24 September, 2019 10:42:50 AM
ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍റെ സൈക്കിള്‍ യജ്ഞം രണ്ടാം ദിവസം; ജയ് വിളിച്ച് നാട്ടുകാര്‍
ഏറ്റുമാനൂര്‍: പാലാ ഉപതെരഞ്ഞെടുപ്പിന് തന്‍റെ ഔദ്യോഗികവാഹനം പിടിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ചുള്ള ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിന്‍റെ സൈക്കിള്‍സവാരിയജ്ഞം രണ്ടാം ദിവസത്തേക്ക് കടന്നു. ചൊവ്വാഴ്ച സൈക്കിളില്‍ വീട്ടില്‍നിന്നും ഓഫീസിലേക്ക് തിരിച്ച ചെയര്‍മാന് ജയ് വിളിച്ച് യുവാക്കളും പൌരസമിതി പ്രവര്‍ത്തകരും ഒപ്പം ചേര്‍ന്നു. ഇവരില്‍ കുറെ പേര്‍ നഗരസഭാ ഓഫീസ് വരെ സൈക്കിളിലും ഇരുചക്രവാഹനങ്ങളിലുമായി ചെയര്‍മാന് അകമ്പടിയേകി.
പേരൂര്‍ ചെറ്റകവലയ്ക്ക് സമീപമുള്ള വീട്ടില്‍നിന്നും മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡിലേക്ക് കടന്ന ചെയര്‍മാനെ പൌരസമിതി പ്രസിഡന്‍റ് മോന്‍സി പേരുമാലില്‍ ഹാരമണിയിച്ച് സ്വീകരിച്ചു. തെള്ളകം പാടശേഖരസമിതി പ്രസിഡന്‍റും നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൂസന്‍ തോമസിന്‍റെ ഭര്‍ത്താവുമായ തോമസ് വര്‍ഗീസ് ചിലമ്പട്ടുശേരിയും ഒപ്പമുണ്ടായിരുന്നു. ഇവര്‍ അണിയിച്ച പുഷ്പമാല ഓഫീസിലെത്തും വരെ ചെയര്‍മാന്‍റെ കഴുത്തില്‍ തന്നെ ഉണ്ടായിരുന്നു. തന്‍റെ പഴയ ഹെര്‍ക്കുലീസ് സൈക്കിളിനു മുന്നിലും പിന്നിലും "ചെയര്‍മാന്‍, ഏറ്റുമാനൂര്‍ നഗരസഭ" എന്ന ബോര്‍ഡും സ്ഥാപിച്ചായിരുന്നു രണ്ടാം ദിനത്തിലെ ചെയര്‍മാന്‍റെ സൈക്കിള്‍ സവാരി.
ബൈപാസിലൂടെ പാലാ റോഡില്‍ പ്രവേശിച്ച ശേഷം സെന്‍ട്രല്‍ ജംഗ്ഷന്‍, മത്സ്യമാര്‍ക്കറ്റ് വഴി സ്വകാര്യ ബസ് സ്റ്റാന്‍റിലൂടെ നഗരസഭാ ഓഫീസില്‍ പ്രവേശിച്ച ചെയര്‍മാന് ബസ് സ്റ്റാന്‍റില്‍ തടിച്ചു കൂടിയ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ കളക്ടര്‍ പിടിച്ചെടുത്ത ഔദ്യോഗികവാഹനം തിരികെ ലഭിക്കും വരെ നഗരസഭയിലേക്ക് വന്ന്പോകുന്നത് മാത്രമല്ല, പൊതുപരിപാടിക്കും ചടങ്ങുകള്‍ക്കും നഗരസഭാ ചെയര്‍മാന്‍ എന്ന നിലയില്‍ പങ്കെടുക്കാന്‍ പോകുന്നതും സൈക്കിളില്‍ ആയിരിക്കുമെന്ന് ജോര്‍ജ് പുല്ലാട്ട് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
പാലാ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നഗരസഭയുടെ രണ്ട് വാഹനങ്ങള്‍ വിട്ടുനല്‍കിയിട്ടും തന്‍റെ ഔദ്യോഗികവാഹനം പിടിച്ചെടുത്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ടു കൂടിയായിരുന്നു ചെയര്‍മാന്‍റെ സൈക്കിള്‍ യാത്ര തിങ്കളാഴ്ച ആരംഭിച്ചത്. വോട്ടിംഗ് കഴിഞ്ഞതോടെ രണ്ട് വാഹനങ്ങള്‍ തിരികെ നല്‍കി. എന്നാല്‍ ചെയര്‍മാന്‍റെ ഒദ്യോഗികവാഹനമായ ഇന്നോവാ കാര്‍ 28 വരെ കസ്റ്റഡിയിലായിരിക്കും എന്ന അറിയിപ്പ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ലഭിച്ചിരുന്നു.