03 July, 2019 07:42:02 PM


സെക്രട്ടറിക്കും സൂപ്രണ്ടിനും എതിരെ കൗണ്‍സിലര്‍മാരുടെ പടയൊരുക്കം; ഏറ്റുമാനൂര്‍ നഗരസഭയില്‍ ഭരണസ്തംഭനം

ആറ് മാസത്തിനകം ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍




ഏറ്റുമാനൂര്‍: മൂന്നര വര്‍ഷത്തിനിടെ നാല് ചെയര്‍മാന്‍മാരും മൂന്ന് സെക്രട്ടറിയും മാറിമാറി വന്ന ഏറ്റുമാനൂര്‍ നഗരസഭയില്‍ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായി. സെക്രട്ടറിയേയും സൂപ്രണ്ടിനെയും പറപ്പിക്കുക എന്ന ഉദ്ദേശത്തോടെ കൗണ്‍സിലര്‍മാര്‍ അണിയറനീക്കങ്ങള്‍ ആരംഭിച്ചതോടെ നഗരസഭയില്‍ വീണ്ടും ഭരണസ്തംഭനമായി. ഇരുപതോളം ആരോപണങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിക്കെതിരെ കൗണ്‍സിലര്‍മാര്‍ നല്‍കിയ പരാതി ചര്‍ച്ച ചെയ്യാന്‍ ജൂലൈ 9ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും.

18-ാം വാര്‍ഡിലെ കൗണ്‍സിലര്‍ എന്‍.എസ് സ്‌കറിയായുടെ ബന്ധുവെന്ന് പരിചയപ്പെടുത്തി എത്തിയ യുവതിയുവാക്കള്‍ക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി കൊടുക്കാത്തതിനെതുടര്‍ന്ന് ആരംഭിച്ച പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സെക്രട്ടറിയെയും സൂപ്രണ്ടിനെയും ഇവിടെനിന്നും മാറ്റണമെന്ന ആവശ്യം വരെ എത്തിനില്‍ക്കുന്നത്. എന്നാല്‍ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ഇവരുടെ നീക്കത്തിന് എതിരേ രംഗത്ത് വന്നു. നഗരസഭയില്‍ നടക്കുന്ന വന്‍ അഴിമതികള്‍ക്ക് സെക്രട്ടറി കൂട്ടുനില്‍ക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് മൂലകാരണമെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു. സെക്രട്ടറിക്കെതിരെ ആരോപിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും കാരണക്കാര്‍ ഈ കൗണ്‍സിലര്‍മാര്‍ തന്നെയാണെന്നാണ് ഇവര്‍ പറയുന്നത്.

യുഡിഎഫ് അംഗങ്ങളായ ചില കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയ്ക്കും സൂപ്രണ്ടിനുമെതിരെ പ്രമേയം പാസാക്കുന്നതിനും മറ്റും യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് 20 അംഗങ്ങള്‍ ഒപ്പിട്ട കത്താണ് ചെയര്‍മാന് നല്‍കിയത്. തുടര്‍ന്ന് ചെയര്‍മാന്‍ രണ്ട് തവണ യോഗം വിളിച്ചുവെങ്കിലും അത് സെക്രട്ടറിയെ സംരക്ഷിക്കാനായി അജണ്ട പൂര്‍ണ്ണമായി കാണിക്കാതെയായിരുന്നുവെന്ന് കൗണ്‍സിലര്‍ ബോബന്‍ ദേവസ്യ കുറ്റപ്പെടുത്തി. അവസാനം ചെയര്‍മാനെ ഒഴിവാക്കി കൗണ്‍സിലര്‍മാര്‍ നേരിട്ട് യോഗം വിളിച്ചുചേര്‍ക്കുമെന്ന സ്ഥിതി സംജാതമായതോടെയാണ് ചൊവ്വാഴ്ച വൈകിട്ട് കൃത്യമായ അജണ്ട ഉള്‍കൊള്ളിച്ച് നോട്ടീസ് നല്‍കിയതെന്നും ബോബന്‍ ദേവസ്യാ പറഞ്ഞു.

