14 August, 2019 12:22:53 PM
മീനച്ചിലാര്‍ കരകവിഞ്ഞു; പാലാ നഗരം വീണ്ടും വെള്ളത്തില്‍; ക്യാംപുകള്‍ വീണ്ടും തുറന്നു
- സ്വന്തം ലേഖകൻ
കോട്ടയം: കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ മീനച്ചിലാർ വീണ്ടും കരകവിഞ്ഞു. പാലാ വീണ്ടും വെള്ളത്തിലായി. ഇന്നലെ രാത്രി ഏഴു മണിക്കൂറോളം നിര്‍ത്താതെ മഴ പെയ്തതോടെയാണ് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പലയിടങ്ങളിലും ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. നേരത്തെ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് പിരിച്ചു വിട്ട ക്യാംപുകള്‍ വീണ്ടും തുറന്നു.
മീനച്ചിലാര്‍ കരകവിഞ്ഞ് പാലാ മൂന്നാനിയില്‍ റോഡില്‍ വെള്ളം കയറി. കൊട്ടാരമറ്റം സ്റ്റാന്‍ഡിലും വെള്ളം കയറി. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ടാം തവണയാണ് മീനച്ചിലാര്‍ കര കവിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മീനച്ചിലാര്‍ കരകവിഞ്ഞിരുന്നു. ഇതേതുര്‍ന്ന് ഇരുനൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വീടുകളില്‍നിന്ന് വെള്ളം ഒഴിഞ്ഞതിനെ തുടര്‍ന്ന് ആളുകള്‍ ക്യാമ്പുകള്‍ വിട്ടതിന് പിന്നാലെയാണ് രണ്ടാമതും വെളളം എത്തിയിരിക്കുന്നത്.
ഈരാറ്റുപേട്ട - പാലാ റോഡിൽ പനയ്ക്കപ്പാലം, അമ്പാറ, മൂന്നാനി എന്നിവിടങ്ങളില്‍ വെള്ളം കയറി. മൂന്നാനിയില്‍ ഇപ്പോള്‍ കഷ്ടിച്ചു വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. ഈരാറ്റുപേട്ട റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തിവച്ചു. പാലായില്‍ വ്യാപാരികള്‍ സാധന സാമഗ്രികള്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ ഏഴു മണിക്കൂര്‍ തുടര്‍ച്ചയായി പെയ്തു. ബുധനാഴ്ച രാവിലെ മഴയ്ക്കു ശക്തി കുറഞ്ഞിട്ടുണ്ട്.
മീനച്ചില്‍ താലൂക്കില്‍ വെള്ളിലാപ്പിള്ളി, പുലിയന്നൂര്‍ വില്ലേജുകളില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഇന്നലെ പെയ്ത കനത്ത മഴയില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഏഴാച്ചേരി ഗവണ്‍മെന്റ് എല്‍.പി.എസ്, മുത്തോലി സെന്റ് ആന്റണീസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് പുനരാരംഭിച്ചത്. രണ്ട് ദിവസം മുന്‍പ് ഇവിടുത്തെ ക്യാമ്പുകള്‍ പിരിച്ചു വിട്ടിരുന്നു
വെള്ളം കയറിയ റോഡുകള്‍ :-
ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ സ്റ്റേറ്റ് ഹൈവേയില്‍ മൂന്നാനിയിലും വാഴൂര്‍ - പുലിയന്നൂര്‍ റോഡില്‍ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഭാഗത്തും റോഡില്‍ വെള്ളക്കെട്ടാണ്. വള്ളിച്ചിറ- പുലിയന്നൂര്‍ റോഡില്‍ വെള്ളം കയറി. പാല- കോഴ റോഡില്‍ മണലേല്‍ പാലം വെള്ളത്തിനടിയിലാണ്.