21 February, 2019 07:53:19 PM


മുക്കൂട്ടുതറയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: നാല് സുഹൃത്തുക്കൾ അറസ്റ്റിൽ



മുക്കൂട്ടുതറ : കഴിഞ്ഞ ദിവസം മുക്കൂട്ടുതറയിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിന്‌പിന്നിൽ വൈദ്യുതി ഉപയോഗിച്ച് തോട്ടിൽ മീൻപിടുത്തം നടത്തിയതാണെന്ന് തെളിഞ്ഞതോടെ നാല് പേർ അറസ്റ്റിലായി. മുട്ടപ്പള്ളി കൊച്ചുപറമ്പിൽ ജോസഫിന്‍റെ മകൻ ഷോബി ജോസഫ് (38) ആണ് ആദ്യം അറസ്റ്റിലായത്. തുടർന്ന് മൂന്ന് പേരെ കൂടി ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. മുക്കൂട്ടുതറ തൂങ്കുഴിയിൽ മാത്യുവിന്‍റെ മകൻ ബിജു മാത്യു (43), കൊടിത്തോട്ടം താന്നിക്കുഴിയിൽ ജോസിന്‍റെ മകൻ സുനിൽ ജോസ് (41), കൊല്ലമുള ഓലക്കുളം തടത്തിൽ രാജൻ മകൻ ശ്യാം കുമാർ (32) എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേർ.


കൊല്ലമുള എഴുപതേക്കർ കുമ്പളന്താനം സിനു മാത്യു (35) ആണ് കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ചത്. സീനുവിന്‍റെ സുഹൃത്തുക്കളാണ് അറസ്റ്റിലായ നാല് പേരും. മുക്കൂട്ടുതറ ടൗണിൽ കടയോട് ചേർന്നുള്ള വാടക വീടിന് സമീപത്തായിരുന്നു സംഭവം. തോടിനോട് ചേർന്നുള്ള ഷെഡിൽ മോട്ടോർ നന്നാക്കുന്നതിനിടെയാണ് സിനു ഷോക്കേറ്റ് മരിച്ചതെന്ന് ഒപ്പമുള്ള സുഹൃത്തുക്കൾ ആദ്യം പോലീസിൽ അറിയിച്ചിരുന്നത്. ഇവിടെ വൈദ്യുതി ഉപയോഗിച്ച് മീൻ പിടുത്തം പതിവായിരുന്നെന്നും യുവാവിന്‍റെ മരണത്തിനിടയാക്കിയത് ഇതാണെന്നും പിന്നീട് ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് നാട്ടുകാരിൽ നിന്നും പരാതി ലഭിച്ചു.


ഇതോടെയാണ് സംഭവസമയത്ത് സിനുവിന് ഒപ്പമുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മീന്‍ പിടിക്കാന്‍ മോട്ടോറിന്‍റെ വൈദ്യുതി കണക്ഷനിൽ നിന്നും ഗേജ്‌ കൂടിയ ഇലക്ട്രിക് വയർ ഉപയോഗിച്ച് തോട്ടിലെ വെള്ളത്തിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചതാണ് അപകടത്തിൽ കലാശിച്ചത്. വൈദ്യുതി ഓണാക്കിയപ്പോൾ തോട്ടിലെ വെള്ളത്തിൽ നിന്ന സിനുവിന് അബദ്ധത്തിൽ വൈദ്യുതാഘാതമേൽക്കുകയായിരുന്നെന്ന് പറയുന്നു. തൽക്ഷണം സിനു മരണപ്പെട്ടു. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, വൈദ്യുതി മോഷണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K