26 April, 2019 11:49:31 AM
'പി എം മോദി'യ്ക്ക് വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ പ്രദർശനാനുമതിയില്ല
ദില്ലി: വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ 'പി എം മോദി' സിനിമയ്ക്ക് പ്രദർശനാനുമതി നൽകില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. വോട്ടെടുപ്പ് തീരുന്ന മെയ് 19 വരെ ചിത്രം റിലീസ് ചെയ്യാനാകില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമായ 'പി എം നരേന്ദ്ര മോദി' എന്ന ചിത്രത്തിന്‍റെ പ്രദർശനാനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തിനെതിരെ ചിത്രത്തിന്‍റെ നിർമാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.
സിനിമയുടെ പ്രദർശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാവുമോ എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സീൽ വച്ച കവറിൽ കോടതിയ്ക്കു നല്‍കിയിരുന്നു ഇത് പരിശോധിച്ച ശേഷമാണ് കേസ് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചത്. സിനിമയ്ക്ക് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് ചോദ്യം ചെയ്ത് നിര്‍മ്മാതാക്കൾ നൽകിയ ഹര്‍ജി പരിശോധിച്ച സുപ്രീം കോടതി സിനിമ കണ്ട് ചട്ടലംഘനം ഉണ്ടോ എന്ന് പരിശോധിക്കാൻ നിര്‍ദ്ദേശിച്ചിരുന്നു.
ഇതനുസരിച്ച് സിനിമ കണ്ട ശേഷമുള്ള അഭിപ്രായമാണ് കമ്മീഷൻ കോടതിയെ അറിയിച്ചത്. സിനിമ രാഷ്ട്രീയപ്രേരിതമാണെന്നും പ്രദർശനം നീട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ പരാതിയിലാണ് കമ്മീഷൻ നേരത്തേ നടപടിയെടുത്തത്. പി എം മോദി സിനിമയുടെ പരസ്യം പ്രസിദ്ധീകരിച്ച ദൈനിക് ഭാസ്‌കര്‍, ദൈനിക് ജാഗരണ്‍ പത്രങ്ങൾക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചിരുന്നു.