17 August, 2019 07:20:51 PM


സ്കൂള്‍ കെട്ടിടം കയ്യേറി പ്രവര്‍ത്തിക്കുന്ന ക്ലബ്ബിന് പൂട്ടിട്ട് അധ്യാപകന്‍; താഴ് അറുത്ത് പഞ്ചായത്ത് പ്രസിഡന്‍റ്

- എം.പി.തോമസ്



കോട്ടയം: ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം കയ്യേറി ക്ലബ് പ്രവര്‍ത്തനം. ക്ലബ്ബിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി കെട്ടിടമേറ്റെടുക്കാന്‍ സ്‌കൂള്‍ അധികൃതരോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും വിലങ്ങുതടിയായി ഗ്രാമപഞ്ചായത്തും രാഷ്ട്രീയ പ്രവര്‍ത്തകരും. സ്‌കൂള്‍ അധികൃതര്‍ പൂട്ടിയ താഴ് അറത്തു മാറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സംഘവും. സംഭവം തീരാതലവേദനയായപ്പോള്‍ പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങാന്‍ തയ്യാറായി അധ്യാപകര്‍. നീതി ലഭിച്ചില്ലെങ്കില്‍ സമരം പ്രഖ്യാപിച്ച് സ്കൂളിന്‍റെ പ്രധാനാധ്യാപകന്‍.


ഏറ്റുമാനൂരിനടുത്ത് നീണ്ടൂര്‍ മൂഴികുളങ്ങരയിലാണ് വിദ്യാഭ്യാസവകുപ്പും ഗ്രാമപഞ്ചായത്തും തമ്മിലുള്ള ഈ ശീതസമരം.  സ്ഥലത്തെ പഞ്ചായത്ത് മെമ്പറുടെ കൂടി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ക്ലബ്ബ് സ്‌കൂളിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ തലപൊക്കിതുടങ്ങിയത്. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് തങ്ങളുടെ അധീനതയിലാണെന്ന് പറഞ്ഞാണ് കൃത്യമായ രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത ക്ലബ്ബിനെ വിദ്യാഭ്യാസവകുപ്പിന്‍റെ കീഴിലുള്ള കെട്ടിടത്തില്‍ ഗ്രാമപഞ്ചായത്ത് കുടിയിരുത്തിയതെന്നാണ് അധ്യാപകര്‍ പറയുന്നത്.



1960ല്‍ സ്ഥാപിതമായ സ്‌കൂള്‍ ആദ്യകാലത്ത് പഞ്ചായത്തിന് കീഴിലായിരുന്നു. 2010 ജനുവരി 2ന് ഈ സ്‌കൂള്‍ ഉള്‍പ്പെടെ  കേരളത്തിലെ 104 സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതോടെ നീണ്ടൂര്‍ പഞ്ചായത്ത് ഗവ.എല്‍.പി.സ്‌കൂള്‍ എന്നായി പേര്. എല്‍കെജി മുതല്‍ നാല് വരെ ക്ലാസുകളിലായി 78 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെ ആറ് അധ്യാപകരും ഒരു അനധ്യാപകനും ജോലി ചെയ്യുന്നുണ്ട്. മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുടെ ഉപയോഗത്തിന് ക്ലബ്ബിന്‍റെ പ്രവര്‍ത്തനം മറയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.


സര്‍ക്കാര്‍ ഏറ്റെടുത്തതിനു പിന്നാലെ 2010 ജൂലൈ മാസത്തിലാണ് തൊട്ടടുത്ത് വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന മഹാത്മാ ആര്‍ട്‌സ് ആന്‍റ് സ്‌പോര്‍ട്‌സ് ക്ലബിന് നേഴ്‌സറി കെട്ടിടത്തിന്‍റെ മുകളിലെ നിലയില്‍ സൌജന്യമായി പ്രവര്‍ത്തിക്കുവാന്‍ പഞ്ചായത്ത് അനുമതി നല്‍കിയത്. ഈ തീരുമാനത്തോട് അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും ഒരംഗവും വിയോജിച്ചിരുന്നുവത്രേ. ഏതാനും വര്‍ഷം കഴിഞ്ഞപ്പോല്‍ സര്‍ക്കാര്‍ കെട്ടിടം കയ്യടക്കുക എന്ന രീതിയിലായി ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍  എന്ന് ഹെഡ്മാസ്റ്റര്‍ പി.കെ.എബ്രഹാം പറയുന്നു.



സ്‌കൂളില്‍ ഒരു ജൈവവൈവിദ്ധ്യ ഉദ്യാനം സജ്ജീകരിക്കാനുള്ള 2017ലെ തീരുമാനത്തിന് തടസം നിന്നുകൊണ്ടായിരുന്നു തുടക്കം. ഒരു വര്‍ഷത്തിനു ശേഷം 2018 മെയ് 25ന് അധ്യാപകരും കുട്ടികളും ചേര്‍ന്ന് ഉദ്യാനത്തിനായി ചെടികള്‍ നട്ടുപിടിപ്പിച്ചുവെങ്കിലും രണ്ട് ദിവസം മാത്രമേ ആയുസുണ്ടായുള്ളു. ക്ലബ്ബ് പ്രവര്‍ത്തകര്‍ മുഴുവന്‍ ചെടിയും പറിച്ചു കളഞ്ഞു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ചെടികള്‍ നട്ടുപിടിപ്പിച്ച് നല്‍കാമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ അന്ന് സമ്മതിച്ചെങ്കിലും ഇന്നേവരെ നടപ്പിലായില്ല.


