26 June, 2019 08:10:05 PM
ആരോഗ്യകേന്ദ്രത്തില്‍ രോഗികള്‍ പെരുവഴിയില്‍; ഏറ്റുമാനൂര്‍ ആയുര്‍വേദ ആശുപത്രിയുടെ നിര്‍മ്മാണം ഇഴയുന്നു
നഗരസഭയിലെ ഭരണസ്തംഭനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേശ് ഏറ്റുമാനൂര്‍
ഏറ്റുമാനൂര്‍: കനത്ത മഴയും വെയിലും അവഗണിച്ച് വഴിയരികില്‍ കസേരയിട്ട് കുടയും ചൂടി തങ്ങളുടെ ഊഴം കാത്തിരിക്കുന്ന രോഗികള്‍. ഏറ്റുമാനൂര്‍ - മണര്‍കാട് ബൈപാസ് റോഡരികില്‍ പേരൂരില്‍ സ്ഥിതി ചെയ്യുന്ന കുടുംബാരോഗ്യകേന്ദ്രത്തിലെ കാഴ്ചയാണിത്. ചികിത്സക്കായി എത്തുന്ന രോഗികള്‍ കൂടുതല്‍ രോഗങ്ങളുമായി മടങ്ങുന്നു. കൊച്ചുകുട്ടികളെയും കൊണ്ടുള്ള അമ്മമാരും ജീവിതശൈലി രോഗങ്ങള്‍ക്ക് ചികിത്സയ്ക്കെത്തുന്ന പ്രായമേറിയവരും ഉള്‍പ്പെടെയുള്ള രോഗികള്‍ ഒന്ന് ഇരിക്കാന്‍ ഇട പോലുമില്ലാതെ വഴിയരികില്‍ ഒരേ നില്‍പു നില്‍ക്കുകയാണിവിടെ.
പേരൂര്‍ പുളിമൂട് കവലയ്ക്കടുത്താണ് നഗരസഭാ പതിനെട്ടാം വാര്‍ഡിലെ കുടുംബാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ആരോഗ്യകേന്ദ്രത്തിന്‍റെ കെട്ടിടം ഇടിഞ്ഞുവീഴാറായതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് വെളിച്ചവും വായുവും കയറാത്ത ഒരു ചെറിയ മുറി താത്ക്കാലികമായി പണിതു. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്തായിരുന്നു ഇത്. പുതിയ കെട്ടിടത്തിന് തുക അനുവദിച്ചതല്ലാതെ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രദേശവാസികള്‍ ചികിത്സക്കെത്തുന്നത് വൈദ്യുതി കണക്ഷന്‍ പോലുമില്ലാത്ത ഈ ഇടുങ്ങിയ മുറിയില്‍. തൊട്ടടുത്ത സ്കൂളിലേക്കുള്ള പ്രവേശനവഴിയും അയല്‍ക്കാരുടെ വീടുമൊക്കെയാണ് രോഗികളുടെ വിശ്രമകേന്ദ്രങ്ങള്‍ ഇപ്പോള്‍.
രോഗികള്‍ക്കായി കാത്തിരിപ്പ് കേന്ദ്രം പണിയണമെന്ന ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റിയുടെ നിര്‍ദ്ദേശം നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ച് കഴിഞ്ഞ വര്‍ഷവും അനുവദിച്ചു ഏഴ് ലക്ഷം രൂപാ. പക്ഷെ തുടര്‍ നടപടികള്‍ എങ്ങുമെത്തിയില്ല. നിര്‍മ്മാണം ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാകാത്തതാണ് കാരണമെന്ന് അധികൃതര്‍. ഉദ്യോഗസ്ഥരുടെയും ഭരണസമിതിയുടെയും തൊഴുത്തില്‍കുത്ത് മൂലം സമയത്ത് ബില്ലുകള്‍ മാറി പണം ലഭിക്കാത്തതുകൊണ്ടാണ് പുതിയ പണികള്‍ തങ്ങള്‍ ഏറ്റെടുക്കാത്തതെന്ന് കരാറുകാര്‍. ഇതുപോലെ തന്നെ ആറ് ആരോഗ്യകേന്ദ്രങ്ങള്‍ കൂടി നഗരസഭയുടെ കീഴില്‍. എല്ലായിടത്തും അസൌകര്യങ്ങളുടെ നീണ്ട പട്ടികയാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്.
