24 June, 2019 03:43:24 PM


ഏറ്റുമാനൂരിലെ ആധുനിക കംഫര്‍ട്ട് സ്റ്റേഷന്‍ പാതിവഴിയില്‍; വനിതാ വിശ്രമകേന്ദ്രം ചുവപ്പുനാടയില്‍




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരത്തില്‍ കാലുകുത്തുന്ന ആര്‍ക്കും പ്രാഥമികആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സൌകര്യങ്ങള്‍ എവിടെയുമില്ലെന്ന പരാതി നിലനില്‍ക്കെയാണ് രണ്ട് വര്‍ഷം മുമ്പ് ആധുനിക കംഫര്‍ട്ട് സ്റ്റേഷന്‍റെ നിര്‍മ്മാണം നഗരഹൃദയത്തില്‍ ആരംഭിച്ചത്. സ്വകാര്യ ബസ് സ്റ്റാന്‍റിനോടും നഗരസഭാ ഓഫീസിനോടും ചേര്‍ന്ന് നിര്‍മ്മാണമാരംഭിച്ച ഈ പദ്ധതിയും ഇപ്പോള്‍ പാതിവഴിയില്‍ മുടങ്ങി. കരാറുകാരന് കൃത്യമായി പണം ലഭിക്കാതായതാണ് പണി അവതാളത്തിലാകാന്‍ കാരണമെന്ന് പറയുന്നു.

2017 മാര്‍ച്ചില്‍ ആധുനിക ഗ്യാസ് ശ്മശാനത്തോടൊപ്പം മന്ത്രി കെ.ടി.ജലീല്‍ തറക്കല്ലിട്ടതാണ് നഗരമധ്യത്തിലെ ആധുനിക കംഫര്‍ട്ട് സ്റ്റേഷനും. ടൗണില്‍ ചിറക്കുളത്തിനോട് ചേര്‍ന്നു കൂടിയാണ് 94 ലക്ഷം രൂപ വകയിരുത്തി ആധുനികരീതിയിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. പുരാതനമായ ചിറക്കുളത്തിലെ വെള്ളം മലിനമാകുമെന്ന് ചൂണ്ടികാട്ടി തുടക്കത്തില്‍ കംഫര്‍ട്ട് സ്റ്റേഷനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചിറക്കുളത്തിന് മാലിന്യപ്രശ്നങ്ങള്‍ ഉണ്ടാകാത്ത വിധം കംഫര്‍ട്ട് സ്റ്റേഷന്‍റെ ടാങ്കും മറ്റും നിലവിലെ മാര്‍ക്കറ്റിന്‍റെ പിന്നില്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. 

രണ്ട് നിലകളായി പണിയുന്ന കെട്ടിടത്തില്‍ മുകളിലെ നിലയില്‍ വിശ്രമകേന്ദ്രവും സജ്ജീകരിക്കാനായിരുന്നു പദ്ധതി. പക്ഷെ കെട്ടിടത്തിന്‍റെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ നിര്‍മ്മാണം നിലച്ചു. ശ്മശാനത്തിന് സംഭവിച്ചതുപോലെ ലോകബാങ്ക് സഹായം നിലച്ചതായിരുന്നു ഇവിടെയും പ്രധാന കാരണമായത്. ഇനിയും പത്ത് ലക്ഷം രൂപയ്ക്ക് താഴെ മുടക്കിയാല്‍ മാത്രമേ പണികള്‍ പൂര്‍ത്തിയാക്കാനാവൂ എന്ന് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. 

ഇതിന് പുറമേയാണ് ഒമ്പത് ലക്ഷം രൂപാ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ വനിതകള്‍ക്കായി നിര്‍മ്മിക്കാനുദ്ദേശിച്ച വിശ്രമകേന്ദ്രം. ദൂരയാത്രയ്ക്കിടെ ബസ് കിട്ടാതെയും മറ്റും രാത്രികാലങ്ങളില്‍ ഒറ്റപെട്ടുപോകുന്ന വനിതകള്‍ക്ക് അന്തിയുറങ്ങാനും മറ്റും പ്രയോജനപ്പെടുന്ന രീതിയിലാണ് വിശ്രമകേന്ദ്രം വിഭാവന ചെയ്തത്. സ്വകാര്യ ബസ് സ്റ്റാന്‍റിനോട് ചേര്‍ന്നുള്ള നഗരസഭാ കാര്യാലയത്തിന്‍റെ ഏറ്റവും മുകളിലെ നിലയില്‍ വെറുതെ കിടക്കുന്ന ഹാള്‍ നവീകരിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം.

നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന അമ്മമാരായ സ്ത്രീകള്‍ക്കു കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ മുലയൂട്ടല്‍ മുറിയും മറ്റും ഇതിന്‍റെ ഭാഗമായിരുന്നു. താത്ക്കാലികസംവിധാനമായി ഒന്നാം നിലയില്‍ മുലയൂട്ടല്‍ മുറി മാത്രം ആരംഭിച്ചെങ്കിലും അത് ഈ പദ്ധതിയുടെ ഭാഗമല്ലെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സൂസന്‍ തോമസ് പറയുന്നു. 2018 മാര്‍ച്ചില്‍ രൂപകല്‍പന ചെയ്ത ആധുനിക വിശ്രമകേന്ദ്രത്തിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് ടെന്‍ഡര്‍ വിളിച്ചെങ്കിലും നിര്‍മ്മാണം ഏറ്റെടുക്കാന്‍ ആരുമുണ്ടായില്ല. കംഫര്‍ട്ട് സ്റ്റേഷന്‍റെതുള്‍പ്പെടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ ക്രമക്കേടുകള്‍ ആരോപിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഓഡിറ്റിംഗില്‍ ആരോപണങ്ങള്‍ ശരിയെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K