12 June, 2019 09:24:25 PM


യുപി ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ അധ്യക്ഷ ധര്‍വേശ് യാദവ് കോടതി വളപ്പില്‍ വെടിയേറ്റ് മരിച്ചു



ലഖ്നൗ: ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ആദ്യ വനിതാ സാരഥി ധര്‍വേശ് യാദവ് കോടതി വളപ്പില്‍ അഭിഭാഷകന്‍റെ വെടിയേറ്റ് മരിച്ചു. ആഗ്രയിലെ സിവില്‍ കോടതിയുടെ പരിസരത്ത് ഇന്ന് വൈകിട്ടോടെയാണ് ധര്‍വേശ് യാദവിന് വെടിയേറ്റതെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അഭിഭാഷകനായ മനിഷ് ശര്‍മയാണ് ധര്‍വേശിന് നേര്‍ക്ക് വെടിയുതിര്‍ത്തത്.


ഉത്തര്‍പ്രദേശ് ബാര്‍ കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ പദവിയിലെത്തുന്ന ആദ്യ വനിതയായ ധര്‍വേശ് യാദവ് രണ്ട് ദിവസം മുമ്പാണ് തല്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അഭിഭാഷകനായ അരവിന്ദ് കുമാറിന്‍റെ ചേംബറിനുള്ളില്‍ ഇരിക്കുകയായിരുന്ന ധര്‍വേശിന് നേര്‍ക്ക് പ്രതി മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു. ധര്‍വേശിന്‍റെ മരണം ഉറപ്പാക്കിയ ഇയാള്‍ പിന്നീട് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.


സംഭവത്തെ തുടര്‍ന്ന് യോഗം ചേര്‍ന്ന ഔദ ബാര്‍ അസോസിയേഷന്‍ ധര്‍വേശിന്‍റെ മരണത്തെ അപലപിച്ചു. പ്രതിഷേധ സൂചകമായി നാളെ മുതല്‍ ജോലി നിര്‍ത്തി വയ്ക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. കൊലപാതകത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K