02 May, 2019 08:45:46 PM
ക്ഷീണം തീര്‍ക്കാന്‍ കഞ്ചാവ്: 'ജമീലാന്‍റെ പൂവൻകോഴി'യിലെ നായകനും ക്യാമറാമാനും അറസ്റ്റില്‍
കൊച്ചി: ഷൂട്ടിങ് സെറ്റിലെ ക്ഷീണം തീര്‍ക്കാന്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചു വന്ന നായകനടനും ക്യാമറാമാനും അറസ്റ്റില്‍. ഇത്ത പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിർമിക്കുക്കുന്ന 'ജമീലാന്‍റെ പൂവൻകോഴി' എന്ന സിനിമയിലെ നായകനും കോഴിക്കോട് സ്വദേശിയുമായ മിഥുൻ (25), ക്യാമറാമാൻ ബെംഗളൂരു സ്വദേശി വിശാൽ വർമ എന്നിവരാണ് എക്സൈസ് പരിശോധനയിൽ പിടിയിലായത്. സെറ്റുകളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
രണ്ടു മാസമായി ഫോർട്ട് കൊച്ചിയിലെ ഫോർട്ട് നഗറിൽ സ്വകാര്യ ഹോംസ്റ്റേയിൽ താമസിച്ചു വരികയായിരുന്നു ഇരുവരും. അഭിനയത്തിന്റെ ക്ഷീണം തീർക്കാൻ പതിവായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണു പ്രതികൾ പറഞ്ഞതെന്ന് എക്സൈസ് അറിയിച്ചു. സെറ്റുകളിൽ മയക്കുമരുന്ന് എത്തിക്കുന്നവർക്കായുള്ള അന്വേഷണം ശക്തമാക്കിയതായി എക്സൈസ് വ്യക്തമാക്കി. കൊച്ചി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എസ്.ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.