29 June, 2019 03:21:26 PM
'കുളിപ്പിച്ചിട്ടും കുളിപ്പിച്ചിട്ടും മണം മാറാതെ' ഏറ്റുമാനൂര്‍; നഗരസഭയില്‍ ഭരണസ്തംഭനം മൂര്‍ദ്ധന്യാവസ്ഥയിലേക്ക്
ഏറ്റുമാനൂര്‍: 'ഇത് പാഴ്വാക്കല്ല, ഒരു മാസത്തിനകം ഏറ്റുമാനൂരിന്‍റെ മുഖഛായ മാറ്റും'. 30 ദിവസത്തിനകം ഏറ്റുമാനൂര്‍ മാതൃകാ ശുചിത്വ നഗരമായി മാറിയില്ലെങ്കില്‍ എന്നെ കുരിശിലേറ്റികൊള്ളൂ. കുളിപ്പിച്ചിട്ടും കുളിപ്പിച്ചിട്ടും മണം മാറാത്ത അവസ്ഥയില്‍ നിലകൊള്ളുന്ന ഏറ്റുമാനൂരിന്‍റെ ശുചിത്വം ഉറപ്പാക്കി 2019 ഏപ്രില്‍ 30ന് പുതിയ നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് അധികാരമേറ്റപ്പോള്‍ നടത്തിയ പ്രഖ്യാപനമാണിത്. മാറ്റത്തിന്‍റെ കൊടുങ്കാറ്റുമായി വന്ന മുന്‍ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ ആറ് മാസത്തെ ഭരണശേഷം കസേര വിട്ടിറങ്ങിയപ്പോള്‍ അധികാരത്തിലേറിയ ജോര്‍ജിന്‍റെ വാക്കുകള്‍ വിശ്വസിച്ച ജനം വീണ്ടും വിഢികളായി. ചെയര്‍മാന്‍റെ പ്രഖ്യാപനം നടന്നിട്ട് ഇന്ന് രണ്ട് മാസം പിന്നിടുന്നു. നഗരം ശുചിയായുമില്ല, ആരും ചെയര്‍മാനെ കുരിശില്‍ കയറ്റാനും പോയില്ല.
ഏറ്റുമാനൂര്‍ നിവാസികള്‍ വര്‍ഷങ്ങളായി കേട്ടു തഴമ്പിച്ച വാക്കാണ് 'ശുചിത്വനഗരം'. ഇന്നത്തെ ചെയര്‍മാന്‍ ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ അവസാന പ്രസിഡന്‍റായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെ അദ്ദേഹം സ്ഥാപിച്ച മാലിന്യസംസ്കരണ പ്ലാന്‍റ് ഇന്നും മാലിന്യങ്ങള്‍ക്കു നടുവില്‍ നോക്കുകുത്തിയായി നഗരസഭാ കാര്യാലയത്തിന് പിന്നില്‍ സ്ഥിതിചെയ്യുന്നു. വഴിവിളക്കുകള്‍ക്ക് ആവശ്യമായ വൈദ്യുതി കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച ബയോ വേസ്റ്റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റും പണിമുടക്കിയിട്ട് മാസങ്ങളായി. നഗരസഭ ആയതിനു ശേഷം ശുചിത്വം ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിക്കപ്പെട്ടെങ്കിലും അവയെല്ലാം തന്നെ ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്കിടയില്‍ നടപ്പിലാകാതെ നീണ്ടുപോകുകയായിരുന്നു.
നഗരത്തില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കും, മത്സ്യമാര്‍ക്കറ്റില്‍ നിന്നും തെര്‍മോക്കോള്‍, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങള്‍ നഗരസഭാ പരിസരത്തും മറ്റും ഉപേക്ഷിക്കുന്ന മത്സ്യവ്യാപാരികളുടെ ലൈസന്‍സ് റദ്ദാക്കും - ഇങ്ങനെ പോകുന്നു നഗരസഭയില്‍ ഇതുവരെ വന്നുപോയ ഓരോ ചെയര്‍മാന്‍മാരും പ്രഖ്യാപിച്ച് നടപ്പിലാക്കാനാവാതെ പോയ വെറും ചെറിയ കാര്യങ്ങള്‍. അപ്പോള്‍ പിന്നെ വലിയ പദ്ധതികളെ പറ്റി ചിന്തിക്കുക പോലും വേണ്ടെന്ന അഭിപ്രായക്കാരാണ് ഒരു വിഭാഗം കൌണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും.
