31 July, 2019 11:50:37 AM


തൃശൂര്‍ ചാവക്കാട് വെട്ടേറ്റ് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു



തൃശൂർ: ചാവക്കാട് പുന്നയില്‍ മാരകായുധങ്ങളുമായെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പുന്ന പുതിയ വീട്ടില്‍ നൗഷാദ് (പുന്ന നൗഷാദ് -43) ആണ് മരിച്ചത്. 

ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെയാണ് ചാവക്കാട് നാലു പേര്‍ക്ക് വെട്ടേറ്റത്. നൗഷാദിനെ കൂടാതെ വിജീഷ്, സുരേഷ്, നിഷാദ് എന്നിവര്‍ക്കും വെട്ടേറ്റിരുന്നു. നാലു പേരെയും ആദ്യം മുതുവുട്ടൂരിലെയും പിന്നീട് തൃശൂരിലെയും സ്വകാര്യാശുപത്രികളില്‍ പ്രവേശിപ്പിച്ചു. നൗഷാദിന് കഴുത്തിനും കാലിനും കൈക്കും സാരമായി പരിക്കേറ്റിരുന്നു. 

ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. നൗഷാദ് വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് ചാവക്കാട്, ഗുരുവായൂര്‍ നഗരസഭ പരിധിയിലും ഒരുമനയൂര്‍, കടപ്പുറം, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളിലും ഗുരുവായൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K