22 February, 2019 05:15:43 PM


3.800 കിലോ ഭാരമുള്ള തോക്ക് ചൂണ്ടി ശോഭനാ ജോര്‍ജ്ജ്; തോക്കെടുക്കാനില്ലെന്ന് വി.എന്‍ വാസവന്‍ !



കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷ മേളയിലെത്തിയ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്ജ് പോലീസ് വകുപ്പിന്‍റെ സ്റ്റാളിലൊരുക്കിയ തോക്ക് ശേഖരം കണ്ട് അത്ഭുതം കൂറി. സ്റ്റാളിന്‍റെ ചുമതലക്കാരായ പോലീസുദ്യോഗസ്ഥനോട് അനുവാദം ചോദിച്ച് കയ്യിലെടുത്ത തോക്കിന്‍റെ ഭാരം അറിഞ്ഞപ്പോള്‍ മുഖത്ത് ഞെട്ടല്‍. രണ്ടാം ലോക മഹായുദ്ധത്തിന് ഉപയോഗിക്കപ്പെട്ട തോക്കിന്‍റെ ഭാരം 3 കിലോ 800 ഗ്രാം എന്നറിഞ്ഞപ്പോള്‍ തോക്ക്  കൈകാര്യം ചെയ്യുന്നവരെ സമ്മതിക്കണമെന്ന് കമന്‍റ്.


പോലീസിന്‍റെ  ആയുധ ശേഖരം കൗതുകത്തോടെ നോക്കി കണ്ട മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ തോക്ക് കയ്യിലെടുക്കാന്‍ തയ്യാറായില്ല. തോക്കെടുക്കാനില്ലെന്ന് എന്ന് ചിരി നിറഞ്ഞ മുഖത്തോടെ അദ്ദേഹം പ്രതികരിച്ചു. മേളയുടെ ഭാഗമായി കേരളത്തിന്‍റെ കായിക ശക്തി എന്ന വിഷയത്തില്‍  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് അദ്ദേഹം പ്രദര്‍ശന സ്റ്റാളുകള്‍ കാണാനെത്തിയത്. ഗ്രാമ വ്യവസായ ജില്ലാ ഓഫിസിനായി നിര്‍മ്മിക്കുന്ന ഗാന്ധി സ്മൃതി മന്ദിരത്തിന്‍റെ നിര്‍മ്മാണോദ്ഘാടനത്തിനെത്തിയ ശോഭന ജോര്‍ജ്ജ് അപ്രതീക്ഷിതമായാണ് നാഗമ്പടം മൈതാനത്തെ മേള കാണാനെത്തിയത്.


എല്ലാ സ്റ്റാളും സന്ദര്‍ശിച്ച് പ്രദര്‍ശന വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞും  വിപണനത്തിനായി വച്ചിരുന്ന കാന്താരി തേന്‍, ചമ്മന്തിപ്പൊടി, നൈറ്റികള്‍, കത്തി, എണ്ണക്കരണ്ടി, കൊതുകിനെ തുരത്തുന്നതിന് പുകയ്ക്കാനായി ഉപയോഗിക്കുന്ന വന വിഭവമായ തെളളി എന്നിവയും വാങ്ങിയാണ് ശോഭനാ ജോര്‍ജ്ജ് മടങ്ങിയത്.


ഹരിത സന്ദേശവുമായി  ഹരിതഭവനം


സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷവുമായി  ബന്ധപ്പെട്ടു ഹരിത  കേരളം മിഷന്‍ ഒരുക്കിയ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. ഒരു വീട് ഹരിതാഭമാക്കാന്‍ എന്തൊക്കെ ആവശ്യമാണെന്ന് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ്  ഹരിതകേരളം മിഷന്റെ മാതൃകാ ഹരിത ഭവനം. കൃത്യമായ മാലിന്യ സംസ്‌ക്കരണത്തിലൂടെയും ജല ഊര്‍ജ്ജസംരക്ഷണത്തിനും പ്രാധാന്യം നല്‍കി വീട് പ്രകൃതി സൗഹാര്‍ദ്ദമാക്കുന്ന മാതൃകയാണ് പ്രദര്‍ശനത്തിലുള്ളത്.

ബയോഗ്യാസ്  പ്ലാന്റ്, സോളാര്‍  പാനല്‍, കിണര്‍  തുടങ്ങി  ഒരു  വീടിനെ ഹരിതാഭമാകാന്‍  ആവശ്യമുള്ളതെല്ലാം  ഹരിതഭവനത്തില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളും സ്റ്റാളില്‍ വിശദീകരിക്കുന്നുണ്ട്. ഒപ്പം പശു, ആട്, കോഴി വളര്‍ത്തല്‍, ജൈവപച്ചക്കറിക്കൃഷി, മീന്‍കുളം ,അടുക്കളത്തോട്ടം തുടങ്ങിയവ ആരംഭിക്കാനും മിഷന്‍ നിര്‍ദ്ദേശിക്കുന്നു. മനുഷ്യജീവന്  ആപത്തായ പ്ലാസ്റ്റിക് ഒഴിവാക്കി  പൂര്‍ണമായും പേപ്പറും, തുണിയും ഉപയോഗിച്ചാണ്  ഹരിതഭവനം  നിര്‍മ്മിച്ചിരിക്കുന്നത്.

കൂടാതെ ഹരിതകേരളം  മിഷനുമായി ബന്ധപ്പെട്ട്  നടപ്പിലാക്കിയ  പദ്ധതികള്‍, വീണ്ടെടുത്ത  തരിശു പാടശേഖരങ്ങള്‍, ആഴം  കൂട്ടി  നവീകരിച്ച  തോടുകള്‍, മാലിന്യ സംസ്‌കരണത്തിനായി രൂപീകരിച്ച  ഹരിതകര്‍മ്മസേന  തുടങ്ങിയ പദ്ധതികളുടെ  വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ ചിത്രങ്ങളും  പോസ്റ്ററുകളും  ഹരിതഭവനത്തിലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K