20 June, 2019 08:20:04 PM


പട്ടാപകല്‍ ആളൊഴിഞ്ഞ വീടുകളില്‍ കവര്‍ച്ച നടത്തുന്ന പത്തനംതിട്ട സ്വദേശി മോഷ്ടാവ് ഏറ്റുമാനൂരില്‍ അറസ്റ്റില്‍



ഏറ്റുമാനൂര്‍: പകല്‍ സമയങ്ങളില്‍ കറങ്ങി നടന്ന് ആളില്ലാത്ത വീടുകളില്‍ പൂട്ടു പൊളിച്ച് അകത്തു കയറി സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. അതിരമ്പുഴ മുരിക്കല്‍ ബോസ് മാത്യു എന്നയാളുടെ വീട്ടില്‍നിന്നും സ്വര്‍ണ്ണവും പണവും മോഷണം പോയ കേസില്‍ നടത്തിയ അന്വേഷണത്തില്‍ പത്തനംതിട്ട എഴുകോണ്‍ ഇടക്കിടം സ്വദേശി സുനില്‍രാജിന്റെ മകന്‍ ഉണ്ണിക്കുട്ടന്‍ എന്ന അഭിരാജ് (26) ആണ് പിടിയിലായത്.

2 വര്‍ഷം മുന്‍പ് വൈക്കം ഉദയനാപുരം ഉമേഷിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും, തിരുവല്ല വള്ളംകുളം നന്നൂര്‍ വര്‍ഗീസിന്റെ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും, 1 മാസം മുന്‍പ് ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ സൗത്ത് ഗോപാലകൃഷ്ണന്‍ നായരുടെ വീട്ടില്‍ നിന്നും പണവും കഴിഞ്ഞ മാസം കോന്നി ചിറ്റൂര്‍ ജംഗ്ഷനു സമീപം തോമസുകുട്ടിയുടെ വീട്ടില്‍ നിന്നും 35000 രൂപയും വളകളും മോഷ്ടിച്ചതും താനാണെന്ന് പ്രതി സമ്മതിച്ചു.

ഡിവൈഎസ്പി ആര്‍. ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ എസ് എച്ച് ഒ മഞ്ജുലാല്‍, ജില്ലാ പോലീസ് മേധേവിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എ.എസ്.ഐ. ഷിബുക്കുട്ടന്‍, അജിത്, സജികുമാര്‍, സി.പി.ഒ. സജമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K