05 July, 2019 05:08:37 PM
ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍റെ കസേര ഉറപ്പിക്കാന്‍ സിപിഎമ്മും കേരളാ കോൺഗ്രസും കൈകോർത്തേക്കും
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ ആറ് മാസത്തിനകം ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന ചില കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രഖ്യാപനത്തിന് പിന്നാലെ കസേര തെറിക്കാതിരിക്കാനുള്ള വഴികളാലോചിച്ച് നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടും കേരളാ കോണ്‍ഗ്രസും. ഇടതുമുന്നണിയുമായി സഹകരിച്ച് നഗരസഭയുടെ തുടക്കത്തില്‍ എടുത്ത നിലപാട് തന്നെ സ്വീകരിക്കാനാണ് ഇപ്പോള്‍ കേരളാ കോണ്‍ഗ്രസിന്‍റെ നീക്കം. ഈ നീക്കം വിജയിച്ചാല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണുണ്ടാവുക. യുഡിഎഫിലെ ധാരണപ്രകാരം ജോര്‍ജ് പുല്ലാട്ടിന് പിന്നാലെ ഒരു വര്‍ഷത്തേക്ക് ചെയര്‍മാനായി വരേണ്ട കോണ്‍ഗ്രസിലെ ബിജു കൂമ്പിക്കന് അതിനുള്ള അവസരം നഷ്ടപ്പെടുമെന്ന് മാത്രമല്ല നിലവില്‍ കോണ്‍ഗ്രസിന്‍റെ കയ്യിലുള്ള വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനവും നഷ്ടപ്പെട്ടേക്കും.
18-ാം വാര്‍ഡ് കൌണ്‍സിലറായ കോണ്‍ഗ്രസിലെ എന്‍.എസ്.സ്കറിയാ അദ്ദേഹത്തിന്‍റെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ യുവതിയുവാക്കള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി നല്‍കാന്‍ സെക്രട്ടറി വിസമ്മതിച്ചതിനെതുടര്‍ന്നുണ്ടായ പൊട്ടിതെറികളാണ് ഇപ്പോള്‍ "ഒരേ പാത്രത്തില്‍ ചോറുണ്ടിരുന്ന" എല്‍ഡിഎഫിലെയും യുഡിഎഫിലെയും അംഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ എത്തിനില്‍ക്കുന്നത്. യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും രണ്ട് തട്ടിലായത് മുതലെടുക്കാനുള്ള ശ്രമം സിപിഎം പ്രാദേശികഘടകവും ആരംഭിച്ചു.
നഗരസഭയുടെ പ്രഥമഭരണസമിതിയില്‍ 14 അംഗങ്ങളുള്ള യുഡിഎഫ് 4 സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരണം പിടിച്ചെടുത്തത്. കോണ്‍ഗ്രസിലെ ജയിംസ് തോമസ് പ്രഥമ ചെയര്‍മാന്‍ ആയെങ്കിലും കേരളാ കോണ്‍ഗ്രസ് സിപിഎമ്മുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ രണ്ട് സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ സിപിഎമ്മിന് ലഭിക്കുകയായിരുന്നു. ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിനെതിരെ കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവരികയോ രാജിവെയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്താല്‍ ഇതേ നീക്കം വീണ്ടും ആവര്‍ത്തിക്കാനാണ് കേരളാ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സിപിഎമ്മും ഏതാണ്ട് ഇതിനോട് യോജിക്കുമെന്ന നിലപാടിലേക്കാണ് അടുക്കുന്നത്.
കേരളാ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇങ്ങനൊരു നീക്കത്തിന് സിപിഎം പ്രാദേശികനേതൃത്വം നിര്‍ബന്ധിച്ചാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങളോടൊപ്പം ചേര്‍ന്ന് സെക്രട്ടറിക്കും സൂപ്രണ്ടിനുമെതിരെയുള്ള പരാതിയില്‍ ഒപ്പിട്ടിരിക്കുന്ന ഒമ്പത് സിപിഎം കൌണ്‍സിലര്‍മാര്‍ക്കും പരാതിയില്‍ നിന്ന് പിന്‍മാറേണ്ടിവരും. ഇവര്‍ പിന്മാറിയാല്‍ ഒപ്പിട്ടിരിക്കുന്ന സിപിഐയുടെ പ്രതിനിധിയും ചിലപ്പോള്‍ ഒരു സ്വതന്ത്രയും പരാതിക്കെതിരെ വോട്ട് ചെയ്യും. ഒപ്പിട്ട 20 പേരില്‍ 11 പേരും പിന്മാറുന്നതോടെ ഭൂരിപക്ഷമില്ലാതെ പ്രമേയം പരാജയപ്പെടാനാണ് സാധ്യത. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സൂസന്‍ തോമസാണ് സെക്രട്ടറിയെ അനുകൂലിക്കുന്ന ഏക കോണ്‍ഗ്രസ് അംഗം. സിപിഎമ്മില്‍ നിന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസും എന്‍.വി.വിനീഷും പരാതിയ്ക്കെതിരെയാണ്.
അവിശ്വാസത്തെ നേരിടേണ്ടിവരികയും എന്നാല്‍ പാസാകാതെ വരികയും ചെയ്താല്‍ ജോര്‍ജ് പുല്ലാട്ട് മുന്‍ധാരണപ്രകാരം കോണ്‍ഗ്രസിലെ ബിജു കൂമ്പിക്കനു വേണ്ടി സ്ഥാനമൊഴിയേണ്ടിവരില്ല. യുഡിഎഫിന്‍റെ ആവശ്യമനുസരിച്ച് സ്ഥാനം രാജി വെക്കേണ്ടിവന്നാലും സിപിഎം പിന്തുണയോടെ വീണ്ടും ഇദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസിലെ 5 പേരെ കൂടാതെ എല്‍ഡിഎഫിലെ 12 അംഗങ്ങളും സ്വതന്ത്രയായ ബീനാ ഷാജിയും ഈ നീക്കത്തെ പിന്തുണച്ചേക്കും. ഇതോടെ ഇപ്പോഴത്തെ വൈസ് ചെയര്‍പേഴ്സണ്‍ കോണ്‍ഗ്രസിലെ ജയശ്രീ ഗോപിക്കുട്ടന്‍റെ കസേരയും തെറിക്കും. പകരം ബീനാ ഷാജിയെ ആ സ്ഥാനത്തേക്ക് അവരോധിക്കും. ഇത് തങ്ങള്‍ക്ക് വന്‍ തിരിച്ചടി സൃഷ്ടിക്കുമെന്ന് മനസിലാക്കിയ കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. 9നാണ് സെക്രട്ടറിക്കെതിരെയുള്ള പരാതി ചര്‍ച്ചയ്ക്കെടുക്കുക.