ഇതിനിടെ സ്‌കൂള്‍ വളപ്പില്‍ കുട്ടികള്‍ നട്ടുപിടിപ്പിച്ച നൂറോളം വാഴകള്‍ ഇവര്‍ വെട്ടി നശിപ്പിച്ചു. വിവരം പോലീസിന്‍റെ ശ്രദ്ധയില്‍പെടുത്തിയിട്ടും എംഎല്‍എ വരെ ഇടപെട്ടിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്നാണ് അധ്യാപകര്‍ ആരോപിക്കുന്നത്. കുട്ടികളുടെ പഠനത്തെ വരെ ബാധിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക് എന്ന് മനസിലാക്കിയ പ്രധാനാധ്യാപകന്‍ പി.കെ.എബ്രഹാം എഈഓ മുഖേന ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പാലാ ഡിഇഓ മുഖേന നടത്തിയ അന്വേഷണത്തില്‍ ക്ലബ്ബിന്‍റെ പ്രവര്‍ത്തനം സ്‌കൂള്‍ കെട്ടിടത്തില്‍ അവസാനിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു.


ഇതേതുടര്‍ന്ന് കഴിഞ്ഞ ജൂലൈ 17ന് ഹെഡ്മാസ്റ്റര്‍ ക്ലബ് ഭാരവാഹികള്‍ക്ക് നല്‍കിയ നോട്ടീസിന് കെട്ടിടത്തില്‍ നിന്നും മാറാന്‍ സന്നദ്ധമല്ലെന്ന രീതിയിലുള്ള മറുപടിയാണ് ലഭിച്ചത്. വീണ്ടും നല്‍കിയ നോട്ടീസ് കൈപ്പറ്റിയെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ 8-ാം തീയതി സ്‌കൂള്‍ അധികൃതര്‍ പുതിയ താഴിട്ട് പൂട്ടി കെട്ടിടം ഏറ്റെടുത്തു. ഒപ്പം സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നോട്ടീസ് പതിക്കുകയും ചെയ്തു. എന്നാല്‍ ഇതോടെ പ്രശ്‌നം കൂടുതല്‍ വഷളായി.


ആഗസ്ത് 13ന് ഗ്രാമപഞ്ചായത്തിന്‍റെ അടിയന്തിരകമ്മറ്റി വിളിച്ചുകൂട്ടി ക്ലബ്ബിന് അനുകൂലതീരുമാനമെടുക്കുകയായിരുന്നു. സ്‌കൂള്‍ ഇട്ട താഴ് അനധികൃതമാണെന്ന് ആരോപിച്ച് പഞ്ചായത്ത് 14-ാം തീയതി പ്രധാനാധ്യാപകന് നോട്ടീസ് നല്‍കി. പിന്നാലെ പ്രസിഡന്‍റ് വിമലകുട്ടി ടീച്ചറിന്‍റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സംഘം സ്‌കൂള്‍ അധികൃതര്‍ ഇട്ട പുതിയ താഴ് അറുത്തുമാറ്റുകയും ചെയ്തു. 16ന് സ്‌കൂളിലെ ഫ്യൂസും ഇവര്‍ ഊരി മാറ്റിയെന്നാണ് അധ്യാപകര്‍ ആരോപിക്കുന്നത്. ശനിയാഴ്ച രാവിലെ എത്തുമ്പോള്‍ കുടിവെള്ള വിതരണത്തിനുള്ള ടാപ്പുകളും ഊരിമാറ്റിയ  നിലയിലായിരുന്നു.


ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീണ്ടും പരാതിയുമായി ഏറ്റുമാനൂര്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്‌കൂളിന്‍റെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്താനുള്ള അധികാരം മാത്രമേ ഉള്ളുവെന്നും ഭരണപരമായ കാര്യങ്ങള്‍ വിദ്യാഭ്യാസവകുപ്പാണ് നടത്തേണ്ടത് എന്നുമിരിക്കെയാണ് ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് കൂട്ടുനില്‍ക്കുന്നതെന്ന് അധ്യാപകര്‍ ചൂണ്ടികാട്ടുന്നു.


വെള്ളിയാഴ്ച പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പോലീസ് മടിക്കുന്നു എന്നാണ് പ്രധാനാധ്യാപകന്‍ പി.കെ.എബ്രഹാമിന്‍റെ ആരോപണം. ശനിയാഴ്ച ചര്‍ച്ചയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചിട്ട് ഒന്നര മണിക്കൂര്‍ തന്നെ സ്റ്റേഷനില്‍ പിടിച്ചു നിര്‍ത്തി. സിഐയെയോ എസ്‌ഐയെയോ കാണാനായില്ല. അവസാനം പരാതിയുടെ രസീത് വാങ്ങി തിരികെ പോരികയായിരുന്നു. ഈ സ്കൂള്‍ നശിച്ചു കാണരുതെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് സാമൂഹ്യവിരുദ്ധരും രാഷ്ട്രീയക്കാരും ഒന്നിച്ച് നില്‍ക്കുന്ന സംഭവത്തില്‍ നിയമത്തിന്‍റെ വശത്ത് നിന്ന് താന്‍ പോരാടുന്നതെന്ന് 31 വര്‍ഷമായി ഇതേ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്ന എബ്രഹാം വ്യക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K