24 July, 2019 09:45:53 AM
കാര്‍ഗിലില്‍ സൈന്യത്തിനായി 11,500 അടി ഉയരത്തില്‍ മഞ്ഞുപാളികള്‍ വെട്ടിമാറ്റി റോഡുണ്ടാക്കി ബാൾട്ടി
ശ്രീനഗര്‍: ഏകദേശം 11,500 അടി ഉയരെ ഡോസറിന് മുകളിലിരുന്ന് റോഡ് വികസനത്തിന്‍റെ ഭാഗമായി മലതുരന്ന് പാറകള്‍ നീക്കം ചെയ്യുന്ന ജോലിയിലാണ് ഇനായത്ത് ഉള്ളാ ഖാന്‍ ബാള്‍ട്ടി. ആന്‍റി യുവി ഗ്‌ളാസ്സും ഹെല്‍മറ്റും ധരിച്ച് മുഖം മറച്ച് ലഡാക്കിലെ ഏറ്റവും ദുര്‍ഘട പാതയായ സോജിലാപാസ്സിന് വീതി കൂട്ടുകയാണ് ബാള്‍ട്ടി. ഇന്ത്യന്‍ ആര്‍മിയിലെ 14 കോര്‍പ്പ്‌സിന്റെ വാഹനങ്ങള്‍ക്ക് എളുപ്പം കാര്‍ഗിലില്‍ എത്താനുള്ള വഴിയുണ്ടാക്കുകയാണ് ഇനായത്ത് ഉള്ളാ ഖാന്‍ ബാള്‍ട്ടിയും സംഘവും. കഴിഞ്ഞ 24 വര്‍മായി സൈന്യത്തിന് വേണ്ടി ഇത്തരം ജോലികള്‍ ചെയ്യുന്നത് കേള്‍ക്കാനോ സംസാരിക്കാനോ ശേഷിയില്ലാത്ത ഈ യുവാവാണ്.
മഞ്ഞുപാളികള്‍ വീണുകിടക്കുന്ന മലനിരകളില്‍ വഴിയുണ്ടാക്കാനുള്ള ഇടം കണ്ടെത്താനുള്ള മിടുക്കും പ്രവര്‍ത്തി പരിചവും ബാള്‍ട്ടിയുടെ കുറവുകളെ മറയ്ക്കുന്നു. വലിയ അപകടം നിറഞ്ഞ ഇത്തരം ജോലികള്‍ സന്തോഷത്തോടെയാണ് ബാള്‍ട്ടിയും സംഘവും ഏറ്റെടുക്കുന്നത്. അടുത്തിടെ വലിയൊരു ഹിമപാതത്തില്‍ നിന്നും ബാള്‍ട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ജോലിക്കിടയില്‍ ഹിമപാളി വീണത് വെറും മൂന്നടി അകലത്തിലായിരുന്നു. കനത്ത മഞ്ഞുവീഴ്ച കാഴ്ച മറച്ച് വളവുകളും തിരിവുകളും ഉയര്‍ച്ചയും താഴ്ചയുമെല്ലാം കൊണ്ട് ബുദ്ധിമുട്ടേറിയ ഇടത്ത് സൈന്യത്തിന് തുണയായത് ഈ 40 കാരനാണ്.
തന്‍റെ യൂണിറ്റായ 32 ടാസ്‌ക്ക് ഫോഴ്‌സില്‍ അദ്ദേഹത്തിന്‍റെ വിളിപ്പേര് 'ടുള്ളാ' എന്നാണ്. കശ്മീരിലെ ഗന്ധര്‍ബാലിനും ലഡാക്കിലെ ഡ്രാസ്സിനും ഇടയില്‍ കാണപ്പെടുന്ന ഒരു പ്രത്യേക ഗോത്രവിഭാഗത്തിലെ അംഗമാണ് ടുള്ളാ. ഇവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലും അപകടകരമായ അതിര്‍ത്തിരേഖയിലെയും അന്താരാഷ്ട്ര അതിര്‍ത്തികളിലെ മലനിരകള്‍ പോലെ ജനജീവിതം ദുഷ്‌ക്കരമായ ഇടങ്ങളില്‍ സൈന്യത്തിനും നാട്ടുകാര്‍ക്കും വേണ്ടി റോഡുകളും മറ്റും നിര്‍മ്മിക്കുന്നതില്‍ വിദഗ്ദ്ധരായ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) ദിവസക്കൂലിക്കാരാണ്.
ബിആര്‍ഒ കാര്‍ഗിലില്‍ ഏറ്റെടുത്ത മൂന്ന് പദ്ധതികള്‍ പ്രൊജക്ട് ബീക്കണ്‍ (ഡ്രാസ്സിന് തൊട്ടുമുമ്പ്) പ്രൊജക്ട് വിജയാക് (കാര്‍ഗില്‍ വരെ), പ്രൊജക്ട് ഹിമാങ്ക (സിയാച്ചിന്‍ വരെ) എന്നിവയാണ്. 1999 വരെ ഡിസംബറിനും മെയ് മാസത്തിനും ഇടയില്‍ കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് സോജിലാ പാസ് സാധാരണഗതിയില്‍ അടച്ചിടുമായിരുന്നു. ഇന്ത്യയും പാകിസ്താനും രണ്ടു ദശകം മുമ്പ് കൊമ്പുകോര്‍ത്ത ഡ്രാസ്സില്‍ നിന്നും 40 കിലോമീറ്റര്‍ നീളത്തില്‍ 10,000 അടി വ്യത്യാസത്തില്‍ മുകളിലും താഴെയും രണ്ടു റോഡുകളും ഈ സമയത്ത് ഗുണകരമാകില്ല. എന്നാല്‍ ഇവയെ ബന്ധിപ്പിച്ച് ഒരു പാത ബാള്‍ട്ടിയും സംഘവും ചേര്‍ന്ന് രൂപപ്പെടുത്തിയതോടെ ഇതിലേ ഇപ്പോള്‍ വാഹനങ്ങളുടെ കുത്തൊഴുക്കാണ്.