മാര്‍ച്ച് 31ന് പണി തീര്‍ത്ത് ബില്‍ സമര്‍പ്പിച്ച പ്രോജക്ടുകളില്‍ തനതു ഫണ്ട് തുക മെയ്മാസം കഴിഞ്ഞിട്ടും നല്‍കിയില്ല, മത്സ്യമാര്‍ക്കറ്റ് ലേലം ചെയ്യുന്നതിന് നടപടികള്‍ എടുത്തില്ല, പല കൗണ്‍സില്‍ യോഗങ്ങളിലും സെക്രട്ടറി പങ്കെടുത്തില്ല, സെക്രട്ടറിക്ക് താമസിക്കുന്നതിന് വാടകയ്ക്ക് എടുത്ത വീട് ഉപയോഗിക്കാത്തതു മൂലം നഗരസഭയ്ക്ക് വന്‍ നഷ്ടമുണ്ടായി, ഫയലുകള്‍ സമയബന്ധിതമായി തീര്‍ക്കാത്തതുമൂലം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു, വിവിധ കോടതികളില്‍ നിലവിലുള്ള കേസുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കിയില്ല തുടങ്ങി 19 ആരോപണങ്ങളാണ് കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്.

2019 ഏപ്രില്‍ 30ലെ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയില്‍ ഇല്ലാതിരുന്നിട്ടും കൗണ്‍സിലര്‍ ഉഷാ സുരേഷ് അവതരിപ്പിച്ച പടിഞ്ഞാറെനട കുടിവെള്ളപദ്ധതിയ്ക്ക് പണം അനുവദിക്കുന്ന വിഷയം പിന്നീട് പരിഗണിക്കാമെന്നായിരുന്നു തീരുമാനം. എന്നാല്‍ 10 ലക്ഷം രൂപാ അനുവദിച്ചു എന്ന്് കൗണ്‍സില്‍ തീരുമാനിച്ചതായി സെക്രട്ടറി വ്യാജമായി എഴുതിചമച്ചുവെന്നും കത്തില്‍ ആരോപിക്കുന്നു. പദ്ധതികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കാന്‍ പാടില്ലാ എന്നിരിക്കെ 10 ലക്ഷം രൂപയുടെ റിംഗ് കമ്പോസ്റ്റ് നിര്‍മ്മാണപ്രവൃത്തികള്‍ക്ക് അഡ്വാന്‍സ് തുക ട്രഷറിയില്‍ അടച്ചുവെന്നും ആരോപിക്കുന്നു.

യുഡിഎഫ് ഭരിക്കുന്ന 35 വാര്‍ഡുകളുള്ള നഗരസഭയില്‍ കോണ്‍ഗ്രസ് -9, കേരളാ കോണ്‍ഗ്രസ് - 5, സിപിഎം -11, സിപിഐ -1, ബിജെപി - 5, സ്വതന്ത്രന്‍മാര്‍ - 4 എന്നിങ്ങനെയാണ് കക്ഷിനില. ഇവരില്‍ 8 കോണ്‍ഗ്രസുകാരും 9  സിപിഎം പ്രതിനിധികളും സിപിഐയിലെ ഏക അംഗവും രണ്ട് സ്വതന്ത്രരുമാണ് സെക്രട്ടറിക്കെതിരെയുള്ള കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ബിജെപിയുടെയും കേരളാ കോണ്‍ഗ്രസിന്‍റെയും അഞ്ച് പേര്‍ വീതവും രണ്ട് സിപിഎം അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും സെക്രട്ടറിക്ക് അനുകൂലനിലപാടാണ് സ്വീകരിച്ചത്. മറ്റ് പാര്‍ട്ടി അംഗങ്ങളെയും ചേര്‍ത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിച്ച നിലപാട് ശരിയല്ലെന്നാരോപിച്ച് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയും കോണ്‍ഗ്രസ് പ്രതിനിധിയുമായ സൂസന്‍ തോമസ് കത്തില്‍ ഒപ്പിട്ടില്ല. 

കത്ത് ചെയര്‍മാന് നല്‍കിയതിന്ശേഷം സെക്രട്ടറിക്കെതിരെ നിലകൊള്ളരുതെന്ന് സിപിഎം നിര്‍ദ്ദേശമുണ്ടായതായാണ് അറിയുന്നത്. കത്തില്‍ പറയുന്ന ആരോപണങ്ങള്‍ സെക്രട്ടറി അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതുമൂലം ഉയര്‍ന്നുവന്നതാണെന്നും വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നഗരസഭയില്‍ നടത്തിയ ക്രമക്കേടുകള്‍ കൃത്യമായി വെളിച്ചത്ത് കൊണ്ടുവരാനാവുമെന്നും കത്തില്‍ ഒപ്പിടാത്ത കൌണ്‍സിലര്‍മാരില്‍ പറയുന്നു. സെക്രട്ടറിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച് കേരളാ കോണ്‍ഗ്രസ് ഇവരോട് സഹകരിക്കാത്തതില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അമര്‍ഷം രേഖപ്പെടുത്തി. ഇതുവരെ ചെയര്‍മാന് സ്തുതി പാടി നടന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആറ് മാസത്തിനകം അവിശ്വാസത്തിലൂടെ അദ്ദേഹത്തെ താഴെയിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K