30 April, 2019 10:39:48 AM
മോട്ടോര്‍ പണിമുടക്കി, വെള്ളമില്ല; കോട്ടയം ദന്തല്‍ കോളേജില്‍ എത്തിയ രോഗികള്‍ വലയുന്നു
കോട്ടയം: മോട്ടോറുകള്‍ കേടായതിനെ തുടര്‍ന്ന് വെള്ളമില്ലാതെ വന്നതോടെ കോട്ടയം ദന്തല്‍ കോളേജിലെത്തിയ രോഗികള്‍ ചികിത്സ ലഭിക്കാതെ മടങ്ങി. ഓ.പി.വിഭാഗം മാത്രമേ ഇന്ന് പ്രവര്‍ത്തിക്കുന്നുള്ളു. കൂടുതല്‍ വിദഗ്ധ ചികിത്സകള്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ച രോഗികളാണ് ആശുപത്രിയിലെത്തിയ ശേഷം മടങ്ങിയത്. അറിയിപ്പ് ലഭിച്ച് അയല്‍ ജില്ലകളില്‍ നിന്നു വരെ രോഗികള്‍ വിദഗ്ധചികിത്സയ്ക്കായി ഇന്ന് ആശുപത്രിയില്‍ എത്തിയിരുന്നു. ഇവര്‍ക്കെല്ലാം ഒരു മാസം കഴിഞ്ഞ് വരെയുള്ള തീയതികളാണ് പുതുക്കി ലഭിച്ചിരിക്കുന്നത്.
വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളം ആശുപത്രി വളപ്പിലെ ടാങ്കിലെത്തിക്കാന്‍ രണ്ട് മോട്ടോറുകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. അതിലൊന്ന് നേരത്തെ പണിമുടക്കി. ഇന്നലെ അടുത്ത മോട്ടോറും കേടായതോടെയാണ് ജലവിതരണം പൂര്‍ണ്ണമായി മുടങ്ങിയത്. വെള്ളമില്ലാത്തതിനാല്‍ ഇന്ന് ഓ.പി.വിഭാഗം മാത്രമേ പ്രവര്‍ത്തിക്കു എന്ന് അറിയിപ്പ് ആശുപത്രിയില്‍ പതിച്ചിട്ടുണ്ട്. പുതിയ മോട്ടോര്‍ മിക്കവാറും ഇന്ന് തന്നെ ഘടിപ്പിക്കുമെന്നും നാളെ മുതല്‍ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാകുമെന്നും പ്രിന്‍സിപ്പള്‍ പറഞ്ഞു.