13 February, 2019 09:03:11 PM
ഏറ്റുമാനൂര്‍ നഗരസഭയില്‍ ഓഡിറ്റ് പരിശോധനയില്‍ കണ്ടെത്തിയത് വന്‍ക്രമക്കേടുകള്‍
സര്‍ക്കാര്‍ ഗ്രാന്‍റുകള്‍ കൃത്യമായി വിയോഗിച്ചില്ല; തനത് ഫണ്ട് അനാവശ്യമായി ചെലവഴിച്ചു
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഓഡിറ്റിംഗില്‍ കണ്ടെത്തിയത് വന്‍ ക്രമക്കേടുകള്‍. സംസ്ഥാന ധനകാര്യ കമ്മീഷന്റെതുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നും ലഭിക്കുന്ന ധനസഹായം കൃത്യമായി വിനിയോഗിക്കാതിരിക്കുകയും പകരം തനത് ഫണ്ടില്‍ നിന്നുള്ള ചെലവ് വര്‍ദ്ധിപ്പിക്കുകയും വഴി നഗരസഭയ്ക്കുണ്ടായ നഷ്ടം ഓഡിറ്റ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടി. കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി അംഗങ്ങളെയും ജീവനക്കാരെയും വിളിച്ച് കൂട്ടി നടത്തിയ യോഗത്തില്‍ നഗരസഭയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ ഉദ്യോഗസ്ഥര്‍ അക്കമിട്ട് നിരത്തുകയായിരുന്നു.
നഗരസഭയ്ക്ക് വിവിധ തലങ്ങളില്‍ കൂടി ലഭിക്കേണ്ട വരുമാനം ഉദ്യോഗസ്ഥരുടെയും ഭരണസമിതിയുടെയും ഉത്തരവാദിത്തമില്ലായ്മ മൂലം കുറയുന്നു എന്നും ചൂണ്ടികാണിക്കപ്പെട്ടു. നഗരസഭാ പരിധിയില്‍ സ്ഥാപിച്ചിരിക്കുന്ന മൊബൈല്‍ ടവറുകള്‍ക്ക് കൃത്യമായ രീതിയില്‍ ഫീസ് ഈടാക്കുന്നില്ല. അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ പ്രൊഫഷണല്‍ ടാക്‌സ് പിരിക്കുന്നതിലും വന്‍വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കെട്ടിടനികുതിയില്‍ ഇളവ് അനുവദിക്കാനാവില്ല എന്നിരിക്കെ ചില സ്ഥാപനങ്ങള്‍ക്ക് പരിധി വിട്ട് ഇളവ് അനുവദിച്ചതിലുള്ള അഴിമതിയും ചൂണ്ടികാണിക്കപ്പെട്ടു.
കരാര്‍കാരില്‍ നിന്നും ഈടാക്കിയ നികുതി വിഹിതം കൃത്യമായി സര്‍ക്കാരിലേക്ക് അടച്ചില്ല. അവസാനം നഗരസഭാ ഫണ്ടില്‍നിന്നും പലിശ ഉള്‍പ്പെടെ അടയ്‌ക്കേണ്ടി വന്നതിനാല്‍ അനാവശ്യബാധ്യത ഉണ്ടാക്കിവെച്ചു. മത്സ്യമാര്‍ക്കറ്റിലെ വൈദ്യുതികുടിശിഖ വരുത്തിയ സ്റ്റാളുകള്‍ക്ക് വേണ്ടി നഗരസഭ പണമടയ്ക്കുന്നതിലൂടെയും ഭീമമായ നഷ്ടമാണ് ഉണ്ടാവുന്നത്. കെട്ടിടനികുതി നിര്‍ണ്ണയം ഇനിയും പൂര്‍ത്തിയാകാത്തതും സാമ്പത്തികബാദ്ധ്യത ഉണ്ടാക്കുന്നു. വാര്‍ഡ് തലത്തില്‍ ഉണ്ടാക്കേണ്ട ട്രേഡ് ലിസ്റ്റ് ഇനിയും തയ്യാറാക്കിയിട്ടില്ല.
നഗരസഭയുടെ വൈദ്യുതി ചാര്‍ജ് അടയ്ക്കുന്നത് ഒരു സ്വകാര്യവ്യക്തിയുടെ പേരിലാണെന്നും കണ്ടെത്തി. ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സെക്രട്ടറിയായിരുന്ന ഹരിശ്ചന്ദ്രന്‍ എന്നയാളുടെ പേരിലാണ് നഗരസഭാ കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷന്‍. ഗ്രാമപഞ്ചായത്ത് നഗരസഭ ആയിട്ടും പഴയ സെക്രട്ടറി മാറി ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും കണക്ഷന്‍ നഗരസഭാ സെക്രട്ടറിയുടെ പേരിലേക്ക് മാറ്റാനായിട്ടില്ല. വ്യക്തിയുടെ പേരിലല്ല, പകരം സെക്രട്ടറിയുടെ പേരിലായിരിക്കണം കണക്ഷന്‍ എന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. നഗരസഭാ രജിസ്റ്ററില്‍ വാണിജ്യാവശ്യത്തിന് എന്ന് രേഖപ്പെടുത്തിയിട്ടുള്ള കെട്ടിടത്തിന് പാര്‍പ്പിടാവശ്യത്തിനുള്ള നികുതി രേഖപ്പെടുത്തി ഈടാക്കി കെട്ടിടമുടമയെ സഹായിച്ചതും ഓഡിറ്റില്‍ കണ്ടെത്തി.
ഒരേ കെട്ടിടത്തിന് രണ്ട് പെര്‍മിറ്റ് നല്‍കിയതാണ് മറ്റൊരു തിരിമറി. ആദ്യം 3700 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മാണ പെര്‍മിറ്റ് നല്‍കിയ കെട്ടിടത്തിന് കുറെ നാള്‍ക്കുശേഷം 3200 ചതുരശ്ര അടിയായി കുറച്ച് പുതിയ പെര്‍മിറ്റ് നല്‍കി. രണ്ട് തവണ അപേക്ഷകള്‍ നല്‍കിയിട്ടുള്ളതായും രണ്ട് അപേക്ഷകളിലും സര്‍വ്വേ നമ്പരും പ്ലാനും എസ്റ്റിമേറ്റും എല്ലാം ഒന്നുതന്നെയായിരുന്നു എന്നതും കണ്ടെത്തി. പൊതുശ്മശാനം, കംഫര്‍ട്ട് സ്റ്റേഷന്‍ ഇവയുടെ നിര്‍മ്മാണത്തിലും അഴിമതി കണ്ടെത്തി. ഈ പദ്ധതികളില്‍ യഥാസമയം നിര്‍മ്മാണം നടക്കാതെ വന്നതിനെ തുടര്‍ന്ന് ലോകബാങ്ക് സഹായം നഷ്ടപ്പെട്ടത് വിവാദമായിരുന്നു. ഇനിയും ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും വിശദമായ ഓഡിറ്റ് റിപ്പോര്‍ട്ട് ഒരു മാസത്തിനകം പ്രസിദ്ധീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.