11 April, 2019 08:33:07 AM
21 മണിക്കൂര്‍ നീണ്ട അന്ത്യയാത്ര; കെ എം മാണിയുടെ മൃതശരീരം കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിച്ചു
പാലാ: നീണ്ട 21 മണിക്കൂര്‍ നേരത്തെ വിലാപയാത്രയ്ക്കൊടുവില്‍ കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു. പ്രിയ നേതാവിന് ആദരാഞ്ജലികള്‍ അർപ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം മൂലം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്‍റും പിന്നിട്ടത്. പതിനായിരങ്ങൾ വിലാപയാത്രയിൽ അണിചേർന്നു.
"ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല" എന്ന മുദ്രാവാക്യം വിളികളോടെ വികാരതീഷ്ണമായ അന്തരീക്ഷത്തിലാണ് കെ എം മാണിയുടെ ഭൗതിക ശരീരം പ്രവർത്തകർ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്. ആയിരക്കണക്കിന് ആളുകൾ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാൻ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് എത്തി. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ നിന്ന് നേതാക്കൾ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി.
ഉച്ചവരെ പാലായിൽ കരിങ്ങോഴക്കൽ വീട്ടിൽ കെ എം മാണിയുടെ പൊതുദർശനം നടക്കും. രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴക്കൽ വീട്ടിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയാണ് പാലാ കത്തീഡ്രൽ പള്ളി. എഐസിസി സെക്രട്ടറി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുഴുവൻ സമയവും പൊതുദർശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുക്കും.
രാവിലെ പത്തു മണിയോടെഎറണാകുളത്തെ ലേക് ഷോർ ആശുപത്രിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര പ്രതീക്ഷിച്ചതിലും 15 മണിക്കൂർ വൈകി രാത്രി ഒരു മണിയോടെയാണ് കോട്ടയത്ത് എത്തിയത്. കേരള കോൺഗ്രസിന്‍റെ പിറവിയും പിളർപ്പും അടക്കം കെ.എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾക്ക് സാക്ഷിയായ കോട്ടയം നഗരവും തിരുനക്കര മൈതാവും അത്രമേൽ വൈകാരികമായാണ് മാണിസാറിനെ യാത്രയാക്കിയത്.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ ചേർന്ന് ഏറ്റുവാങ്ങിയ മൃതദേഹം തിരുനക്കരയില്‍ ഒരുമണിക്കുർ പൊതുദർശനത്തിന് ശേഷം കേരള കോൺഗ്രസ് ആസ്ഥാനത്ത് എത്തിച്ചു. അവിടെ നിന്ന് മണർകാട്, അയർകുന്നം, കിടങ്ങൂർ വഴി സ്വന്തം തട്ടകമായ പാലായിലേക്ക് കെ.എം മാണിയുടെ അന്ത്യയാത്ര പുറപ്പെട്ടു. രാവിലെ ഏഴ് പത്തിനാണ് വിലാപയാത്ര കരിങ്ങോഴക്കൽ വീട്ടിൽ എത്തിയത്.