23 September, 2019 09:47:18 AM
കാര്‍ പിടിച്ചെടുത്തു; സൈക്കിള്‍ ഔദ്യോഗികവാഹനമാക്കി ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍
കോട്ടയം: ഏറ്റുമാനൂര്‍ നഗരവീഥികളിലൂടെ പതിവിലും വിരുദ്ധമായി രാവിലെ സൈക്കിളില്‍ യാത്ര ചെയ്യുന്ന നഗരപിതാവിനെ കണ്ട് നാട്ടുകാര്‍ അമ്പരന്നു. സാധാരണ ഇന്നോവാ കാറില്‍ സഞ്ചരിക്കുന്ന നഗരസഭാ ചെയര്‍മാന്‍ എന്തേ സൈക്കിള്‍ യാത്ര ചെയ്യുന്നതെന്നായി ജനങ്ങളുടെ സംശയം. പിന്നീടാണ് മനസിലാകുന്നത് കഴിഞ്ഞ ദിവസം ഔദ്യോഗികവാഹനം ജില്ലാ കളക്ടര്‍ പിടിച്ചെടുത്തതിലുള്ള പ്രതിഷേധമാണിതെന്ന്.
പാലാ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി നഗരസഭയുടെ വാഹനങ്ങള്‍ മൂന്നെണ്ണവും പിടിച്ചെടുത്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ടു കൂടിയായിരുന്നു ചെയര്‍മാന്‍റെ സൈക്കിള്‍ യാത്ര. നഗരസഭയുടെ വാഹനങ്ങളില്‍ രണ്ടെണ്ണം ആദ്യം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി വിട്ടു നല്‍കിയിരുന്നു. ചെയര്‍മാന്‍ ഉപയോഗിക്കുന്ന ഇന്നോവാ കാറും വേണമെന്ന് കഴിഞ്ഞ 18ന് ആവശ്യപ്പെട്ടുവെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ വന്നതോടെ പോലീസിനെ ഉപയോഗിച്ച് കാര്‍ പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ ചെയര്‍മാന് യാത്ര ചെയ്യാന്‍ മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടിവന്നു. അതിലുള്ള പ്രതിഷേധമായാണ് തന്‍റെ പഴയ ഹെര്‍ക്കുലീസ് സൈക്കിളില്‍ ചെയര്‍മാന്‍ നഗരസഭാ ഓഫീസിലേക്ക് യാത്ര തിരിച്ചത്.
തിങ്കളാഴ്ച രാവിലെ 9.35ന് പേരൂര്‍ കണ്ടംചിറയ്ക്ക് സമീപമുള്ള വീട്ടില്‍നിന്നും ഇറങ്ങിയ ജോര്‍ജ് പുല്ലാട്ട് 9.50ഓടെ പേരൂര്‍ കവലയില്‍ എത്തി. പേരൂര്‍ റോഡിലെ വാളവക്കോട്ട് കയറ്റത്തില്‍ സൈക്കിള്‍ ഉന്തികയറ്റി. ഇതിനിടെ വന്ന ഫോണ്‍ കോളുകള്‍ അറ്റന്‍റ് ചെയ്യാനും ചെയര്‍മാന്‍ മടി കാണിച്ചില്ല. അതിനായി സൈക്കിള്‍ ഇടയ്ക്കൊക്കെ നിര്‍ത്തി കാലുകള്‍ നിലത്തൂന്നി നിന്നു. വളരെ തിരക്കു പിടിച്ച പാലാ റോഡിലൂടെയും സെന്‍ട്രല്‍ ജംഗ്ഷനിലൂടെയും സഞ്ചരിച്ച് ചിറക്കുളം റോഡിലൂടെ മത്സ്യമാര്‍ക്കറ്റിന് മുന്നിലെത്തിയാണ് നഗരസഭാ കാര്യാലയത്തിലേക്ക് ചെയര്‍മാന്‍ തിരിഞ്ഞത്. കൃത്യം 10 മണിയോടെ നഗരസഭാ ഓഫീസില്‍ എത്തിചേരുകയും ചെയ്തു. ഓഫീസിലെത്തിയ അദ്ദേഹത്തിന് സഹപ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.
