06 March, 2019 10:37:34 AM
ഓസ്ട്രേലിയയില്‍ നിര്‍ത്തിയിട്ട കാറില്‍ ഇന്ത്യന്‍ വംശജയായ ഡോക്ടറുടെ മൃതദേഹം സ്യൂട്ട്കേസിലാക്കിയ നിലയില്‍
മെല്‍ബേണ്‍: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജയായ ദന്ത ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രീതി റെഡി എന്ന 32കാരിയുടെ മൃതദേഹമാണ് സ്യൂട്ട്കേസിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ സിഡ്നിയിലെ ഒരു നഗരത്തില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച പ്രീതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജോര്‍ജ് സ്ട്രീറ്റിലെ ഒരു റസ്‌റ്റോറന്റിലാണ് ഇവരെ അവസാനമായി കണ്ടത്. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ഇവര്‍ വീട്ടുകാരുമായി അവസാനമായി ഫോണില്‍ സംസാരിച്ചത്. വീട്ടിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ ഇവരുടെ കാര്‍ പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരമാകെ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. അതേസമയം, പ്രീതിയുടെ മുന്‍ കാമുകനെ റോഡപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രീതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പാണ് മുന്‍ കാമുകന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. മരണത്തിനു മുന്‍പ് പ്രീതിയുടെ തിരോധാനത്തെക്കുറിച്ച് ഇയാളുമായി പൊലീസ് സംസാരിച്ചിരുന്നു.
പ്രീതിയും ഇയാളും മാര്‍ക്കറ്റ് സ്ട്രീറ്റിലുള്ള ഒരു ഹോട്ടലിലാണ് ഞായാറാഴ്ച വരെ താമസിച്ചിരുന്നത്. പ്രീതിയുടെ തിരോധാനവും കാമുകന്റെ മരണവും ഒട്ടേറെ ദുരൂഹതകളുളവാക്കുന്നതാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പറഞ്ഞു.