26 May, 2019 08:44:27 AM


'ഭീകരം, അസഹനീയം, അരോചകം'; ലൂസിഫറിലേത് ആവര്‍ത്തിച്ച് കാലഹരണപ്പെട്ട പ്രമേയം - ഡോ: ബി ഇക്ബാല്‍



തിരുവനന്തപുരം: പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായ, മോഹന്‍ലാല്‍ ചിത്രം 'ലൂസിഫറി'നെതിരെ വിമര്‍ശനവുമായി പ്ലാനിംഗ് ബോര്‍ഡ് അംഗവും കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ ഡോ ബി ഇക്ബാല്‍ രംഗത്ത്. ബോക്‌സ്ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രത്തിന്‍റെ കാഴ്ചാനുഭവത്തെ 'ഭീകരം, അസഹനീയം, അരോചകം' എന്നൊക്കെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കമ്മട്ടിപ്പാടം മുതല്‍ കുമ്പളങ്ങി നൈറ്റ്‌സ് വരെ, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നവസിനിമാ തരംഗം കേരളത്തില്‍ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ എന്നും ബി ഇക്ബാല്‍ ചോദിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്‍റെ പ്രതികരണം അറിയിച്ചത്.


"ആമസോണ്‍ പ്രൈം വിഡിയോയില്‍ ലഭ്യമാക്കിയത് കൊണ്ട് ലൂസിഫര്‍ വീട്ടിലിരുന്ന് കാണേണ്ടിവന്നു. ഭീകരം, അസഹനീയം, അരോചകം എന്നൊക്കെയല്ലാതെ എങ്ങിനെ വിശേഷിപ്പിക്കാന്‍ കഴിയും ഈ തട്ടിപൊളിപ്പന്‍ ബ്ലോക്ക് ബസ്റ്റര്‍ സിനിമയെ? മലയാളത്തിലെ മികച്ച നടന്മാരായ പൃഥിരാജ് സംവിധാനവും മുരളിഗോപി രചനയും നിര്‍വഹിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും പ്രധാന വേഷത്തില്‍ വരുന്ന, ഇതിനകം 200 കോടി തട്ടിയെടുത്ത ലൂസിഫര്‍ മാഫിയ ബന്ധമുള്ള രാഷ്ടീയക്കാര്‍, ദുഷ്ടകഥാപാത്രങ്ങളെ വെടിവച്ച് വീഴ്ത്തി തത്സമയ നീതി നടപ്പിലാക്കുന്ന അമാനുഷ പരിവേഷമുള്ള നായകന്‍, സ്തീത്വത്തെ അപമാനിക്കുന്ന അര്‍ദ്ധ നഗ്‌ന ഐറ്റം ഡാന്‍സ് അടക്കം നിരവധി ചിത്രങ്ങളില്‍ ആവര്‍ത്തിച്ച് അവതരിപ്പിച്ച കാലഹരണപ്പെട്ട പ്രമേയങ്ങള്‍ തന്നെയാണ് വിളമ്പിത്തരുന്നത്.


കമ്മട്ടിപ്പാടം മുതല്‍ കുമ്പളങ്ങി നൈറ്റ്‌സ് വരെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നവ സിനിമാ തരംഗം കേരളത്തില്‍ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ? മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിര്‍ക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സര്‍വോപരി മോഹന്‍ ലാലും. ലൂസിഫറിലൂടെ."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K