21 June, 2019 02:54:22 PM
നാഗമ്പടത്തെ പുതിയ പാലം: അപ്രോച്ച് റോഡ് താഴ്ന്നു, ഭിത്തിക്ക് വിള്ളല്‍; പഴയ പാലം ബോംബു വെച്ചിട്ടും കുലുങ്ങിയില്ല
കോട്ടയം : അടുത്തിടെ പണിതീര്‍ത്ത നാഗമ്പടം മേല്‍പ്പാലത്തിന്‍റെ ഇരു സമീപന പാതകളും ചേരുന്ന ഭാഗം താഴുന്നു. മീനിച്ചിലാറിന്‍റെ ഭാഗത്തു നിന്നും കോട്ടയത്തേയ്ക്ക് വരുന്ന ഭാഗത്ത് അഞ്ച് സെന്റീമീറ്ററും കോട്ടയം നഗരത്തില്‍ നിന്നും വരുന്ന ഭാഗത്ത് മൂന്ന് സെന്റീമീറ്ററുമാണ് താഴ്ന്നിരിക്കുന്നത്. മീനിച്ചിലാറിന്‍റെ ഭാഗത്തെ പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് ഭിത്തിക്ക് ചെറിയ വിള്ളലും ഉണ്ടായിട്ടുണ്ട്. സമീപന പാതകളില്‍ നിന്നും പാലത്തിലേയ്ക്ക് വാഹനം കയറുമ്പോള്‍ പാലവും റോഡും തമ്മിലുള്ള ഉയര വ്യത്യാസം വ്യക്തമായി മനസിലാകും.
പാലത്തിലേയ്ക്ക് കയറുമ്പോഴും പാലത്തില്‍ നിന്നും ഇറങ്ങുമ്പോഴും വാഹനങ്ങള്‍ എടുത്തു ചാടുകയാണ്. പാലത്തിന്റെയും സമീപന പാതയുടെയും നിര്‍മ്മാണവും പരിപാലനവും റെയില്‍വേയുടെ ചുമതലയിലാണ്. സമീപന പാത താഴ്ന്നത് റെയില്‍വേ എഞ്ചിനീയറിങ് വിഭാഗം സ്ഥിരീകരിച്ചു. പാലവും സമീപന പാതയും ചേരുന്ന ഭാഗത്ത് ഉടന്‍ ടാര്‍ ചെയ്ത് തകരാര്‍ പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍, സമീപന പാതയിലെ മണ്ണ് താഴ്ന്നതു മൂലം പാലത്തിനും റോഡിനും തകരാറില്ല. 18,000 ക്യുബിക് മീറ്റര്‍ മണ്ണ് നിറച്ചാണ് സമീപന പാത നിര്‍മ്മിച്ചത്.