20 August, 2019 03:07:12 PM
വയലാ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ കരാർ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍
കുറവിലങ്ങാട്: വയലാ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ കരാർ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍. പാലാ വള്ളിച്ചിറ മേത്താനത്ത് ബി.രാജേഷ് (46) ആണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതത്രേ. ഞായറാഴ്ച വെളുപ്പിനെ അഞ്ച് മണിയോടെ വീടിന് അടുത്ത് രണ്ട് മരങ്ങളിലായി കെട്ടിവെച്ചിരുന്ന ജിഐ പൈപ്പില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
കഴിഞ്ഞ 20 വര്‍ഷത്തോളമായി ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആറ് മാസത്തോളമായി കരാര്‍ തൊഴിലാളികള്‍ക്ക് വേതനം മുടങ്ങിയിരിക്കുകയായിരുന്നു. അര്‍ബുദരോഗിയായ രാജേഷ് കഴിഞ്ഞ മാര്‍ച്ച് വരെ ജോലിക്കെത്തിയിരുന്നു. ഈ കാലയളവില്‍ ഏതാനും മാസത്തെ വേതനം രാജേഷിന് ലഭിക്കാനുണ്ടെന്നും സാമ്പത്തികപ്രതിസന്ധിയും രോഗവും ഇദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. പിഴക് സ്വദേശി ദിവ്യയാണ് ഭാര്യ. മക്കള്‍: യദുകൃഷ്ണന്‍ (9-ാം ക്ലാസ് വിദ്യാര്‍ത്ഥി), വൈഷ്ണവി.