15 March, 2019 02:14:02 PM
രണ്ടാമൂഴം: സംവിധായകന്‍റെ ആവശ്യം തള്ളി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി
കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍റെ ആവശ്യം കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. തിരക്കഥ ശ്രീകുമാര്‍ മോനോന് ഉപയോഗിക്കാനാകില്ലെന്ന ഉത്തരവ് കോടതി നിലനിര്‍ത്തി.
നാലുവര്‍ഷം മുമ്പായിരുന്നു എം.ടി വാസുദേവന്‍ നായര്‍ രണ്ടാമൂഴത്തിന്‍റെ തിരക്കഥ ശ്രീകുമാര്‍ മേനോന് കൈമാറിയത്. കരാര്‍ കാലാവധിയായ മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നുവര്‍ഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങാത്തതിനെത്തുടര്‍ന്നാണ് തിരക്കഥ തിരികെ നല്‍കണമെന്ന് എം.ടി ആവശ്യപ്പെട്ടത്.
തുടര്‍ന്ന് ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി നല്‍കിയെങ്കിലും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം.ടി കോടതിയെ സമീപിച്ചത്. മുന്‍കൂറായി വാങ്ങിയ പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും എം.ടി വ്യക്തമാക്കിയിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം.ടി സംവിധായകന് കൈമാറിയത്.
ആയിരം കോടി രൂപ മുടക്കിയാകും സിനിമ നിര്‍മിക്കുകയെന്ന് സംവിധായകന്‍ അവകാശപ്പെട്ടിരുന്ന ചിത്രം നര്‍മ്മിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നത് വ്യവസായി ബി. ആര്‍. ഷെട്ടിയായിരുന്നു. എന്നാല്‍ വിവാദം കനത്തപ്പോള്‍ അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് സൂചന. പ്രധാന കഥാപാത്രമായ ഭീമസേനനെ മോഹന്‍ലാലായിരുന്നു അവതരിപ്പിക്കാനിരുന്നത്.