17 June, 2019 09:24:35 PM
പുന്നത്തുറ കമ്പനിക്കടവില്‍ മീനച്ചിലാറിനു കുറുകെ നീന്തിയ വിദ്യാർഥി മുങ്ങി മരിച്ചു
ഏറ്റുമാനൂർ: മീനച്ചിലാറിനു കുറുകെ നീന്തിയ വിദ്യാർഥി മുങ്ങി മരിച്ചു. കട്ടച്ചിറ മുളച്ചിറക്കുന്നേൽ ടോമിയുടെ മകൻ ആൽബിൻ എം ടോമി (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ പുന്നത്തുറ കമ്പനികടവ് പാലത്തിനു സമീപമായിരുന്നു സംഭവം.
സുഹൃത്തുക്കളുമായി ചേർന്ന് പാലത്തിനു സമീപം ചൂണ്ടയിടാനെത്തിയതായിരുന്നു ആൽബിൻ. ഇതിനിടയിലാണ് ആൽബിൻ ആറിന് കുറുകെ നീന്തിയത്. ഒരു പ്രാവശ്യം അക്കരെ എത്തിയ ശേഷം വീണ്ടും മറുവശത്തേക്ക് തിരികെ നീന്തുന്നതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു. ആൽബിൻ ഒഴുക്കിൽ പെട്ടത് കണ്ട് സുഹ്യത്ത് എബിൻ ആറ്റിൽച്ചാടി ആൽബിനെ വലിച്ച് കരയിൽ എത്തിക്കുകയായിരുന്നു. ഈ സമയം കൂടെ ഉണ്ടായ സുഹ്യത്ത് ശ്യാം നാട്ടുകാരെ വിളിച്ച് വരുത്തുകയും ചെയ്തു.
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ഏറ്റൂമാനൂർ ഗവൺമെന്‍റ് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിടങ്ങൂർ സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു പ്ലസ് ടൂ പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായി കാത്തിരിക്കുകയായിരുന്നു ആൽബിൻ. ശാലി ടോമിയാണ് മാതാവ്, സഹോദരങ്ങള്‍: അർജുൻ ടോമി. അമലാ മേരി. ശവസംസ്കാരം പിന്നീട്.