08 March, 2016 03:11:40 AM
മണി നീ തനിച്ചല്ല, പിന്നാലെ ഞങ്ങളൊക്കെ ഉണ്ട് - സലിംകുമാര്‍
കലാഭവന്‍ മണിയുടെ അകാല വിയോഗത്തെ തുടര്‍ന്ന് സുഹൃത്തും നടനുമായ സലിംകുമാര്‍ ഫോസ്വുക്കില്‍ കുറിച്ചത്.
മണി....
ഇന്നലെ നിന്റെ ചേതനയറ്റ ശരീരവും കണ്ടു വീട്ടിൽ
തിരിച്ചെത്തിയ ഞാൻ നീയും ജോൺ ബ്രിട്ടാസും തമ്മിലുള്ള ഒരു ഇന്റർവ്യൂവും
കണ്ടു.....അതിൽ നീ ബ്രിട്ടാസിനോട് പറയുന്നുണ്ട്
മലയാളത്തിൽ ഏറ്റവും കൂടുതൽ പാട്ടുകൾ പാടി അഭിനയിച്ചിട്ടുള്ളത്
നീയായിരിക്കും എന്ന്..പക്ഷേ അത് നിന്റെ മരണ ശേഷം ആയിരിക്കാം ആളുകൾ
തിരിച്ചറിയുക എന്ന്...സത്യമാണ്
ഒരു കലാകാരനെ അംഗീകരിക്കാൻ മരണം അനിവാര്യമായി വരുന്ന സന്ദർഭങ്ങൾ...നിന്റെ കരിനാക്ക് ഫലിച്ചതുപോലെ എനിക്ക് തോന്നി....
നിന്റെ കരിനാക്കിന്റെ ശക്തി ഏറ്റവും കൂടുതൽ അടുത്തറിഞ്ഞ ഒരാളാണ്
ഞാൻ...എന്റെ വിവാഹ തലേന്ന് എന്റെ വീട്ടിൽ വന്ന് നാടൻപാട്ടൊക്കെ
പാടുന്നതിന്റെ കൂട്ടത്തിൽ ഒരു കാര്യം കൂടി നീ പറഞ്ഞു....
" ഞാൻ
സിനിമയിൽ വന്നു ഇനി അടുത്തതായി വരുന്നത് സലിംകുമാർ ആയിരിക്കും "
എന്ന്....നീയതു പറഞ്ഞതിന്റെ രണ്ടാം ദിവസം അത് ഫലവത്തായി ...സിനിമയിൽ
അഭിനയിക്കാൻ എന്നെ തേടി ആളുവന്നെത്തി ...
നിനക്കെല്ലാം ആഘോഷങ്ങൾ
ആയിരുന്നു...ദേശീയ അവാർഡ് കിട്ടിയ എന്നെ ചാലകുടിയിൽ വെച്ച് ആദരിച്ചത്
മൂന്ന് ആനകളുടെ അകമ്പടിയോടെ ആയിരുന്നു...22 വർഷത്തെ കലാഭവനിലെ
ദാരിദ്ര്യത്തിന്റെ നാളുകളിൽ തുടങ്ങിയ സൗഹൃദം....
ഇന്നലെ അമൃതയുടെ ഐ സി യുവിൽ വെച്ചുണ്ടാക്കിയ ശൂന്യത നികത്താൻ പറ്റില്ല മണി...
ഒരു മാർച്ച് മാസത്തിൽ കലാഭവന്റെ ടെമ്പോ വാനിൽ ഞാൻ നിന്നെയും കാത്തിരിന്നിട്ടുണ്ട്....നീയായിരുന്നു ഗ്രൂപ്പ് ലീഡർ ...അതായിരുന്നു നമ്മുടെ ആദ്യ സമാഗമം..അന്ന് നീ എന്നോട് പറഞ്ഞു " ഇവിടെ ഇപ്പോൾ വേണ്ടത് ഒരു കോമഡി ചെയ്യുന്ന മിമിക്രികാരനെ അല്ല....മ്യൂസിക് ചെയ്യുന്ന ഒരാളെയാണെന്ന്"....അന്നത്തെ പരിപാടി കഴിഞ്ഞു പിറ്റേന്ന് കലാഭവനിൽ എത്തിയ എന്നെ അവിടെ സ്ഥിരം അർട്ടിസ്റ്റ് ആക്കിയതും നിന്റെ വാക്കുകളുടെ ബലത്തിൽ മാത്രമായിരുന്നു..
കലാഭവന്റെ വാനിൽ ബാക്കിൽ ഉള്ള സീറ്റുകളെ നമ്മൾ
വിളിച്ചിരുന്ന പേരായിരുന്നു ' തെമ്മാടി കുഴി 'എന്ന്...അവിടെയായിരുന്നു
ഞാനും , സാജനും ഒക്കെ....ഒരു ബീഡി വലിക്കാൻ നീയുറങ്ങുന്നതും നോക്കി എത്രയോ
രാത്രികൾ ഞങ്ങൾ ഇരുന്നിട്ടുണ്ട്...
നീയിപ്പോഴും ഉറങ്ങുകയാണ്
മണി...ഇവിടെ പറവൂരിൽ ബീഡിയും വലിച്ചു ഞാൻ ഇരിക്കുകയാണ്..പക്ഷെ കലാഭവനിൽ
ചെന്ന് പരാതി പറയാൻ ഇന്ന് നീയില്ല...പരിപാടിക്ക് കിട്ടുന്ന കാശിൽ നിന്ന്
പിഴ ഈടാക്കാൻ ആബേലച്ചനും ഇല്ല...ഞാൻ സ്വസ്ഥമായി ഇരുന്ന് വലിക്കുകയാണ്....
എന്നേക്കാൾ രണ്ടു വയസ്സിനു ഇളയതാണ് നീ....പക്ഷേ എല്ലാ സീനിയോറിട്ടിയും തെറ്റിച്ചു നീയെന്നെ ഓവർ ടേക്ക് ചെയ്തു കളഞ്ഞു...
പറവൂരിൽ എനിക്ക് നൽകിയ പൗരസ്വീകരണത്തിന് വന്നപ്പോൾ ...എന്നെ ചേർത്ത് പിടിച്ചു പാടിയ ഒരു പാട്ടുണ്ട്.
" മിന്നാ മിനുങ്ങേ..മിന്നും മിനുങ്ങേ
എങ്ങോട്ടാണ് എങ്ങോട്ടാണ് ഈ യാത്ര
നീ തനിച്ചല്ലേ പേടിയാകില്ലേ
കൂട്ടിന്നു ഞാനും വന്നോട്ടെ "
പേടിക്കേണ്ട മണി...നീ തനിച്ചല്ല....പിന്നാലെ ഞങ്ങളൊക്കെ ഉണ്ട് ചങ്ങാതി.....