19 February, 2019 06:48:23 PM
സംസ്ഥാന സര്‍ക്കാരിന്‍റെ 1000 ദിനം: കോട്ടയം ജില്ലാതല ആഘോഷത്തിന് നാളെ തുടക്കം
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ 1000 ദിനം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ബുധനാഴ്ച തുടക്കമാകും. നാഗമ്പടം മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. തിലോത്തമന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വിശപ്പുരഹിത കേരളം, ആരോഗ്യ ജാഗ്രത 2019 എന്നീ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും സൗജന്യ ഗ്ലൂക്കോമീറ്റര്‍, ആധാര്‍ എന്റോള്‍മെന്റ് കിറ്റ് എന്നിവയുടെ വിതരണവും അദ്ദേഹം നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
എം.എല്‍.എ മാരായ ഉമ്മന്‍ചാണ്ടി, കെ.എം മാണി, സി.എഫ് തോമസ്, പി. സി ജോര്‍ജ്ജ്, അഡ്വ. മോന്‍സ് ജോസഫ്, അഡ്വ. കെ. സുരേഷ് കുറുപ്പ്. എന്‍.ജയരാജ്, സി. കെ ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സണ്ണി പാമ്പാടി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന എന്നിവര്‍ മുഖ്യതിഥികളായിരിക്കും. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു സ്വാഗതവും സബ്കളക്ടര്‍ ഇഷാപ്രിയ നന്ദിയും പറയും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് ആരോഗ്യ സംരക്ഷണ സന്ദേശം നല്‍കും. ഉദ്ഘാടനത്തിന് മുന്നോടിയായി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും നാഗമ്പടം മൈതാനിയിലേക്ക് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആരോഗ്യ സന്ദേശയാത്ര, കോന്നി മുദ്രാ സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ്ങ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന കാക്കരശി നാടകം എന്നിവ ഉണ്ടായിരിക്കും. നിയോജക മണ്ഡലങ്ങളില്‍ പൂര്‍ത്തീകരിച്ചിട്ടുളളതും ആരംഭിക്കുന്നതുമായ പദ്ധതികളുടെ ഉദ്ഘാടനം, കലാ സാംസ്‌ക്കാരിക പരിപാടികള്‍, ചിത്രപ്രദര്‍ശനം വിവിധ വകുപ്പുകളുടെ സേവനമേള, ഉത്പന്ന പ്രദര്‍ശന വിപണന മേള എന്നിവ ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മേള ഫെബ്രുവരി 27ന് അവസാനിക്കും.
ഗ്ലൂക്കോമീറ്റര്‍ വിതരണം
പ്രമേഹ രോഗം സ്ഥിതീകരിച്ച അറുപത് വയസ്സിന് മേല്‍ പ്രായമുള്ള ജില്ലയിലെ ആയിരം പേര്‍ക്ക് ജില്ലാ സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഗ്ലൂക്കോമീറ്റര്‍ നല്‍കും. നാഗമ്പടം മൈതാനത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്ലൂക്കോമീറ്ററുകളുടെ വിതരണം മന്ത്രി പി തിലോത്തമന്‍ നിര്‍വ്വഹിക്കും. ആദ്യ ഘട്ടത്തില്‍ 400 എണ്ണം വിതരണം ചെയ്ത് കഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകളിലൂടെ ബാക്കിയുള്ളവയുടെ വിതരണം പൂര്‍ത്തിയാക്കും.
വിശപ്പുരഹിത കേരളം പദ്ധതി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന വിശപ്പുരഹിത കേരളം പദ്ധതിയ്ക്ക് ബുധനാഴ്ച കോട്ടയം ജില്ലയില്‍ തുടക്കമാകും. നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. തിലോത്തമന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ഒരു നേരത്തെ എങ്കിലും ആഹാരം കഴിക്കാനില്ലാത്തവര്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ താമസിക്കുന്ന നിരാംലംബര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയില്‍ എത്തുന്നവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
സൗജന്യ ഭക്ഷണത്തിന് അര്‍ഹരായ നിരാംലംബരുടെ ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്, പാലിയേറ്റീവ് കെയര്‍ എന്നിവരുടെ സഹകരണത്തോടെ തയ്യാറാക്കും. ആവശ്യമെങ്കില്‍ ഇവര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കും. യാത്രാവേളയില്‍ ഭക്ഷണ സൗകര്യം ആവശ്യമുളളവര്‍ക്കും സര്‍ക്കാര്‍ ഓഫീസുകളിലെ സേവനം തേടി എത്തുന്നവര്‍ക്കും സൗജന്യ നിരക്കില്‍ ഭക്ഷണം നല്‍കും. ഇവരില്‍ നിന്നും ഊണ് ഒന്നിന് 20 രൂപ ഈടാക്കും. ജില്ലാ സപ്ലൈ ഓഫീസിനെയാണ് പദ്ധതി നോഡല്‍ ഓഫീസായി നിയമിച്ചിട്ടുളളത്.
