23 September, 2019 02:39:42 PM


ആംബുലന്‍സിനെയും മറികടന്ന് ബസിന്‍റെ മരണപാച്ചില്‍: ഏറ്റുമാനൂരില്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്



ഏറ്റുമാനൂര്‍: ആംബുലന്‍സിനെയും മറികടന്ന് ബസിന്‍റെ മരണപാച്ചില്‍. തിങ്കളാഴ്ച ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. എം.സി.റോഡില്‍ തിരു ഏറ്റുമാനൂരപ്പന്‍ ബസ് ബേയുടെ മുന്നില്‍ പകല്‍ 11.30 മണിയോടെയായിരുന്നു സംഭവം.


എറണാകുളത്തുനിന്നും കോട്ടയത്തേക്കുള്ള സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നാട്ടുകാരെയും യാത്രക്കാരെയും വിറപ്പിച്ചാണ് മറ്റൊരു ബസുമായി മത്സര ഓട്ടം നടത്തി മുന്നേറി ടൌണില്‍ പ്രവേശിച്ചത്. ഒരു ആംബുലന്‍സിനെയും മറികടന്ന് പടിഞ്ഞാറെ നട പിന്നിട്ട് ചീറിപാഞ്ഞത് ദിശ തെറ്റിച്ച്. ഈ സമയം ഏറ്റുമാനൂരില്‍ നിന്നും വരികയായിരുന്ന ചരക്ക് ലോറിയുമായി കൂട്ടി ഇടിക്കേണ്ട ബസ് യാത്രക്കാരുടെ ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ നിന്നും രക്ഷപെട്ടത്. ഇടിച്ചു ഇടിച്ചില്ല എന്ന രീതിയില്‍ സഡന്‍ ബ്രേക്ക് ചെയ്ത ലോറിയുടെ മുന്നില്‍ ബസ് വിലങ്ങി നിന്നു.


പക്ഷെ ബസ് ജീവനക്കാര്‍ വെറുതെയിരുന്നില്ല. തങ്ങളുടെ തെറ്റ് മറച്ച് വെച്ച് ലോറിക്കാരുടെ നേരെ ആക്രോശിച്ച് ചീറിയടുക്കുകയായിരുന്നു അവര്‍. നാട്ടുകാര്‍ കൂടിയതോടെ രക്ഷയില്ലെന്ന് മനസിലാക്കി ഇവര്‍ തടിതപ്പി. ഇതിനിടെ ഈ ബസിന് പിന്നാലെ വന്ന മറ്റൊരു സ്വാകര്യ ബസ് ലോറിയുടെ ഇടതുവശത്തുകൂടി മറികടന്ന് മുന്നോട്ട് പോകുകയും ചെയ്തു. സ്വകാര്യബസുകളുടെ മത്സരഓട്ടവും അപകടങ്ങളും ഏറ്റുമാനൂരില്‍ നിത്യസംഭവമായി. പ്രധാന പോയിന്‍റുകളില്‍ പോലീസിന്‍റെ അഭാവവും ശ്രദ്ധക്കുറവും ഇവര്‍ക്ക് 'വളമായി' മാറുന്നു എന്നാണ് ആരോപണം.



എം.സി.റോഡില്‍ സംഭവം നടന്നതിന് അര കിലോ മീറ്ററ്‍ മാറി ബസിന്‍റെ മരണപാച്ചിലില്‍ വഴിയാത്രക്കാരനായ യുവാവിന്‍റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അതിരമ്പുഴ ഭാഗത്ത് നിന്നും മത്സരിച്ച് ഓടിയെത്തിയ ബസ് സെന്‍ട്രല്‍ ജംഗ്ഷന് സമീപം റോഡില്‍ ഇരുചക്രവാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച സംഭവവും അടുത്തിടെയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.5K