30 April, 2019 07:46:20 PM
നികുതി കുടിശിഖ: 31 ലക്ഷം രൂപ അടയ്ക്കാനാവശ്യപ്പെട്ട് ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് നോട്ടീസ്
ഏറ്റുമാനൂര്‍: നികുതികുടിശിഖ വരുത്തിയതിന് 31 ലക്ഷം രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് നോട്ടീസ്. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലം മുതല്‍ വാടകയിനത്തിലും മറ്റും ലഭിച്ച വരുമാനത്തിന്‍റെ നികുതി അടച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. 2015ലാണ് ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് നഗരസഭയായി മാറിയത്. എന്നാല്‍ 2013 മുതല്‍ 2018 വരെയുള്ള കാലഘട്ടത്തിലെ മൂല്യവര്‍ദ്ധിത നികുതി പിഴയുള്‍പ്പെടെ 31,28,693 രൂപ അടയ്ക്കാനാണ് നോട്ടീസ്.
എന്നാല്‍ ഈ കാലഘട്ടത്തില്‍ നികുതി കുടിശിഖ വരുത്തിയത് അടയ്ക്കാനാവശ്യപ്പെട്ട് വാണിജ്യനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നില്ലെന്നും നഗരസഭയുടെ വരുമാനം അനുസരിച്ച് ഈ തുക അടയ്ക്കുക പ്രായോഗികമല്ലെന്നും ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് പറഞ്ഞു. മാത്രമല്ല നികുതിവകുപ്പ് ചൂണ്ടികാട്ടുന്ന അത്ര വരുമാനം ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് ഉണ്ടായിരുന്നുമില്ലെന്ന് ഗ്രാമപഞ്ചായത്തിന്‍റെ അവസാനപ്രസിഡന്‍റ് കൂടിയായിരുന്ന ജോര്‍ജ് പുല്ലാട്ട് പറയുന്നു. ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്നും മറ്റും സെക്യൂരിറ്റി ആയും വാടക ഇനത്തിലും ലഭിച്ച തുക കൃത്യമായി രേഖപ്പെടുത്തുന്നതില്‍ വന്ന പാളിച്ചയാകാം ഇങ്ങനെ സംഭവിച്ചതിന് പിന്നിലെന്ന് നഗരസഭാ സെക്രട്ടറി പറയുന്നു.
അതേസമയം, നഗരസഭ വാടകയിനത്തില്‍ പിരിക്കുന്ന തുകയുടെ നികുതി കൃത്യമായി അടച്ചിരുന്നുവെങ്കില്‍ ഇത്തരമൊരു നടപടി ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന് കൌണ്‍സിലര്‍ ബോബന്‍ ദേവസ്യ കൌണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു. പദ്ധതി നിര്‍വ്വഹണത്തിനുള്ള തുക കണ്ടെത്താന്‍ നഗരസഭ കയ്യും കാലും അടിക്കുന്നതിനിടെയാണ് 31 ലക്ഷം അടയ്ക്കാനാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത്. നഗരസഭയ്ക്ക് ഫണ്ടില്ലാ എന്നും പിഴയില്‍ കുറവ് വരുത്തണമെന്നും തവണകളായി അടയ്ക്കാന്‍ സൌകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് നികുതിവകുപ്പിന് കത്ത് നല്‍കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന നഗരസഭാ യോഗം തീരുമാനിച്ചു.