21 August, 2019 04:58:04 PM
ഹിമാചലില്‍ കുടുങ്ങിയ മഞ്ജു വാര്യരും സംഘവും സുരക്ഷിതര്‍; രണ്ട് ദിവസത്തിന് ശേഷം നാട്ടിലെത്തും
ഷിംല: ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതരായി മണാലിയിലേക്ക്. സംവിധായകൻ സനൽ കുമാർ ശശിധരന്‍റെ 'കയറ്റം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് മഞ്ജുവും സംഘവും ഹിമാചലിൽ കുടുങ്ങിയത്. രണ്ട് ദിവസത്തെ ഷൂട്ടിംഗ് ഷിംലയിൽ ബാക്കിയുണ്ട്. അത് പൂർത്തിയാക്കിയ ശേഷം ഷിംലയിൽ നിന്ന് മഞ്ജുവും സംഘവും നാട്ടിലേക്ക് മടങ്ങും.
മുപ്പത് പേരാണ് ക്രൂവിലുണ്ടായിരുന്നത്. ചിത്രീകരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ചയായി ഇവർ ഹിമാചൽ പ്രദേശിലുണ്ടായിരുന്നു. നാല് ദിവസം മുൻപാണ് ഹിമാചലിലെ ഛത്രു എന്ന ഗ്രാമത്തിലേക്ക് സംഘം യാത്ര തിരിച്ചത്. ഷിംലയിൽ നിന്ന് 330 കിലോമീറ്റർ ദൂരത്താണ് ഛത്രു എന്ന ഗ്രാമം. ഇവരെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്ക് പ്രദേശത്ത് മഴ ശക്തിപ്പെട്ടു. തുടർന്ന് ശക്തമായ മണ്ണിടിച്ചിലുമുണ്ടായി. ഛത്രുവിലേക്കുള്ള വഴി തടസ്സപ്പെട്ടു. ഇവിടേക്കുള്ള ആശയവിനിമയോപാധികളെല്ലാം തകരാറിലായി.
ഒടുവിൽ ഒരു സാറ്റലൈറ്റ് ഫോണിലൂടെയാണ് മഞ്ജു വാര്യർ സഹോദരൻ മധു വാര്യരെ വിളിക്കുകയായിരുന്നു. അടിയന്തരമായി എന്തെങ്കിലും സഹായമെത്തിക്കാനാകുമോ എന്നറിയാനായിരുന്നു ഫോൺ കോൾ. സാധാരണ ഫോണുൾപ്പടെയുള്ള എല്ലാ വിനിമയസംവിധാനങ്ങളും തടസ്സപ്പെട്ട നിലയിലായിരുന്നു. സിനിമാസംഘത്തിലെ 30 പേർക്ക് പുറമേ, ഇരുന്നൂറോളം വിനോദസഞ്ചാരികളും സ്ഥലത്തുണ്ടായിരുന്നു.