13 September, 2017 01:42:08 PM
ദിലീപിനായി കാക്കുന്നില്ല; രാമലീല 28ന് തീയേറ്ററുകളിലെത്തും
കൊച്ചി: ദിലീപിന്‍റെ അറസ്റ്റിനെ തുടർന്ന് റിലീസ് വൈകിയ ബിഗ് ബജറ്റ് ചിത്രം രാമലീല തീയറ്ററുകളിലേക്ക്. ദിലീപിന്‍റെ ജാമ്യാപേക്ഷ മൂന്നാമതും കോടതി തള്ളിയ സാഹചര്യത്തിൽ താരം പുറത്തിറങ്ങിയ ശേഷം സിനിമ റിലീസ് ചെയ്യാമെന്ന തീരുമാനം അണിയറക്കാർ ഉപേക്ഷിച്ചിരുന്നു. 14 കോടി മുതൽ മുടക്കിൽ ഒരുക്കിയിരിക്കുന്ന ചിത്രം സെപ്റ്റംബർ 28ന് ചിത്രം തീയറ്ററുകളിൽ എത്തിക്കാനാണ് തീരുമാനം. രാമലീല റിലീസ് ചെയ്യുന്നതിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർമാതാവ് ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലർ ചിത്രം നിർമിച്ചിരിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. ചിത്രം ജൂലൈ ആദ്യവാരമാണ് റിലീസ് ചെയ്യാനിരുന്നത്. എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ ആരോപണങ്ങൾ ഉയരുകയും പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതോടെ റിലീസ് നീട്ടി. പിന്നീട് ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായതോടെ ചിത്രത്തിന്‍റെ റിലീസ് പ്രതിസന്ധിയിലാവുകയായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചാൽ ഓണച്ചിത്രമായി രാമലീല തീയറ്ററുകളിൽ എത്തിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ജാമ്യം നിഷേധിച്ചതോടെ അത് നടന്നില്ല.
പിന്നീടാണ് നിർമാതാവും അണിയറക്കാരും ചേർന്ന് ദിലീപിന്‍റെ മോചനത്തിന് കാക്കാതെ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ചിത്രത്തിന്‍റെ ടീസറിന് വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. പൊളിറ്റിക്കൽ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സച്ചിയാണ്. വിജയരാഘവൻ, മുകേഷ്, കലാഭവൻ ഷോജോണ്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രയാഗ മാർട്ടിനാണ് ചിത്രത്തിലെ നായിക.
സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി പ്രദർശനത്തിനു തയാറായ സമയത്താണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ദിലീപിനെ അറസ്റ്റു ചെയ്തതെന്നും ഇതോടെ റിലീസിംഗ് മുടങ്ങിയെന്നും ഹർജിയിൽ പറയുന്നു. 14 കോടിയിലധികം രൂപ ചെലവിട്ടു നിർമിച്ച സിനിമയുടെ പ്രചാരണത്തിന് ഒരു കോടി രൂപയോളം മുടക്കികഴിഞ്ഞു.
ദിലീപ് അറസ്റ്റിലായതോടെ രാമലീല പ്രദർശിപ്പിച്ചാൽ തീയറ്ററുകൾക്കു നേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തിയറ്റർ ഉടമകൾ. ദിലീപ് അറസ്റ്റിലായി രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. കേസവസാനിക്കുന്നതു വരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വൻനഷ്ടമുണ്ടാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.