സെമിനാര്‍ സംഘടിപ്പിക്കും
നാഗമ്പടം മൈതാനിയില്‍ ഫെബ്രുവരി 20 മുതല്‍ ഫെബ്രുവരി 27 വരെ വിവിധ വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. 21ന് രാവിലെ 10ന് സമകാലിന സ്ത്രീ എന്ന വിഷയത്തില്‍ വനിതാ ശിശുവികസന വകുപ്പും 22ന് രാവിലെ 10ന് ജലജന്യരോഗങ്ങളും ജലസംരക്ഷണവും എന്ന വിഷയത്തില്‍ ആരോഗ്യ വകുപ്പും ഉച്ചയക്ക് 2ന് കേരളത്തിന്‍റെ കായിക ശക്തി എന്ന വിഷയത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സെമിനാര്‍ നടത്തും. മൃഗസംരക്ഷണം വരുമാനത്തിന്‍റെ പുതുവഴികള്‍ എന്ന വിഷയത്തില്‍ ഫെബ്രുവരി 23ന് രാവിലെ 10 മുതല്‍ മൃഗസംരക്ഷണ വകുപ്പും പ്രദേശിക വികസനവും ചെറുകിട വ്യവസായ സംരംഭവും സംബന്ധിച്ച് ഉച്ചയക്ക് 2ന് വ്യവസായ വകുപ്പും സെമിനാര്‍ നടത്തും.
24ന് വയോജനങ്ങളുടെയും ഭിന്നശേഷി ഉളളവരുടെയും സാമൂഹ്യ സുരക്ഷ സംബന്ധിച്ച് ഫെബ്രുവരി 23നും ശുചിത്വ മികവ് എന്ന വിഷയത്തില്‍ 25നും നീര്‍ത്തടാധിഷ്ഠിത മണ്ണു സംരക്ഷണവും നൂതന സങ്കേതങ്ങളും വിദ്യാഭ്യാസവും കേരള നവോത്ഥാനവും എന്ന വിഷയത്തില്‍ 26നും സെമിനാര്‍ നടത്തും. സമാപനദിനമായ 27ന് രാവിലെ 10ന് ക്ഷീര മേഖല നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് ക്ഷീരവികസന വകുപ്പും നവകേരളത്തിന്റെ സുസ്ഥിര നിര്‍മ്മാണം എന്ന വിഷയത്തില്‍ ടൂറിസം വകുപ്പും സെമിനാര്‍ സംഘടിപ്പിക്കും.
എല്ലാ ദിവസവും കലാപരിപാടികള്‍
ജില്ലാതല ആഘോഷ പരിപാടികളില്‍ എല്ലാ ദിവസവും വൈകിട്ട് 4.30 മുതല്‍ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. ആദ്യദിനം കാക്കരശി നാടകവും ഉദ്ഘാടനത്തെ തുടര്‍ന്ന് ആലപ്പുഴ ബ്ലൂഡയമണ്ട്‌സിന്‍റെ ഗാനമേളയും ഉണ്ടായിരിക്കും. ഫെബ്രുവരി 21ന് വൈകിട്ട് 4.30ന് കോട്ടയം ഓള്‍ഡേജ് ചില്‍ഡ്രന്‍സ് ഹോമിലേയും അന്തേവാസികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും തുടര്‍ന്ന് കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന കരുണ എന്ന നാടകവും ഉണ്ടായിരിക്കും.
ഫെബ്രുവരി 22ന് കുടുംബശ്രീയും ബാലസഭയും അവതരിപ്പിക്കുന്ന കലാസന്ധ്യ, കാണിനാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ട്, പടയണി, 23 ന് ജോവന്‍ മുതുമല അവതരിപ്പിക്കുന്ന മാജിക് ഷോ, റവന്യൂ വകുപ്പ് അവതരിപ്പിക്കുന്ന ഗാനസന്ധ്യ എന്നിവ നടത്തും. 24ന് എന്‍എസ്എസ് പ്രവര്‍ത്തകരും ഭാരത് ഭവന്‍ സാംസ്‌ക്കാരിക വിനിമയ കേന്ദ്രവും കലാപരിപാടികള്‍ അവതരിപ്പിക്കും. 25ന് വൈകിട്ട് 3 മുതല്‍ ചവിട്ടു നാടകം 6 മുതല്‍ ഡോഗ് ഷോ എന്നിവയ്ക്കു പുറമേ പോലീസ് വകുപ്പ് അവതരിപ്പിക്കുന്ന സര്‍ഗ്ഗസന്ധ്യ ഉണ്ടാരിക്കും. 26ന് വിദ്യാര്‍ത്ഥികളും മാതാപി താക്കളും അവതരിപ്പിക്കുന്ന കലാമേള വൈക്കം വിജയലക്ഷ്മിയുടെ ഗാനമേള എന്നിവയും സമാപനദിനമായ 27ന് ഗോത്രകലാമേളയും അരങ്ങേറും.
ഫ്‌ളാഷ് മോബ് നടത്തി
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷന്‍, ഹരിത കേരള മിഷന്‍ എന്നിവയുടെ നേട്ടങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് നടത്തി. 1000 ദിനാഘോഷത്തിന്‍റെ ജില്ലാതല പരിപാടികളുടെ ഭാഗമായാണഅ ഫ്‌ളാഷ് മോബ് നടത്തിയത്. കളക്ട്രേറ്റ്, റെയില്‍വേ സ്റ്റേഷന്‍, പഴയ ബസ് സ്റ്റാന്‍ഡ്, നാഗമ്പടം ബസ് സ്റ്റാന്‍ഡ്, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നടത്തിയ ഫ്‌ളാഷ് മോബിന് ടൂറിസം വകുപ്പാണ് സംഘടിപ്പിച്ചത്. ജെ വി ഡാന്‍സ് അക്കാദമിയാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.