ഏറ്റുമാനൂര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നഗരമധ്യത്തിലെ മത്സ്യമാര്‍ക്കറ്റ് തന്നെ. മത്സ്യമാര്‍ക്കറ്റ് ഇവിടെ നിന്നും മാറ്റി ഒപ്പം സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ഉള്‍പ്പെടെ നഗരം ശുചീകരിക്കുന്നതിനുള്ള വന്‍ പദ്ധതിയ്ക്ക് ആരോഗ്യകാര്യ സ്ഥിരം സമിതി രൂപകല്‍പന നല്‍കിയിരുന്നു. നഗരത്തിന്‍റെ മുഖഛായ മാറ്റുന്നതിന് പുല്ലു ചെത്തുകയും മറ്റും ചെയ്യുന്ന ചെയര്‍മാന്‍മാര്‍ എന്ത് കൊണ്ട് മാര്‍ക്കറ്റ് മാറ്റിസ്ഥാപിക്കാനോ ഈ പദ്ധതി നടപ്പാക്കാനോ തയ്യാറാകുന്നില്ല എന്നാണ് നാട്ടുകാരുടെ ചോദ്യം. 'ബിനാമികളെ വെച്ചും അല്ലാതെയും കച്ചവടത്തിലേര്‍പ്പെട്ടിരിക്കുന്ന ചില കൌണ്‍സിലര്‍മാരടക്കമുള്ളവരുടെ രാഷ്ട്രീയതാല്‍പര്യമാണ് മത്സ്യമാര്‍ക്കറ്റ് ഇവിടെ നിന്നും മാറ്റാതിരിക്കുക' എന്ന ഉത്തരം നല്‍കുന്നതും കൌണ്‍സിലര്‍മാര്‍ തന്നെ.
മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ നഗരസഭ ആസ്ഥാനത്തിനും ബസ് സ്റ്റാന്‍റുകള്‍ക്കും സമീപത്തുകൂടിയുള്ള നിരത്തുകളിലും ഓടകളിലും പരന്നൊഴുകുന്നത് വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ദുര്‍ഗന്ധപൂരിതമായ ഈ പ്രദേശങ്ങളില്‍ നട്ടുച്ചയ്ക്കു പോലും മൂക്ക് പൊത്താതെ നടക്കാനാവാത്ത സ്ഥിതി. നിരോധിക്കപ്പെട്ട തെര്‍മോക്കോള്‍ പെട്ടികളും പ്ലാസ്റ്റിക് കവറുകളും വന്‍തോതില്‍ ഉപയോഗിക്കുന്നതും മത്സ്യാവശിഷ്ടങ്ങള്‍ ദിവസങ്ങളോളം മാര്‍ക്കറ്റില്‍ സൂക്ഷിക്കുന്നതും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിട്ടും തുടര്‍നടപടികള്‍ കടലാസില്‍ ഒതുങ്ങി. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം ഏറ്റുമാനൂരിലെ വിപണിയില്‍ ധാരാളമായി എത്തുന്നുവെന്ന് കണ്ടെത്തിയിട്ടും പരിശോധനകള്‍ പ്രഹസനമായി മാറുകയായിരുന്നു.
മീനച്ചിലാറും നഗരസഭാ അതിര്‍ത്തിയിലെ തോടുകളും കിണറുകളും ഉള്‍പ്പെടെയുള്ള ജലസ്ത്രോതസുകളും മാലിന്യമാകുന്നത്തിനു കാരണമായ മത്സ്യമാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി അവ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ഉദ്ദേശത്തോടെ ഒരു വര്‍ഷം മുമ്പ് വിഭാവനം ചെയ്ത ക്ഷേത്രനഗരം ശുചിത്വനഗരം പദ്ധതിയും ഇതുവരെ പൂര്‍ണ്ണതയില്‍ എത്തിയില്ല. സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിനൊപ്പമുള്ള പദ്ധതികളായിരുന്നു റിംഗ് കമ്പോസ്റ്റ്, പ്ലാസ്റ്റിക് കുപ്പികളുടെ കളക്ഷന്‍ സെന്‍ററുകള്‍, തുമ്പൂര്‍മൂഴി മോഡല്‍ മാലിന്യനിര്‍മ്മാര്‍ജന പ്ലാന്‍റ് ഇവയെല്ലാം. നഗരസഭ നാല് വര്‍ഷം പൂര്‍ത്തിയാകാറായപ്പോള്‍ ഇവയില്‍ പണി തുടങ്ങി എന്ന് പറയാനാവുന്നത് പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിന്‍റെ കെട്ടിടം മാത്രം.
