04 May, 2019 08:10:45 AM
പാലായിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി: കാപ്പനെ തള്ളി എന്‍സിപി സംസ്ഥാന പ്രസിഡന്‍റ്; പോര് മുറുകുന്നു
പാലാ: കെ.എം.മാണിയുടെ മരണത്തെതുടര്‍ന്ന് പാലാ നിയമസഭാമണ്ഡലത്തില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പാനെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് എൻസിപിയിൽ കലാപക്കൊടി ഉയര്‍ത്തി. പ്രഖ്യാപനത്തിന് പിന്നാലെ പാലായിലെ എൻസിപി നേതാക്കൾ തന്നെ തീരുമാനത്തിനെതിരെ രംഗത്ത് വന്നതോടെയാണ് നേതൃത്വം വെട്ടിലായത്. ഒടുവിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും സംസ്ഥാന അധ്യക്ഷൻ തോമസ് ചാണ്ടി വ്യക്തമാക്കി.
പാലാ ബ്ലോക്ക് കമ്മിറ്റി യോഗത്തിന് ശേഷമാണ് മാണി സി കാപ്പനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ദേശിയസമിതി അംഗം സുൽഫിക്കർ മയൂരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാണി സി കാപ്പനെ ഏകകണ്ഠമായി സ്ഥാനാർത്ഥിയായി നിശ്ചയിച്ചുവെന്നായിരുന്നു പ്രഖ്യാപനം. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളുടെ നിർദ്ദേശമനുസരിച്ചാണ് പ്രഖ്യാപനമെന്ന് വിശദീകരിക്കുകയും ചെയ്തു. യോഗത്തിന്‍റെ മിനിട്ട്സ് ഒപ്പിട്ടില്ലെന്നും ചിലരുടെ സ്ഥാപിത താലപര്യമാണ് പ്രഖ്യാനത്തിന് പിന്നിലെന്നും ഒരു വിഭാഗം നേതാക്കള്‍ സംസ്ഥാന അധ്യക്ഷനോട് പരാതിപ്പെട്ടു.
പീതാംബരൻ മാസ്റ്റർ ഉൾപ്പടെയുള്ള സംസ്ഥാനനേതാക്കളും അതൃപ്തി അറിയിച്ചു. തുടർന്നാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന വിശദീകരണവുമായി സംസ്ഥാനപ്രസിഡന്‍റ് തോമസ് ചാണ്ടി രംഗത്ത് വന്നത്. സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയുമായി ചർച്ച പോലും നടത്തിയിട്ടില്ലെന്നും അതിന് ശേഷമേ സ്ഥാനാർത്ഥി നിർണ്ണയമുണ്ടാകൂവെന്നാണ് തോമസ് ചാണ്ടിയുടെ വിശദീകരണം. സുൽഫീക്കർ മയൂരിക്ക് പ്രഖ്യാപനത്തിനുള്ള അധികാരമില്ലെന്നു കൂടി പറഞ്ഞ് തീരുമാനത്തെ തോമസ്ചാണ്ടി പൂർണ്ണമായും തള്ളി. എൻസിപിയിൽ വെടിനിർത്തലിലായിരുന്ന ഇരുവിഭാഗവും പാലാ സീറ്റിനെച്ചൊല്ലി ഒരിടവേളക്ക് ശേഷം വീണ്ടും പരസ്യമായി ഏറ്റുമുട്ടകയാണ്.