09 June, 2019 04:40:39 PM
അതിരമ്പുഴയില്‍ നിന്നും കാണാതായ വയോധികന്‍റെ മൃതദേഹം മീനച്ചിലാറ്റില്‍ പൊങ്ങി
ഏറ്റുമാനൂര്‍: കാണാതായ വയോധികന്‍റെ മൃതദേഹം പുഴയില്‍ പൊങ്ങി. അതിരമ്പുഴ മുണ്ടകപ്പാടം ഗോവിന്ദാപുരം ശശിധരന്‍പിള്ള (68) യുടെ മൃതദേഹമാണ് ഞായറാഴ്ച പുലര്‍ച്ചെ മീനച്ചിലാറ്റില്‍ കറുത്തേടം ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഒറ്റക്കപ്പിലുമാവിനടുത്തുള്ള വസതിയില്‍ നിന്നും വ്യാഴാഴ്ച ഉച്ച മുതല്‍ കാണാതായിരുന്നു. അന്ന് വൈകിട്ട് മുതല്‍ മീനച്ചിലാറിന്‍റെ കരയില്‍ പേരൂര്‍ പൂവത്തുംമൂട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വസ്ത്രങ്ങളും ചെരുപ്പും കണ്ണടയും 200 രൂപയും ഇയാളുടേതാണെന്ന് വെള്ളിയാഴ്ച രാവിലെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.
ഇതോടെ ശശിധരന്‍പിള്ള പുഴയില്‍ ചാടിയെന്ന നിഗമനത്തില്‍ ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും വെള്ളിയാഴ്ച രാവിലെ മുതല്‍ മണിക്കൂറുകളോളം മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പോലീസ് നടത്തിവരവെയാണ് മൃതദേഹം കണ്ടെത്തിയത്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ നാട്ടുകാരാണ് വെള്ളത്തില്‍ മൃതദേഹം പൊങ്ങിയ വിവരം പോലീസിനെ അറിയിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: കമലാവതിയമ്മ, മക്കള്‍: ജയ്ജിത്, ദേവി, മരുമക്കള്‍: സന്ധ്യ, പ്രവീണ്‍.