25 June, 2019 01:33:45 PM
സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയില്ല; ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയെ കൗണ്‍സിലര്‍മാര്‍ തടഞ്ഞുവെച്ചു
തന്നെ അസഭ്യം പറഞ്ഞുവെന്ന പരാതിയുമായി സൂപ്രണ്ട്
ഏറ്റുമാനൂര്‍: കൗണ്‍സിലറുടെ ബന്ധുവിന്‍റെ വിവാഹ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയില്ല എന്ന കാരണത്താല്‍ ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയെ കാബിനുള്ളില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. നഗരസഭയിലെ കൌണ്‍സിലര്‍മാര്‍ ഒന്നടങ്കമാണ് സെക്രട്ടറിയെ ജോലികള്‍ ചെയ്യാന്‍ സമ്മതിക്കാതെ കാബിനില്‍ തടഞ്ഞുവെച്ചത്. പേരൂരില്‍ നിന്നുള്ള വാര്‍ഡ് കൌണ്‍സിലര്‍ എന്‍.എസ്.സ്‌കറിയായുടെ ബന്ധുവിന്‍റെ വിവാഹ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് നല്‍കാത്തതാണ് വന്‍പ്രതിഷേധത്തിന് ഇടയാക്കിയത്.
അറ്റസ്റ്റേഷന് ചെന്നപ്പോള്‍ തനിക്ക് പറ്റില്ല എന്നും എല്‍എസ്ജിഡി അസിസ്റ്റന്‍റ് എഞ്ചിനീയറെകൊണ്ട് ചെയ്യിച്ചോളാനും സെക്രട്ടറി പറഞ്ഞതാണ് കൗണ്‍സിലറെയും കൂട്ടരെയും ചൊടിപ്പിച്ചത്. തുടര്‍ന്ന് കൌണ്‍സിലര്‍മാര്‍ ഒന്നടങ്കം സെക്രട്ടറിയുടെ കാബിനിലേക്ക് ഇടിച്ചുകയറി അവരെ തടഞ്ഞുവെക്കുകയായിരുന്നു. സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് അവര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ അടിയന്തിര കൌണ്‍സില്‍ യോഗം വിളിക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. നഗരസഭാ ചെയര്‍മാന്‍ ഓഫീസില്‍ ഇല്ലാതിരുന്ന സമയത്താണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.
ഗസറ്റഡ് ഉദ്യോഗസ്ഥയായ തനിക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ അധികാരമുണ്ടെങ്കിലും തന്‍റെ അറിവിലല്ലാത്ത കാര്യങ്ങള്‍ അറ്റസ്റ്റ് ചെയ്ത് നല്‍കാനാവില്ലെന്ന് സെക്രട്ടറി വൃജ പറഞ്ഞു. കുട്ടികളുടെയിടയില്‍ മാതാപിതാക്കള്‍ അറിയാതെ രജിസ്റ്റര്‍ വിവാഹങ്ങള്‍ പെരുകിവരുന്നത് തടയാനാണ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തണമെന്ന് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. തനിക്കറിവില്ലാത്ത ആളുകളുടെ വിവാഹസര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ തന്നെയും ബാധിക്കും. അതുകൊണ്ടുതന്നെ പരിചയമില്ലാത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ താന്‍ സാക്ഷ്യപ്പെടുത്താറില്ലെന്ന് സെക്രട്ടറി പറഞ്ഞു.
കൗണ്‍സിലറുടെ ബന്ധുവാണെന്ന് പറഞ്ഞെങ്കിലും ഇവരെ പരിചയമില്ലാത്തതുകൊണ്ടാണ് താന്‍ അറ്റസ്റ്റ് ചെയ്യില്ലെന്ന് പറഞ്ഞതെന്നും സെക്രട്ടറി പറയുന്നു. മാത്രമല്ല കഴിഞ്ഞ ദിവസം നടന്ന കൗണ്‍സിലിന്‍റെ തീരുമാനമനുസരിച്ച് 2.5 കോടിയുടെ ഒട്ടനവധി പ്രോജക്ടുകള്‍ 29ന് മുമ്പ് വക മാറ്റേണ്ടതുണ്ടായിരുന്നു. അതിനുള്ള ജോലികള്‍ സൂപ്രണ്ടിനെയും വിളിച്ചിരുത്തി ചെയ്യുന്ന തിരക്കിനിടെയാണ് കൗണ്‍സിലറും കൂട്ടരും അറ്റസ്‌റ്റേഷനായി എത്തിയതെന്നും സെക്രട്ടറി പറഞ്ഞു. ഇതിനിടെ ഒരു കൌണ്‍സിലര്‍ തന്നെ അസഭ്യം പറഞ്ഞുവെന്ന ആരോപണവുമായി വനിതയായ സൂപ്രണ്ട് രംഗത്തെത്തി. ഇവര്‍ നഗരസഭാ ചെയര്‍മാന് പരാതി നല്‍കിയതായാണ് സൂചന.