11 March, 2016 01:10:00 AM
തമിഴ് നടനും സംവിധായകനുമായ ചേരനെതിരെ അറസ്‌റ്റ് വാറണ്ട്
ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ചേരനെതിരെ അറസ്‌റ്റ് വാറണ്ട്. സി.ഡി ഡീലേഴ്‌സിന് നല്‍കിയ ചെക്ക് മടങ്ങിയതിനെത്തുടര്‍ന്ന് രാമനാഥപുരം ജില്ലാ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ചേരന്‍ സംവിധാനം ചെയ്‌ത ചിത്രം 'ജെകെ എന്നും നന്‍പനില്‍ വാഴ്‌കൈ' ചാനല്‍ ടു ഹോം എന്ന സംവിധാനത്തിലൂടെയും റിലീസ് ചെയ്‌തിരുന്നു. ചിത്രത്തിന്റെ ഒറിജിനല്‍ സിഡി 50 രൂപയ്‌ക്ക് വാങ്ങാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. സിഡിയുടെ വിതരണത്തിനായും മറ്റും പ്രദേശിക ഡീലര്‍മാരെയും നിയമിച്ചു.
എന്നാല്‍ ഡീലര്‍ഷിപ്പിന്റെ കമ്മീഷനായി ഏജന്റുമാര്‍ക്ക് നല്‍കിയ ചെക്കില്‍ ക്രമക്കേട് ഉണ്ടെന്നാരോപിച്ച് രാമനാഥപുരം സ്വദേശിയായ പളനിയപ്പന്‍ രാമനാഥപുരം ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. ചേരന്‍ നല്‍കിയ ചെക്ക് മടങ്ങിയെന്നാണ് പളനിയപ്പന്‍ പരാതിയില്‍ ആരോപിക്കുന്നത്. പരാതിയുടെ അടിസ്‌ഥാനത്തില്‍ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ചേരന്‍ ഹാജരായില്ല. തുടര്‍ന്നാണ് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്. ഓട്ടോഗ്രാഫ്, പൊക്കിഷം, രാമന്‍ തേടിയ സീതൈ തുടങ്ങിയ മികച്ച ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് ചേരന്‍.