05 April, 2019 05:18:55 PM
ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ ആളില്ലാത്ത വീട് കുത്തിതുറന്ന് വന്‍ കവര്‍ച്ച
ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗര മദ്ധ്യത്തിൽ വൻ മോഷണം. കെ എസ്. ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ബാർ ഹോട്ടലിന് എതിർ വശത്തുള്ള ശ്രീശൈലത്തില്‍ പരേതനായ ശശികുമാറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ രാത്രിയിലായിരിക്കാം മോഷണമെന്ന് കരുതുന്നു. വീടിന്‍റെ വാതിലുകൾ കുത്തി പൊളിച്ച നിലയിലാണ്. അലമാരകളുടെ പൂട്ടും തകർത്തിട്ടുണ്ട്. മുകളിലത്തെ നിലയിലെ വാതിലും തകർത്തു.
വീട്ടുകാർ കുടുംബസമേതം വ്യാഴാഴ്ച വൈകിട്ട് വീട് പൂട്ടി കോഴിക്കോട് ഒരു ബന്ധുവിന്‍റെ കല്യാണചടങ്ങിനായി പോയിരിക്കുകയായിരുന്നു. ഇവർ ശനിയാഴ്ചയെ എത്തു എന്നാണ് വിവരം. അതുകൊണ്ടുതന്നെ എന്തൊക്കെ മോഷണം പോയി എന്നു വ്യക്തമല്ല. വീട്ടുകാര്‍ എത്തിയതിനുശേഷം മാത്രമേ കവര്‍ച്ചയുടെ വ്യാപ്തി മനസിലാക്കാനാവു എന്ന് പോലീസ് പറയുന്നു. ശശികുമാറിന്‍റെ മകൻ ശംഭുവും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. വെളളിയാഴ്ച രാവിലെ 9 മണിയോടെ ചെടി നനയ്ക്കാനും മറ്റുമായി വീട്ടിലെത്തിയ വേലക്കാരിയാണ് മോഷണ വിവരം അറിയുന്നത്. വാതിൽ തുറന്നു കിടന്നതു കണ്ട് സംശയം തോന്നി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്‍റെ നേതൃത്വത്തില്‍ പോലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലും പോലീസ് ശക്തമായ പരിശോധന നടത്തുകയാണ്. എ.എസ്.പി. രീഷ്മാരമേശന്‍, സി.ഐ.എസ്.മഞ്ജുലാല്‍, എസ്.ഐ.എബി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.