30 June, 2019 06:38:54 PM


പ്രളയത്തില്‍ മുങ്ങി ഏറ്റുമാനൂര്‍ താലൂക്കും; പുതിയ താലൂക്ക് രൂപീകരണം ഉടന്‍ വേണ്ടെന്ന് സര്‍ക്കാര്‍



ഏറ്റുമാനൂർ: ഏറ്റുമാനൂര്‍ താലൂക്ക് എന്ന ജനങ്ങളുടെ സ്വപ്നം വീണ്ടും ജലരേഖയായി. പ്രളയത്തെ തുടര്‍ന്ന് സര്‍ക്കാരിന്‍റെ സാമ്പത്തികസ്ഥിതി മോശമായ സാഹചര്യത്തില്‍ പുതിയ താലൂക്കുകള്‍ ഒന്നും അനുവദിക്കേണ്ടതില്ല എന്ന നിലപാട് ധനകാര്യവകുപ്പ് സ്വീകരിച്ചതോടെയാണിത്. ഏറ്റുമാനൂർ താലൂക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 2018 ഫെബ്രുവരിയില്‍ അഡ്വ. കെ. സുരേഷ് കുറുപ്പ് എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് അനുകൂലമറുപടിയാണ്  റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ നല്‍കിയത്.


ഏറ്റുമാനൂര്‍ ഉള്‍പ്പെടെയുള്ള താലൂക്കുകള്‍ രൂപീകരിക്കുന്നതിനുള്ള റിപ്പോർട്ട് ലാൻഡ് റവന്യു കമ്മിഷണർക്കു നൽകിയിട്ടുണ്ടെന്നും ഉചിതതീരുമാനം ഉണ്ടാകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാല്‍ വിഷയം ധനകാര്യവകുപ്പിന് മുമ്പില്‍ എത്തിയപ്പോള്‍ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. വിഷയം പഠിക്കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഉള്‍പ്പെട്ട കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കുന്ന സര്‍ക്കാരിന്‍റെ സാമ്പത്തികപ്രതിസന്ധി വളരെ രൂക്ഷമായിരിക്കെ താലൂക്ക് സ്വപ്നമായി തുടരുകയേ ഉള്ളു. 


കോട്ടയം താലൂക്കിലെ ആർപ്പൂക്കര, ഏറ്റുമാനൂർ, അതിരമ്പുഴ, അയർക്കുന്നം, കൈപ്പുഴ, ഓണന്തുരുത്ത്, പേരൂർ വില്ലേജുകളും വൈക്കം താലൂക്കിലെ കല്ലറ, കോതനല്ലൂർ, മാഞ്ഞൂർ വില്ലേജുകളും മീനച്ചിൽ താലൂക്കിലെ കാണക്കാരി വില്ലേജും ഉൾപ്പെടുത്തിയാണ് ഏറ്റുമാനൂർ താലൂക്ക് രൂപീകരണത്തിന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. വടക്ക് - കുറവിലങ്ങാട്, ഇലയ്ക്കാട്, തെക്ക് - തിരുവാര്‍പ്പ്, കുമരകം, കോട്ടയം, കിഴക്ക് - പൂവരണി, പുലിയന്നൂര്‍, മണര്‍കാട്, പടിഞ്ഞാറ് - വെച്ചൂര്‍, തലയാഴം എന്നിങ്ങനെ താലൂക്കിന്‍റെ അതിര്‍ത്തിയും നിശ്ചയിച്ചായിരുന്നു റിപ്പോര്‍ട്ട്. താലൂക്ക് പുനഃസംഘടന സംബന്ധിച്ചു റിപ്പോർട്ട് തയാറാക്കുന്നതിനു നിയോഗിച്ച ഡോ.ബാബുപോൾ കമ്മിഷൻ ആദ്യ പരിഗണന നൽകിയതും ഏറ്റുമാനൂർ താലൂക്ക് രൂപീകരിക്കുന്നതിനായിരുന്നു. 


80 വർഷങ്ങൾക്കു മുമ്പ് വരെ രാജഭരണകാലത്തു താലൂക്ക് ആസ്ഥാനമായിരുന്നു ഏറ്റുമാനൂര്‍. ദിവാന്‍ ടി.രാഘവയ്യയുടെ കാലത്ത് ചെലവുചുരുക്കലിന്‍റെ ഭാഗമായി നിര്‍ത്തല്‍ ചെയ്ത ഏറ്റുമാനൂര്‍ താലൂക്ക് പുനസംഘടിപ്പിക്കലും സര്‍ക്കാരിന്‍റെ ചെലവു ചുരുക്കലില്‍ പെട്ട് ഉഴലുകയാണ്. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തോട് ചേര്‍ന്നുള്ള 'സത്രം' കെട്ടിടത്തിലാണ് പണ്ട് താലൂക്ക് ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്നത്. 10 വർഷം മുൻപ് ഈ കെട്ടിടം സ്പെഷൽ തഹസിൽദാർ ഓഫിസായി പ്രവർത്തിച്ചു. പിന്നീട് ഈ കെട്ടിടം ഉപയോഗശൂന്യമായതോടെ തൊട്ടടുത്ത് പണിത പുതിയ കെട്ടിടത്തില്‍ തിരഞ്ഞെടുപ്പു സാമഗ്രികൾ സൂക്ഷിക്കുകയാണ്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K