35 വാര്‍ഡുകളുള്ള നഗരസഭയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് ജീവനക്കാരില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്നം. കണ്ടിജന്‍സി ജീവനക്കാരുടെ 23 ഒഴിവുകളാണ് നഗരസഭയില്‍ ഉള്ളത്. ഈ തസ്തികകളില്‍ മുഴുവന്‍ നിയമനം നടന്നിട്ടുണ്ടെന്നും ഇവരില്‍ ഒമ്പത് ജീവനക്കാരെ മാത്രമാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ നഗരസഭാ കാര്യാലയത്തിനുള്ളില്‍ വിവിധ ഓഫീസ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുകയാണെന്ന് കൌണ്‍സിലര്‍മാര്‍ തന്നെ ആരോപിക്കുന്നു. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാനായി നഗരസഭയ്ക്കു ചുറ്റുമായി സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ പ്രവര്‍ത്തിക്കുന്നതും നല്ല നേരം നോക്കി.
നഗരസഭയുടെ ഭരണനിര്‍വ്വണവും പദ്ധതിനിര്‍വ്വഹണവും സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തതയില്ലാത്തതായിരുന്നു പദ്ധതികള്‍ താളം തെറ്റാന്‍ കാരണമായതെന്ന് കൌണ്‍സിലര്‍മാര്‍ തിരിച്ചറിയുന്നത് തന്നെ നാല് വര്‍ഷം പിന്നിട്ടപ്പോള്‍. ഫണ്ടുകള്‍ ഒന്നൊന്നായി ലാപ്സാകാന്‍ തുടങ്ങിയതോടെ വാര്‍ഡുകളില് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കാതായി. നികുതി കൃത്യമായി പിരിക്കാത്തതും നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലെ കാലതാമസവും സമയത്ത് ബില്ലുകള്‍ മാറാത്തതും ഒക്കെ നഗരസഭയുടെ ഖജനാവിനെയും ബാധിച്ചു. ഇതിനിടെയാണ് നഗരസഭയുടെ വാഹനങ്ങള്‍ പ്രവൃത്തിസമയം കഴിഞ്ഞും അല്ലാതെയും ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ചില വ്യക്തിതാല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതുപോലുള്ള ധൂര്‍ത്തുകളും അരങ്ങുവാഴുന്നത്.
ഇതിനിടെ നാട്ടുകാരുടെ പരാതികള്‍ ഉള്‍പ്പെടെ കൌണ്‍സിലില്‍ ചര്‍ച്ച ചെയ്യേണ്ട പല വിഷയങ്ങളിലും അതിന് മുതിരാതെ ചെയര്‍മാന്‍ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഭരണകര്‍ത്താക്കളും ഉദ്യോഗസ്ഥരും രണ്ട് തട്ടിലായപ്പോള്‍ രൂപം കൊണ്ട ഭരണസ്തംഭനം ഇപ്പോള്‍ മൂര്‍ദ്ധന്യാവസ്ഥയിലായതോടെ കൌണ്‍സിലര്‍മാര്‍ പ്രതികരിച്ചു തുടങ്ങി. ഇപ്പോള്‍ സെക്രട്ടറിയെ മാറ്റണം എന്ന ആവശ്യവുമായാണ് ഒരു വിഭാഗം അംഗങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ ശേഷിക്കുന്ന ഒരു വര്‍ഷം കൊണ്ട് ഉദ്ഘാടനങ്ങള്‍ അല്ലാതെ എന്തെങ്കിലും പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ആവുമോ എന്ന് കൌണ്‍സിലര്‍മാര്‍ തന്നെ ചോദിച്ചു തുടങ്ങിയിരിക്കുകയാണ്.