28 February, 2019 05:47:46 PM
ഏറ്റുമാനൂര്‍ നഗരസഭയില്‍ കസേരകളി തുടരുന്നു; ആശങ്കകള്‍ക്കൊടുവില്‍ ചെയര്‍മാന്‍റെ രാജി
അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ചെയര്‍മാന്‍; ഇനി അവസരം 2 പേര്‍ക്ക് കൂടി
ഏറ്റുമാനൂര്‍: യുഡിഎഫ് പാളയത്തിലെ ആശങ്കകള്‍ക്ക് വിരാമമായി ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ ഇന്ന് രാജിവെച്ചു. മുന്‍ധാരണപ്രകാരം ജനുവരി 30ന് രാജിവെയ്ക്കേണ്ടതായിരുന്നു. എന്നാല്‍ രാജി അനന്തമായി നീണ്ടത് അടുത്ത രണ്ട് വര്‍ഷം ചെയര്‍മാന്‍ സ്ഥാനം പങ്കിടേണ്ട കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ ഉത്കണ്ഠാകുലരാക്കിയിരുന്നു.
നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ നിര്‍മ്മാണ ഉദ്ഘാടനശേഷം ഫെബ്രുവരി 15ന് ജോയി ഊന്നുകല്ലേല്‍ രാജി വെക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് കെ.എസ്.ഇ.ബി.സബ് സ്റ്റേഷന്‍റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എം.എം.മണിയും എം.സി.റോഡ് ഉദ്ഘാടനം ഇന്ന് മന്ത്രി ജി.സുധാകരനും നിര്‍വ്വഹിച്ചു. ഈ പരിപാടികള്‍ക്കു ശേഷം താന്‍ രാജി സമര്‍പ്പിക്കുമെന്ന് ജോയി പറഞ്ഞിരുന്നുവെങ്കിലും കൗണ്‍സിലര്‍മാരില്‍ പലരും അത് കാര്യമായി എടുത്തിരുന്നില്ല. രാജി വെക്കുന്നില്ലെങ്കില്‍ കസേര തെറിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയായിരുന്നു യുഡിഎഫ് അംഗങ്ങള്‍. എന്നാല്‍ ചെയര്‍മാന്‍ രാജി വെക്കേണ്ടിയിരുന്നില്ല എന്ന് പറയുന്ന ചുരുക്കം ചില കൗണ്‍സിലര്‍മാരും ഇക്കൂട്ടത്തില്‍ ഉണ്ട്.
പുതിയ നഗരസഭയായ ഏറ്റുമാനൂരില്‍ കോണ്‍ഗ്രസിലെ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ ആയിരുന്നു ആദ്യ ചെയര്‍മാന്‍. കാലാവധി രണ്ട് വര്‍ഷമായപ്പോഴേക്കും കോണ്‍ഗ്രസിലെ തന്നെ ചില അംഗങ്ങളും കേരളാ കോണ്‍ഗ്രസ്, സ്വതന്ത്ര അംഗങ്ങളും ചേര്‍ന്ന് നടത്തിയ ചരടുവലിയില്‍ ജയിംസിന്‍റെ കസേരയ്ക്ക് ഇളക്കം തട്ടി. 29-ാം വാര്‍ഡില്‍ (പാറോലിക്കല്‍) നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച ജോയി മന്നാമല യുഡിഎഫിന്‍റെയും കേരളാ കോണ്‍ഗ്രസിന്‍റെയും പിന്തുണയോടെ നഗരസഭയുടെ രണ്ടാമത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ആറ് മാസത്തേക്കായിരുന്നു ജോയി മന്നാമല അധികാരത്തിലേറിയത്.
അന്നുണ്ടാക്കിയ ധാരണപ്രകാരം ജയിംസിനു പിന്നാലെ നാല് പേരാണ് ചെയര്‍മാന്‍ സ്ഥാനത്തെത്തേണ്ടത്. ജോയി മന്നാമലയ്ക്കു പിന്നാലെ രണ്ടാം വാര്‍ഡില്‍ (കുരീച്ചിറ) നിന്നും സ്വതന്ത്രനായി ജയിച്ച ജോയി ഊന്നുകല്ലേല്‍, 24-ാം വാര്‍ഡില്‍ (കണ്ടംചിറ) നിന്നുമുള്ള കേരളാ കോണ്‍ഗ്രസിലെ ജോര്‍ജ് പുല്ലാട്ട്, ഒമ്പതാം വാര്‍ഡില്‍ (പുന്നത്തുറ) നിന്നുമുള്ള കോണ്‍ഗ്രസ് അംഗം ബിജു കൂമ്പിക്കന്‍ എന്നിവര്‍.
ധാരണപ്രകാരം ജോര്‍ജ് പുല്ലാട്ടിനും ബിജു കൂമ്പിക്കനും ഓരോ വര്‍ഷമാണ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കേണ്ടത്. ജോയി ഊന്നുകല്ലേല്‍ രാജിവെയ്ക്കാന്‍ താമസിച്ചത് അവസാനം ചെയര്‍മാനാകേണ്ട ബിജുവിന്‍റെ കാലഘട്ടത്തെ ബാധിക്കും. ധാരണപ്രകാരമുള്ള ഒരു വര്‍ഷം ഇദ്ദേഹത്തിന് ഭരിക്കാനാവില്ല. അധികാരത്തിലേറുന്ന അന്നുമുതല്‍ ഒരു വര്‍ഷം കണക്കാക്കിയായിരിക്കും ജോര്‍ജ് പുല്ലാട്ട് കസേര വിട്ടുകൊടുക്കുക. ഇതിനിടെ തെരഞ്ഞെടുപ്പ് നടപടികള്‍ക്കുള്ള ഓരോ മാസം വീതം നാഥനില്ലാത്ത അവസ്ഥ വീണ്ടും നഗരസഭയില്‍ ഉണ്ടാവുകയാണ്.
മുപ്പത്തഞ്ചംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് - 9 , കേരളാ കോണ്‍ഗ്രസ് - 5, ബിജെപി -5, സ്വതന്ത്രര്‍ - 4, സിപിഎം - 11, സിപിഐ - 1 എന്നിങ്ങനെയാണ് കക്ഷിനില. നഗരസഭയുടെ ആദ്യ ഭരണസമിതി എന്ന നിലയില്‍ ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും സ്വതന്ത്രരും ചേര്‍ന്ന് സഖ്യമുണ്ടാക്കുകയായിരുന്നു. ജയിംസ് തോമസ് രാജിവെച്ചപ്പോള്‍ ഒരു മാസത്തോളം വൈസ് ചെയര്‍പേഴ്സണായിരുന്ന കേരളാ കോണ്‍ഗ്രസിലെ റോസമ്മ സിബിയ്ക്കായിരുന്നു ചാര്‍ജ്. മുന്‍ധാരണപ്രകാരം റോസമ്മ പിന്നീട് രാജിവെച്ചപ്പോള്‍ കോണ്‍ഗ്രസിലെ ജയശ്രീ ഗോപിക്കുട്ടന്‍ വൈസ് ചെയര്‍പേഴ്സണായി. ജോയി ഊന്നുകല്ലേല്‍ രാജി വെച്ചതോടെ ജയശ്രീയ്ക്ക് രണ്ടാം തവണയാണ് ചെയര്‍മാന്‍റെ ചാര്‍ജ് ലഭിക്കുന്നത്.