25 April, 2019 10:09:47 PM


മണര്‍കാട് പഴയ കെ കെ റോഡും ബൈപ്പാസ് റോഡും കൂട്ടിയിണക്കി വൺവേ ട്രാഫിക് പരിഷ്കാരം



കോട്ടയം: മണർകാട് ജംഗ്ഷനിൽ തുടർച്ചയായി വർദ്ധിച്ചു വരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിലേക്കും, മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളിലേക്ക് യാത്ര സുഗമമായി തീർക്കുന്നതിനും മണര്‍കാട് പോലീസിന്‍റെ നേതൃത്വത്തില്‍ പഞ്ചായത്ത് അധികൃതര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ബസ്സ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍, ഓട്ടോ ടാക്സി യൂണിയന്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ട്രാഫിക് റഗുലേറ്ററി കമ്മറ്റി യോഗം നടന്നു. പഴയ കെ കെ റോഡും ബൈപ്പാസ് റോഡും കൂട്ടിയിണക്കികൊണ്ട് വൺവേ ട്രാഫിക് പരിഷ്കാരം നടപ്പിൽ വരുത്തുന്നതിന് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഉന്നയിക്കപ്പെട്ടു. 


1. കോട്ടയം ഭാഗത്തു നിന്നും വരുന്ന എല്ലാ വാഹനങ്ങളും മണര്‍കാട് ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പാലാ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ നേരെയും, പാമ്പാടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വലത്തേക്ക് തിരിഞ്ഞ് ബൈപാസ്സ് റോഡ് വഴിയും പോകേണ്ടതാണ്.


2. പാലാ ഭാഗത്തു നിന്നും വരുന്ന എല്ലാ വാഹനങ്ങളും ബൈപാസ്സ് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ബൈപാസ്സ് റോഡ് വഴി പഴയ കെ കെ റോഡിൽ എത്തി തിരിഞ്ഞു പോകേണ്ടതാണ്.


3. പുതുപ്പള്ളി ഭാഗത്തു നിന്നും മണര്‍കാട് ഭാഗത്തേക്ക് എത്തുന്ന എല്ലാ വാഹനങ്ങളും ഇടത്തോട്ട് തിരിഞ്ഞ് മണർകാട് ജംഗ്ഷനിലെത്തി പാമ്പാടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വലത്തേക്ക് തിരിഞ്ഞ് ബൈപാസ്സ് റോഡ് വഴി പോകേണ്ടതാണ്. 


4. പാമ്പാടി ഭാഗത്തേക്കുള്ള ബസ്സുകള്‍ നിലവിലെ ബസ്സ് സ്റ്റാന്‍ഡ് വഴിയും കോട്ടയം ഭാഗത്തേക്കുള്ള ബസ്സുകള്‍ മണര്‍കാട് കവലയില്‍ നിന്നും മുന്നോട്ട് മാറി പെട്രോള്‍ പമ്പിന് എതിർവശത്തും പുതുപ്പള്ളി ഭാഗത്തേക്കുള്ള ബസ്സുകൾക്ക് ബെസ്സ്റ്റ് ഹോട്ടലിന്‍റെ ഭാഗത്തു നിന്നും മുമ്പോട്ട് മാറി ഫർണീച്ചർ‍ കടയ്ക്ക് എതിർവശത്തും ബസ്സ് സ്റ്റോപ്പ് ക്രമീകരിക്കേണ്ടതാണ്.


5. ഈ ട്രാഫിക് പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തിൽ ഒരാഴ്ച കാലത്തേക്ക് പ്രാവര്‍ത്തികമാക്കുന്നതിലേക്കായി തീരുമാനിച്ചിട്ടുള്ളതാണ്. ആയത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും പരാതികളും കോട്ടയം ജില്ലാ പോലീസ് മേധാവിയെ 0481 2564790 എന്ന ഫോൺ നമ്പരിലും spktym.pol@kerala.gov.in എന്ന e-mail വിലാസത്തിലും അറിയിക്കേണ്ടതാണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K