22 February, 2019 05:16:25 PM
വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിയില്‍ വെട്ടിക്കൊന്നു
ചെന്നൈ: അധ്യാപികയായ യുവതിയെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് രാജശേഖര്‍ എന്ന യുവാവാണ് എസ് 22 കാരിയായ രമ്യയെ ക്ലാസ് മുറിയില്‍ വെട്ടിക്കൊന്നത്. തമിഴ്നാട്ടില്‍ കുടലൂര്‍ ജില്ലയിലെ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ച രാവിലെ ക്ലാസ്മുറിയിലിരിക്കുകയായിരുന്ന രമ്യയോട് രാജശേഖര്‍ വിവാഹാഭ്യാര്‍ഥന നടത്തി. ഇത് നിരസിച്ചതോടെ രമ്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സ്കൂളിന് സമീപത്താണ് രമ്യയുടെ വീട്. എല്ലാ ദിവസങ്ങളിലും അവര്‍ നേരത്തെ സ്കൂളിലെത്തിയിരുന്നു. നേരത്തെ പലതവണ വിവാഹാഭ്യര്‍ഥന നടത്തിയ രാജശേഖര്‍ രാവിലെ ക്ലാസ് മുറിയിലെത്തി വീണ്ടും വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. കോളേജ് കാലം മുതല്‍ രമ്യയെ രാജശേഖറിന് പരിചയമുണ്ടായിരുന്നു.
രമ്യയെ വിവാഹം ചെയ്ത് നല്‍കാന്‍ നേരത്തെ രാജശേഖര്‍ രമ്യയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് അവര്‍ നിഷേധിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് രാജശേഖര്‍ സഹോദരിക്ക് മെസേജ് അയച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.