നഗരസഭാ ആരോഗ്യവിഭാഗത്തിന്‍റെ പ്രസാദം പദ്ധതിയുടെ ഭാഗമായി ജീവിതശൈലി രോഗങ്ങള്‍ക്ക് സമ്പൂര്‍ണ്ണ സൗജന്യചികിത്സ ലഭ്യമാക്കുന്നത് വിവിധ ഭാഗങ്ങളിലുള്ള കുടുംബക്ഷേമ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ്. ഇതിന്‍റെ തുടര്‍പരിശോധനയ്ക്കും മറ്റുമായി നൂറ്കണക്കിന് രോഗികളാണ് എല്ലാ ആഴ്ചയും ഇവിടെയെത്തുന്നത്. വൃദ്ധര്‍ക്കു വേണ്ടിയുള്ള ബയോമിത്രം പദ്ധതിയും ഈ കേന്ദ്രങ്ങളിലൂടെയാണ് നടപ്പിലാക്കുന്നത്. ഇതിനിടെയാണ് കൊച്ചുകുട്ടികളെയും കൊണ്ട് പ്രതിരോധകുത്തിവെപ്പിന് എത്തുന്ന അമ്മമാര്‍.
ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്ക് പുറമെ നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന പ്രൈമറി ഹെല്‍ത്ത് സെന്‍ററിന്‍റെ സ്ഥിതിയും മറിച്ചല്ല. കോട്ടയം മെഡിക്കല്‍ കോളേജിന്‍റെ ട്രയിനിംഗ് സെന്‍റര്‍ കൂടിയായ ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത് നഗരസഭാ അതിര്‍ത്തിയില്‍ ആണെങ്കിലും ഭരണം ബ്ലോക്ക് പഞ്ചായത്തിനാണ്. ഇത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതികമായ തടസങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ മരുന്നുകളും മറ്റും നഗരസഭയുടെ ആസ്തിരജിസ്റ്ററില്‍ ഉള്‍കൊള്ളിച്ച് ആശുപത്രിക്ക് വാങ്ങി നല്‍കിയാണ് പല പദ്ധതിപ്രവര്‍ത്തനങ്ങളും ഭാഗികമായെങ്കിലും നടപ്പാക്കുന്നതെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറയുന്നു.
ആശുപത്രി തങ്ങള്‍ക്ക് വിട്ടുകിട്ടിയാല്‍ മാത്രമേ നഗരസഭയുടെ വിവിധ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താനാവു എന്നതു ചൂണ്ടികാട്ടി കൌണ്‍സില്‍ പ്രമേയം പാസാക്കി ആരോഗ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിയ്ക്കും ഒക്കെ നല്‍കിയെങ്കിലും ഫലം കണ്ടിട്ടില്ല. മാത്രമല്ല, നഗരസഭയുടെ ആകെ പദ്ധതിപ്രവര്‍ത്തനങ്ങളുടെ 17 ശതമാനം തുക മാത്രമാണ് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കുന്നത്. ഇത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, മരുന്ന് തുടങ്ങി മറ്റ് പ്രവര്‍ത്തനങ്ങള്‍ ഇവയ്ക്കെല്ലാം കൂടി പലപ്പോഴും തികയാതെ വരുന്നതും പ്രശ്നമാകാറുണ്ടെന്ന് അധികൃതര്‍ ചൂണ്ടികാട്ടുന്നു. അത് പദ്ധതികള്‍ പാതിവഴിയില്‍ ഇഴയാനും കാരണമാകുന്നു.
പേരൂരില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭാ ആയുര്‍വേദ ആശുപത്രിക്കായി നിര്‍മ്മിക്കുന്ന പുതിയ മന്ദിരത്തിന്‍റെ നിര്‍മ്മാണവും പാതിവഴിയിലാണ്. കിടപ്പുരോഗികള്‍ക്ക് എല്ലാ വിധ ചികിത്സാസൌകര്യങ്ങളോടും കൂടി നിലവിലെ ആശുപത്രി വളപ്പില്‍ പണിയുന്ന മന്ദിരത്തിന് 17 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍ കരാര്‍ കാലാവധിക്കുള്ളില്‍ പണികള്‍ തീര്‍ന്നില്ല. ഈ വര്‍ഷത്തെ പദ്ധതികളിലേക്ക് വകമാറ്റി പണികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് നഗരസഭാ അധികൃതരുടെ പക്ഷം.
