കുമരുന്ന് ഉപയോഗങ്ങളും കഞ്ചാവ് വില്‍പ്പനയും അനാശാസ്യപ്രവര്‍ത്തനങ്ങളും അതിക്രമിച്ചതിനാല്‍ ഇവരെ കുടിയൊഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു 24-ാം തീയതിയിലെ സെക്രട്ടറിയുടെ കത്ത്. അഗതികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ നഗരസഭയില്‍ ലഭ്യമല്ലാത്തതിനാല്‍ ആയതിനുള്ള നടപടി സ്വീകരിക്കണമെന്നും സെക്രട്ടറി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് എന്ന പദവി 1-1-2018 മുതല്‍ നിര്‍ത്തലാക്കിയിട്ടുള്ളതാണെന്ന് സൂചിപ്പിച്ച് കൊണ്ട് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ എ.ജെ.തോമസ് 25ന് നല്‍കിയ മറുപടി കത്തില്‍ കേരളാ മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 22 (ഡി) പ്രകാരവും കേരളാ മുനിസിപ്പാലിറ്റി ആക്ട് ഫസ്റ്റ് ഷെഡ്യൂള്‍ സെക്ഷന്‍ 30 (എ) പ്രകാരവും അഗതികള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കേണ്ട ചുമതല താങ്കള്‍ക്കാണെന്ന് സെക്രട്ടറിയെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം കത്തില്‍ സെക്ഷനുകള്‍ എങ്ങനെയൊക്കെയെന്ന് വിവരിക്കുകയും ചെയ്തിട്ടുണ്ട്. അനധികൃതകുടിയേറ്റക്കാരെ ഒഴിപ്പിക്കേണ്ട ചുമതലയും സെക്രട്ടറിയ്ക്കാണെന്ന് ചൂണ്ടികാട്ടിയ എസ്എച്ച്ഓ ഔദ്യോഗികകൃത്യനിര്‍വ്വഹണത്തിന് പോലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ ആവശ്യാനുസരണം നല്‍കാമെന്നും വ്യക്തമാക്കുന്നുണ്ട്.