25 June, 2019 05:13:23 PM


വണ്‍ സ്റ്റോപ്പ് സെന്‍റര്‍ ഏറ്റുമാനൂരില്‍: 49 ലക്ഷം അനുവദിച്ചു; താത്കാലിക സംവിധാനം ജൂലൈ 30നകം




കോട്ടയം: പീഡനത്തിന് ഇരകളാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തര സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന വണ്‍ സ്റ്റോപ്പ് സെന്റര്‍ ആരംഭിക്കുന്നതിന് ജില്ലയ്ക്ക് 49 ലക്ഷം രൂപ അനുവദിച്ചു. ആദ്യഘട്ടമായി  24 ലക്ഷം രൂപ ജില്ലാ കളക്ടറുടെ പേരില്‍ ലഭ്യമായിട്ടുണ്ട്. പദ്ധതിക്കായി ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ 15 സെന്റ് സ്ഥലം ലഭ്യമായി. റവന്യൂ വകുപ്പിന്റെ അധീനതയിലുളള ഭൂമി വനിതാ ശിശുവികസന വകുപ്പിന് കൈമാറുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ കെട്ടിട നിര്‍മ്മാണം ആരംഭിക്കും. വിപുല സൗകര്യങ്ങളുളള കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.  


ഏറ്റുമാനൂരില്‍ കെട്ടിടം പൂര്‍ത്തിയാകും വരെ സെന്റര്‍ കുമരകത്ത് താല്‍ക്കാലികമായി പ്രവര്‍ത്തിക്കും. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജൂലൈ 30നകം താത്കാലിക സെന്റര്‍ ആരംഭിക്കും. സെന്ററിന് രണ്ട് കിലോമീറ്ററിനുളളില്‍ പോലീസ് സ്റ്റേഷനും ആശുപത്രിയും ഉണ്ടായിരിക്കണമെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തിന്‍രെ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടം ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സെന്ററില്‍ വിവിധ തസ്തികകളില്‍ 19 ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.


അതിക്രമത്തിന് വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചികിത്സ, കൗണ്‍സിലിംഗ്, താമസ സൗകര്യം, നിയമ സഹായം എന്നിവ വണ്‍ സ്റ്റോപ് സെന്ററില്‍ ലഭ്യമാകും. കെട്ടിടത്തിന്റെ സുരക്ഷാ സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് വനിതാ ശിശു വികസന ഓഫീസര്‍ പി.എന്‍ ശ്രീദേവിയെ ചുമതലപ്പെടുത്തി. കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സബ് ജഡ്ജ്  റ്റിറ്റി ജോര്‍ജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. വി. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K