നഗരസഭയിലെ ഭരണസ്തംഭനം ജനങ്ങളോടുള്ള വെല്ലുവിളി - ഗണേശ് ഏറ്റുമാനൂര്‍
ഏറ്റുമാനൂര്‍: ഏതാനും ദിവസങ്ങളായി ഏറ്റുമാനൂര്‍ നഗരസഭയില്‍ അരങ്ങേറുന്ന അധികാര വിനിയോഗത്തര്‍ക്കം പൊതുജനങ്ങളോടുള്ള വെല്ലുവിളിയായി മാറുന്നുവെന്ന് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷനും ബിജെപി ജില്ലാ കമ്മറ്റി അംഗവുമായ ഗണേശ് ഏറ്റുമാനൂര്‍. ഉദ്യോഗസ്ഥതലത്തിലെ അധികാരത്തര്‍ക്കവും അപകര്‍ഷതാബോധവും പൊതുജനത്തിന് ലഭ്യമാകേണ്ട സേവനങ്ങള്‍ യഥാസമയം ലഭ്യമാകാതിരിക്കുന്നു. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും നഗരപിതാവിനെ മാറ്റുന്ന സാഹചര്യം മുതലെടുത്ത് താന്‍ പ്രമാണിത്തത്തോടു കൂടിയുള്ള പ്രവര്‍ത്തനമാണ് ചില ഉദ്യോഗസ്ഥര്‍ നടത്തുന്നത്. നഗരസഭാ സെക്രട്ടറിയും അസിസ്റ്റന്റ് എന്‍ജിനിയറും തമ്മിലുള്ള ശീതസമരം നഗരസഭയെ കലാപകലുഷിതമാക്കിയിരിക്കുകയാണ്. ഗണേശ് പറയുന്നു.
ഭരണ -പ്രതിപക്ഷ കക്ഷികളിലെ ചില അംഗങ്ങളടങ്ങുന്ന കോക്കസ് ആണ് നഗരഭരണം കയ്യാളുന്നതെന്നതെന്നും ഇവരുടെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രക്രിയകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും ഗണേശ് ചൂണ്ടികാട്ടി. നഗരസഭയുടെ ആദ്യ ബഡ്ജറ്റ് മുതല്‍ നടത്തിയ പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍ മാത്രമായി ഒതുങ്ങി. നഗരസഭയ്ക് ലഭ്യമാകേണ്ട നികുതി യഥാസമയം പിരിച്ചെടുക്കുന്നതല്ലാതെ ജനങ്ങള്‍ക്ക് ഗുണകരമായ ഒരു പദ്ധതിക്കും അത് വിനിയോഗിക്കാനാവാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകുവാന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് യഥാസമയത്ത് വസ്തുനിഷ്ടമായ മറുപടി നല്‍കന്നതില്‍ പോലും ഗുരുതരമായ വീഴ്ചയാണ് സംഭവിക്കുന്നത്. വിഭാവന ചെയ്ത പല പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തികരിക്കാതിരുന്നതുമൂലം പദ്ധതികള്‍ വെട്ടിച്ചുരുക്കി പുതിയതായി സാങ്കേതിക അനുമതി നേടേണ്ട സാഹചര്യവുമുണ്ടായി. ഇതോടെ വാര്‍ഡുകളില്‍ നടപ്പാക്കേണ്ട പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നു. ജനങ്ങളെ കഷ്ടത്തിലാക്കുന്ന ഉദ്യോഗസ്ഥ - ഭരണ നേതൃത്വത്തിന്റെ ശൈലി മാറി പ്രവര്‍ത്തനം കാര്യക്ഷമമാക്കിയില്ലങ്കില്‍ പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഗണേഷ് ഏറ്റുമാനൂര്‍ പറത്തു