27 April, 2019 04:05:41 PM


നാഗമ്പടം പാലം തകര്‍ക്കാനുള്ള ശ്രമം രണ്ടാം വട്ടവും പാളി; പാലം പൊളിക്കല്‍ തത്ക്കാലം ഉപേക്ഷിച്ചു



കോട്ടയം: നാഗമ്പടത്തെ പഴയ റയില്‍വേ മേല്‍പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം രണ്ടാം വട്ടവും പരാജയപ്പെട്ടു. ചെറുസ്ഫോടക വസ്തുകള്‍ ഉപയോഗിച്ച് നിയന്ത്രിത സ്ഫോടനത്തിലൂടെ  പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടത്തോടെ പാലം പൊളിക്കാനുള്ള ശ്രമം തല്‍ക്കാലം ഉപേക്ഷിച്ചു. പാലം പൊളിക്കാനുള്ള പുതിയ രീതിയും തീയതിയും പിന്നീട് തീരുമാനിക്കും.

ശനിയാഴ്ച രാവിലെ 11 നും പന്ത്രണ്ടിനും ഇടയിൽ പാലം പൊളിക്കുമെന്നായിരുന്നു പ്രഖ്യാപനം. പാലം ബോംബ് വച്ച് തകർക്കുമെന്ന വാർത്ത കേട്ട് പതിനായിരങ്ങളാണ് രാവിലെ മുതൽ തന്നെ നാഗമ്പത്തും പരിസരപ്രദേശത്തുമായി തടിച്ച് കൂടിയത്. രാവിലെ 11 മണി മുതൽ തന്നെ നഗരത്തിൽ ഗതാഗതവും നിയന്ത്രിച്ചു. എം.സി റോഡിലൂടെ വരുന്ന വാഹനങ്ങൾ പല വഴി തിരിച്ചു വിട്ടു. ഏറ്റുമാനൂർ ഭാഗത്തു നിന്നും എത്തിയ വാഹനങ്ങൾ വട്ടമ്മൂട് പാലത്തിലൂടെയാണ് നഗരത്തിലേയ്ക്ക് തിരിച്ച് വിട്ടത്.  പാലം സ്‌ഫോടനത്തിലൂടെ തകർക്കുന്നത് കാണുന്നതിനായി നെഹ്‌റു സ്‌റ്റേഡിയത്തിലും മറ്റുമായി തടിച്ചു കൂടി കാഴ്ച്ചക്കാരെ നിരാശരാക്കി ബോംബ് പൊട്ടില്ലെന്ന അറിയിപ്പ് 11 ന് ഉണ്ടായി. 

ഉച്ചയ്ക്ക് ഒന്നരയ്ക്ക് വീണ്ടും ബോംബ് പരീക്ഷിക്കുമെന്നും പാലം പൊട്ടിക്കുമെന്നും പിന്നീട് അറിയിപ്പുണ്ടായി. സ്‌ഫോടനം കാണാൻ ആളുകൾ എത്തുമെന്നറിഞ്ഞ് വൻ പൊലീസ് സന്നാഹം തന്നെ നെഹ്‌റു സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിരുന്നു. വാഹനം തിരിച്ചുവിടുന്ന ഓരോ വഴിയിലും സമാന രീതിയിൽ പൊലീസ് സംഘത്തെ തന്നെ വിന്യസിക്കുകയും ചെയ്തിരുന്നു. എന്നാൽ, രണ്ടാം ഘട്ടം പരീക്ഷണവും പരാജയപ്പെട്ടു. ഇത് കാഴ്ചക്കാരിൽ നിരാശ പടർത്തിയെന്നു മാത്രമല്ല സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ പൊങ്കാല ആരംഭിക്കുന്നതിന് കാരണവുമായി. 

പാലം പൊളിക്കുന്നതിനുള്ള ശ്രമം ഉപേക്ഷിച്ചതിനെ തുടര്‍ന്ന്, കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. പാത ഇരട്ടിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ പാലം നിർമ്മിച്ചതിനെ തുടർന്നാണ് പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്. 1953ലാണ് നാഗമ്പടം പാലം നിർമ്മിക്കുന്നത്. കോട്ടയം പാത വൈദ്യുതീകരിച്ചപ്പോൾ ചെറുതായൊന്നുയർത്തി. എന്നാൽ പാലത്തിന് വീതി കുറവായതിനാൽ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗത കുറച്ചാണ് ട്രെയിനുകൾ കടത്തിവിടുന്നത്. പുതിയ പാലം വന്നതോടെ പഴയ പാലം പൊളിക്കാൻ ആഴ്ചകളായി നടപടികൾ തുടങ്ങിയിരുന്നു. ചെറിയ സ്ഫോകടവസ്തുവച്ച് പൊളിക്കാൻ തീരുമാനിച്ചെങ്കിലും അവധിയും തെരഞ്ഞെടുപ്പും കാരണം നീണ്ടുപോയി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഗലിംഗ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K