23 August, 2019 02:24:07 AM
'സാഹോ' ട്രെയിലര്‍ പുറത്തിറക്കി മോഹന്‍ലാല്‍: ഞാന്‍ ലാലിന്‍റെ ആരാധകനെന്ന് പ്രഭാസ്

കൊച്ചി: താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്നു സൂപ്പര്‍ താരം പ്രഭാസ്. വര്‍ഷങ്ങള്‍ക്കു മുമ്പേ മോഹന്‍ലാലിനെ നേരില്‍ കണ്ടിട്ടുണ്ട്. അന്നു കണ്ടതിനേക്കാള്‍ യുവാവായി മോഹന്‍ലാല്‍ ഇപ്പോള്‍ കാണപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ 'സാഹോ' എന്ന ആക്ഷന്‍ സിനിമയുടെ മലയാളം ട്രെയ്‌ലര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു പ്രഭാസ്. ചിത്രത്തിനു വിജയാശംസകള്‍ നേര്‍ന്നു മോഹന്‍ലാല്‍ കേക്ക് മുറിച്ചു. നടി മമ്‌ത മോഹന്‍ദാസ്, നടന്‍ സിദ്ദിഖ്, ബി. ഉണ്ണിക്കൃഷ്‌ണന്‍, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ആക്ഷന്‍ ത്രില്ലര്‍ സിനിമയായ സാഹോയിലെ നായകനായ പ്രഭാസ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയത്.
വ്യത്യസ്‌തമായ ചിത്രം ഇന്ത്യന്‍ സിനിമയ്‌ക്കു നല്‍കാനാണ് 'സാഹോ'യിലൂടെ ശ്രമിച്ചിരിക്കുന്നതെന്നു പ്രഭാസ് പറഞ്ഞു. ബാഹുബലി ചരിത്രം സൃഷ്‌ടിച്ചതുപോലെ 'സാഹോ' യും സ്വീകരിക്കപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 300 കോടി രൂപ ചെലവിലാണ് ചിത്രം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഈ മാസം 29നാണ് റിലീസ്. ശ്രദ്ധ കപൂറാണ് നായിക. യു.വി. ക്രിയേഷന്‍സും ടി സിരീസും ചേര്‍ന്നാണ് നിര്‍മാണം.