27 June, 2019 04:39:21 PM
ബസുകളുടെ മത്സര ഓട്ടം തടയണം; കഞ്ഞികുഴിയിലെ ഗതാഗതതടസം പരിഹരിക്കുന്നതിന് പുതിയ നിര്‍ദ്ദേശം
കോട്ടയം: ബസുകള്‍ അപകടകരമായ രീതിയില്‍ മത്സര ഓട്ടം നടത്തുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ജില്ലാതല റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് പരാതി. കൊടുംവളവുകളും നടപ്പാതയിലെ സ്ഥല പരിമിതിയും കണക്കിലെടുക്കാതെ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ അതിവേഗത്തില്‍ പായുന്നത് ബസ് യാത്രക്കാരുടെയും മറ്റു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെയും ജീവന് ഭീഷണി ഉയര്‍ത്തുന്നതായി യാത്രക്കാരുടെ സംഘടന നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതി ആര്‍.ടി.എ ഫയലില്‍ സ്വീകരിച്ചു.
സമയക്രമം കൃത്യമായി പാലിച്ചാണ് ബസുകള്‍ സര്‍വീസ് നടത്തുന്നതെന്ന് ഉറപ്പാക്കാന്‍ ബസ് സ്റ്റാന്‍ഡുകളില്‍ പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സംഘടന നിര്‍ദേശിച്ചു. കോട്ടയം കഞ്ഞിക്കുഴിയിലെ ഗതാഗത തടസം നീക്കുന്നതിനുള്ള ജില്ലാ പോലീസ് മേധാവിയുടെ അഞ്ചിന നിര്‍ദേശങ്ങള്‍ യോഗം പരിഗണിച്ചു. പുതിയ പെര്‍മിറ്റിനും പെര്‍മിറ്റ് പുതുക്കുന്നതിനും സ്പെഷ്യല്‍ പെര്‍മിറ്റിനും സ്വകാര്യ ബസുകളുടെയും ഓട്ടോ റിക്ഷകളുടെയും ഉടമകള്‍ സമര്‍പ്പിച്ച 109 അപേക്ഷകളില്‍ ആര്‍.ടി.എ വാദം കേട്ടു. അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ എല്‍.എ.പി.ടി ലൈസന്‍സിനായി സമര്‍പ്പിച്ച അപേക്ഷയും പരിഗണിച്ചു.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു, ജില്ലാ പോലീസ് മേധാവി പി.എസ് സാബു, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എം. സുരേഷ്, ആര്‍.ടി.ഒ ബാബു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഞ്ഞിക്കുഴിയിലെ ഗതാഗത തടസം പരിഹരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍.
(1) ഇറഞ്ഞാല്‍ ഭാഗത്തു നിന്നും കെ.കെ. റോഡ് ക്രോസ് ചെയ്ത് പുതുപ്പള്ളി, ദേവലോകം, ടൗണ്‍ എന്നിവിടങ്ങളിലേക്ക് വാഹനങ്ങള്‍ പോകുന്നത് നിരോധിക്കണം. (2) ഇങ്ങനെ പോകേണ്ട വാഹനങ്ങള്‍ മദര്‍ തെരേസ റോഡു വഴി റബര്‍ ബോര്‍ഡ് ജംഗ്ഷനില്‍ എത്തി പോലീസ് ക്ലബ് - ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ജംഗ്ഷന്‍ വഴി കെ.കെ. റോഡില്‍ പ്രവേശിച്ച് യാത്ര തുടരണം. ഇറഞ്ഞാല്‍ ഭാഗത്തുനിന്നും കെ.കെ. റോഡു വഴി പോകേണ്ട വാഹനങ്ങള്‍ക്ക് ഫ്രീ ലെഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്തി യാത്ര തുടരാം. (3) പുതുപ്പള്ളി, ദേവലോകം മേഖലകളില്‍നിന്ന് കെ.കെ. റോഡുവഴി കിഴക്കോട്ട് പോകേണ്ട വാഹനങ്ങള്‍ ബാവന്‍സിനു മുന്നിലെത്തി വലത്തേക്ക് തിരിഞ്ഞ് മൗണ്ട് കാര്‍മല്‍ സ്കൂള്‍ ജംഗ്ഷനില്‍നിന്നും വലത്തേക്ക് തിരിഞ്ഞ് ഫ്രീ ലെഫ്റ്റ് എടുത്ത് കെ.കെ. റോഡില്‍ പ്രവേശിക്കണം.
(4) കെ.കെ. റോഡില്‍ കഞ്ഞിക്കുഴി ജംഗ്ഷനില്‍നിന്നും ഇറഞ്ഞാല്‍ റോഡിലേക്ക് പ്രവേശനം നിരോധിക്കണം. ഇറഞ്ഞാല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബാവന്‍സ് ജംഗ്ഷനിലെത്തി വലത്തേക്ക് പോകണം. (5) മദര്‍ തെരേസാ റോഡില്‍ ഇറഞ്ഞാല്‍-തിരുവഞ്ചൂര്‍ റോഡ് ജംഗ്ഷന്‍ മുതല്‍ റബര്‍ ബോര്‍ഡ് ജംഗ്ഷന്‍ വരെ വണ്‍വേ ആക്കുക (റബര്‍ ബോര്‍ഡ് ജംഗ്ഷനില്‍നിന്ന് ഇറഞ്ഞാല്‍ റോഡിലേക്ക് പ്രവേശനമുണ്ടാകില്ല). റബര്‍ ബോര്‍ഡ് ജംഗ്ഷനില്‍നിന്നും ഇറഞ്ഞാല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പോലീസ് ക്യാമ്പിന് താഴെയുള്ള വഴിയിലൂടെ പൈപ്പ് ലൈന്‍ റോഡില്‍നിന്നും വലത്തേക്ക് പോയി ഇറഞ്ഞാല്‍ റോഡില്‍ പ്രവേശിക്കണം.