02 July, 2019 09:41:31 PM
പേരൂര്‍ പമ്പ് ഹൗസില്‍ അഗ്നിബാധ: ഒരാഴ്ചയോളം കുടിവെള്ളവിതരണം ഭാഗികമായി മുടങ്ങും
ഏറ്റുമാനൂര്‍: ജല അതോറിറ്റിയുടെ പേരൂര്‍ പൂവത്തുംമൂട്ടിലുള്ള പമ്പ് ഹൗസില്‍ അഗ്നിബാധ. ചൊവ്വാഴ്ച വൈകിട്ട് 7.30 മണിയോടെ ഉണ്ടായ തീപിടുത്തത്തില്‍ ഒരു മോട്ടോറിന്‍റെ പാനല്‍ ബോര്‍ഡ് പൂര്‍ണമായും കത്തി പോയി. മീനച്ചിലാറ്റില്‍ നിന്നും ഗാന്ധിനഗറിലെ ട്രീറ്റ്മെന്‍റ് പ്ലാന്‍റിലേക്ക് വെള്ളമെത്തിക്കുന്നതിന് പ്രവര്‍ത്തിച്ചിരുന്ന 180 കുതിരശക്തിയുടെ രണ്ട് മോട്ടോറുകളില്‍ ഒന്ന് അഗ്നിബാധയില്‍ പ്രവര്‍ത്തനരഹിതമായി. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അഗ്നിബാധയെ തുടര്‍ന്ന് മണിക്കൂറുകളോളം ജലവിതരണം നിലച്ചു. കോട്ടയത്തുനിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് സംഘത്തിന്‍റെ സാന്നിദ്ധ്യത്തില്‍ അടുത്ത മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. പക്ഷെ കോട്ടയം മെഡിക്കല്‍ കോളേജിലും ഗാന്ധിനഗര്‍ സെക്ഷന്‍റെ പരിധിയില്‍ വരുന്ന അയ്മനം, ആര്‍പ്പൂക്കര, അതിരമ്പുഴ, നീണ്ടൂര്‍, കാണക്കാരി, കുറുപ്പന്തറ, ഏറ്റുമാനൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും ഒരാഴ്ചയോളം ജലവിതരണം ഭാഗികമായി തടസപ്പെട്ടേക്കുമെന്ന് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ വിഷ്ണു സി ഉണ്ണിത്താന്‍ പറഞ്ഞു.