ജില്ലാ കളക്ടര്‍ പിടിച്ചെടുത്ത ഔദ്യോഗികവാഹനം തിരികെ ലഭിക്കും വരെ സൈക്കിളിലായിരിക്കും തന്‍റെ യാത്രയെന്ന് ജോര്‍ജ് പുല്ലാട്ട് പറഞ്ഞു. നഗരസഭയിലേക്ക് വന്ന്പോകുന്നത് മാത്രമല്ല, ഇവിടെനിന്നും ഏത് പരിപാടിക്കും ചടങ്ങുകള്‍ക്കും പോകുക സൈക്കിളില്‍ ആയിരിക്കും. 'താന്‍ ഒരു വിമുക്തഭടനാണ്. ഏത് വേഷം കെട്ടാനും തനിക്ക് മടിയില്ല. അതുകൊണ്ട് തന്നെ സാധാരണക്കാരന്‍റെ വാഹനമായ സൈക്കിളില്‍ യാത്ര ചെയ്യുന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നു' - ചെയര്‍മാന്‍ പറഞ്ഞു.
കോട്ടയം ജില്ലയില്‍ 70 ഗ്രാമപഞ്ചായത്തും ആറ് മുനിസിപ്പാലിറ്റികളും 11 ബ്ലോക്ക് പഞ്ചായത്തുകളും ഉള്ളപ്പോള്‍ ഏറ്റുമാനൂര്‍ നഗരസഭയുടെ മാത്രം എല്ലാ വാഹനങ്ങളും പിടിച്ചെടുത്തതിനെ ചെയര്‍മാന്‍ ചോദ്യം ചെയ്യുന്നു. രണ്ട് വാഹനങ്ങള്‍ വിട്ടു കൊടുത്ത പിന്നാലെ നഗരസഭയ്ക്ക് മറ്റ് വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ ചെയര്‍മാന്‍റെ വാഹനം എടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നവെന്ന് ജോര്‍ജ് പുല്ലാട്ട് പറയുന്നു. 20ന് രണ്ടാമത് കത്ത് നല്‍കിയ പിന്നാലെയാണ് 21ന് വാഹനം പിടിച്ചെടുത്തത്. വാഹനത്തിലെ കൊടിയും ചെയര്‍മാന്‍റെ നെയിം പ്ലേറ്റും മാറ്റി വാഹനം കൊണ്ടുപോയത് ജനാധിപത്യവിരുദ്ധപ്രക്രീയയാണെന്നും ചെയര്‍മാന്‍ കുറ്റപ്പെടുത്തുന്നു.
നഗരസഭ ആദ്യം വിട്ടുകൊടുത്ത രണ്ട് വാഹനങ്ങളും അടുത്ത ദിവസം തന്നെ തിരിച്ചേല്‍പ്പിക്കും. എന്നാല്‍ ചെയര്‍മാന്‍റെ വാഹനം മാത്രം 28നേ തിരിച്ചേല്‍പ്പിക്കൂ എന്ന് കാട്ടിയുള്ള കത്ത് ഇന്ന് നഗരസഭയില്‍ ലഭിച്ചു. ഇതോടെ താന്‍ പങ്കെടുക്കേണ്ട എല്ലാ ഔദ്യോഗികപരിപാടികളിലും സൈക്കിളില്‍ തന്നെ പോകാന്‍ നിശ്ചയിച്ചിരിക്കുകയാണ് ചെയര്‍മാന്‍. അടുത്ത ദിവസം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ നടക്കുന്ന ലോക ഫാര്‍മസിസ്റ്റ് ദിനാഘോഷത്തില്‍ ചെയര്‍മാനെ ക്ഷണിച്ചിട്ടുണ്ട്. ഈ പരിപാടിയില്‍ പങ്കെടുക്കാനും സൈക്കിളിലായിരിക്കും ചെയര്‍മാന്‍ എത്തുക. തന്‍റെ വാഹനം തിരികെ ലഭിക്കും വരെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ വിളിക്കുന്ന യോഗങ്ങള്‍ക്കും താന്‍ സൈക്കിളിലേ പോകു എന്ന് ചെയര്‍മാന്‍ പറയുന്നു. അതേസമയം ദൂരയാത്രകള്‍ ബസിലും ആയിരിക്കും. ഇതിനിടെ ചെയര്‍മാന് എല്ലാ വിധ പിന്തുണയുമായി പൌരസമിതിയും രംഗത്തെത്തി.