05 August, 2019 01:34:34 PM
അതിരമ്പുഴ സ്വദേശി യുവാവ് കോതനല്ലൂരില്‍ തോട്ടിൽ മരിച്ച നിലയിൽ: ദുരൂഹതയെന്ന് ബന്ധുക്കള്‍
ഏറ്റുമാനൂര്‍: അതിരമ്പുഴ സ്വദേശി യുവാവിനെ കോതനല്ലൂർ ആകാശകനാലിന് സമീപം പള്ളിത്താഴെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിരമ്പുഴ ഐക്കരകുന്ന് കരുവേലിമലതടത്തിൽ ജോസഫ് ചാക്കോ (അപ്പച്ചൻ ) യുടെ മകൻ എബിൻ ജോസഫ് (22) ആണ് മരിച്ചത്. വൈക്കം വാട്ടർ അതോറിറ്റി ഓഫീസിൽ അപ്രന്‍റീസായി ജോലി ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 7.30 ഓടെ നാട്ടുകാരാണ് എബിന്‍റെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് ഏറ്റുമാാനൂരിൽ അമ്മയുടെ വീട്ടിൽ ചെന്നശേഷം കോതനല്ലൂരിലുള്ള അമ്മയുടെ സഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയതാണ് എബിന്‍. എന്നാൽ എബിൻ ഇവിടെ എത്തിയിട്ടില്ലാ എന്നാണ് കോതനല്ലൂരിലെ ബന്ധുക്കൾ പറയുന്നത്. എബിന്‍റെ നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ട്. കോതനല്ലൂർ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടന്നു വരുന്നതായും കഞ്ചാവ് മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നതായും നാട്ടുകാരുടെ പരാതി ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അടിപിടി കേസുകളും ഈ പ്രദേശത്ത് ഉണ്ടാകാറുണ്ട്.
സംഭവത്തിൽ ദുരൂഹത ഉള്ളളതായി ആരോപിച്ച് ബന്ധുക്കൾ കടുത്തുരുത്തി സി ഐ വി.ശിവൻകുട്ടിയ്ക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ കോതനല്ലൂർ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറകൾ പരിശോധിച്ചും അന്വേഷണം ഊർജിതമാക്കിയതായി കടുത്തുരുത്തി സിഐ പറഞ്ഞു. അമ്മ മിനി ജോസഫ്. സഹോദരങ്ങൾ: ആൽബിൻ, അമൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് അതിരമ്പുഴ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